അയര്‍ലൻഡിൽ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാക്കുന്നു; ലൈസന്‍സ് ഇനി സ്മാർട്ഫോണിൽ
Mail This Article
ഡബ്ലിന്‍∙ അയര്‍ലൻഡിൽ ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലാകുന്നു. 2024 അവസാനത്തോടെ ഡ്രൈവിങ് ലൈസന്‍സ് സ്മാർട്ഫോണില്‍ എത്തുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ സര്‍ക്കാരും ഗതാഗത വകുപ്പുദ്യോഗസഥരും ഡിജിറ്റല്‍ സംവിധാനം പരീക്ഷിച്ചുവരികയാണ്. ഡ്രൈവര്‍മാര്‍ക്ക് പ്ലാസ്റ്റിക് ക്രെഡിറ്റ് കാര്‍ഡ് രൂപത്തിൽ നിലവിൽ തുടരുന്ന ലൈസന്‍സിന് അപേക്ഷിക്കാനുള്ള ഓപ്ഷനും തുടരും. ഡിജിറ്റല്‍ ലൈസന്‍സ് ഓപ്ട് ചെയ്യുന്നവര്‍ക്ക് അത് അവരുടെ ഫോണിലെ ഒരു വാലറ്റ് ആപ്പില്‍ സംഭരിക്കാം.
ഒറിജിനല്‍ ഫിസിക്കല്‍ ലൈസന്‍സ് വീട്ടില്‍ തന്നെ സൂക്ഷിക്കാനുമാകും. അയര്‍ലൻഡിലെ പൊലീസ് സേനയായ ഗാർഡയുടെ ആവശ്യപ്രകാരം ലൈസന്‍സ് കാണിക്കാനാകാത്തത് കുറ്റകരമാണ്. അങ്ങനെ വന്നാല്‍ 10 ദിവസത്തിനകം ലൈസന്‍സ് ഗാര്‍ഡ സ്റ്റേഷനില്‍ ഹാജരാക്കണം. ഫെബ്രുവരിയില്‍ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായ ഫ്രാന്‍സിൽ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഐറിഷ് സർക്കാരും ഇത്തരം ഒരു നീക്കത്തിന് തയ്യാറെടുക്കുന്നത്.