'മെൻസ'യിൽ ഇടം നേടി ധ്രുവ് പ്രവീൺ; മലയാളി വിദ്യാർഥിയുടെ നേട്ടത്തിന് കരുത്തായത് ‘ഉയർന്ന ഐക്യൂ’
Mail This Article
ലണ്ടൻ ∙ യുകെയിലെ സറ്റണിൽ നിന്നുള്ള ആറാം ക്ലാസ് വിദ്യാർഥി ധ്രുവ് പ്രവീൺ ലോകത്തിലെ ഉയർന്ന ബുദ്ധിമാന്മാരുടെ സംഘടനയായി അറിയപ്പെടുന്ന 'മെൻസ'യിൽ ഇടം നേടി. ഉയർന്ന ഐക്യൂ ഉള്ളവർക്ക് ഒരുമിച്ച് വരാനും അവരുടെ ബൗദ്ധിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് മെൻസ. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പരീക്ഷകൾ നടത്തുന്നു. ഇതുവരെ 1,40,000 അംഗങ്ങൾ മെൻസയുടെ പ്രവേശന പരീക്ഷയിൽ വിജയിച്ച് അംഗങ്ങളായിട്ടുണ്ട്.മെൻസയുടെ ഐക്യൂ പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ 2% പേരെ മാത്രമാണ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.
സൗത്ത് ലണ്ടനിലെ സറ്റണിൽ താമസിക്കുന്ന മലയാളി ദമ്പതികളായ നേവൽ ആർക്കിടെക്റ്റ് എസ്. പ്രവീൺ കുമാറും എൻഎച്ച്എസ് ഫിസിയോതെറാപ്പിസ്റ്റായ എം.പി. പ്രലീനയും മകൻ ധ്രുവ് പ്രവീണിന്‍റെ 'മെൻസ'യിൽ അംഗത്വം നേടിയതിൽ അഭിമാനിക്കുന്നു. ഏപ്രിൽ 17 ന് നടന്ന പ്രവേശന പരീക്ഷയിൽ 162 സ്കോർ നേടിയാണ് ധ്രുവ് ഈ അപൂർവ നേട്ടം കൈവരിച്ചത്. "മകന്‍റെ ഈ നേട്ടത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. " ധ്രുവിന്‍റെ പിതാവ് പ്രവീൺ കുമാർ പറഞ്ഞു.
സറ്റണിലെ റോബിൻ ഹുഡ് ജൂനിയർ സ്കൂളിൽ 6-ാം ക്ലാസ് വിദ്യാർഥിയാണ് ധ്രുവ്. 21 വർഷം മുൻപ് കേരളത്തിൽ നിന്ന് ലണ്ടനിലെത്തിയതാണ് ധ്രുവിന്‍റെ കുടുംബം. മകന്‍റെ കണക്കിലുള്ള മികവ് തിരിച്ചറിഞ്ഞ പിതാവ് പ്രവീൺകുമാർ ഇംഗ്ലിഷ് മാധ്യമങ്ങളിലൂടെയാണ് മെൻസയെ കുറിച്ച് അറിഞ്ഞതും മകനെ പരീക്ഷക്കായി ഒരുക്കിയതും. എറണാകുളം ഇടപ്പള്ളി മണിമല റോഡ് സ്വദേശികളാണ് ധ്രുവിന്‍റെ മാതാപിതാക്കൾ. മികച്ച നേട്ടം കരസ്ഥമാക്കിയ ധ്രുവിനെ കുറിച്ച് ബിബിസി ഉൾപ്പടെയുള്ള ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങൾ വാർത്തകൾ ചെയ്തു. ഏക സഹോദരി ദേവിക പ്രവീൺ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്.