ദുബായ് രണ്ടാം വീട്, പ്രവാസികൾ അന്നു മുതൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആൾ; ‘ലാലേട്ടന്‍റെ’ ജന്മദിന ആവേശത്തിൽ പ്രവാസ ലോകം
Mail This Article
ദുബായ്∙ ഗൾഫിലേക്കെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ലോഞ്ചിൽ കയറിയ ദാസനും വിജയനും എത്തപ്പെട്ടത് മദ്രാസിലാണെങ്കിലും, പ്രവാസികൾ അന്നുമുതൽ ‘ലാലേട്ടനെ’ അവരിലൊരാളായി ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് റിലീസായ കാലം മുതൽ (1987) മോഹൻലാലും (ദാസൻ) ശ്രീനിവാസനും (വിജയൻ) അവതരിപ്പിച്ച കഥാപാത്രങ്ങൾ ഗൾഫിലെ മലയാളം സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കി.
പിന്നീട് മോഹൻലാൽ എത്രയോ ചിത്രങ്ങളിൽ ഗൾഫ് പ്രവാസിയായി വേഷമിട്ടു. വരവേൽപ്, അയാൾ കഥയെഴുതുകയാണ്, മാമ്പഴക്കാലം, അറബീം ഒട്ടകോം പിന്നെ പി മാധവൻനായരും, കാസിനോവ, രസം തുടങ്ങിയ ചിത്രങ്ങൾ അതിൽ ഉൾപ്പെടുന്നു. ഒരുപക്ഷേ, ഏറ്റവും കൂടുതൽ പ്രവാസി വേഷങ്ങൾ ചെയ്ത നടനും മോഹൻലാൽ തന്നെയായിരിക്കാം. മോഹൻലാലിന്‍റെ ഗൾഫ് പ്രവാസി വേഷങ്ങൾ ഓരോന്നും വ്യത്യസ്തമായിരുന്നു. ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ഓർമ്മയിൽ നിൽക്കുന്നു. നാടോടിക്കാറ്റിലെ ദാസൻ മുതൽ രസത്തിലെ ഖലീഫ വരെ, ഓരോ കഥാപാത്രവും പ്രവാസ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങൾ വെളിപ്പെടുത്തി.
നീണ്ട ഏഴ് വർഷത്തെ ഗൾഫ് ജീവിതത്തിലൂടെ കഠിനാധ്വാനം ചെയ്ത് നാട്ടിൽ തിരിച്ചെത്തി ബസ് വാങ്ങി ജീവിതം പുനരാരംഭിക്കാൻ ശ്രമിക്കുന്ന മുരളി, സത്യൻ അന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ടിൽ 1989ൽ പുറത്തിറങ്ങിയ വരവേൽപ്പിലെ കഥാപാത്രവും കമൽ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ 'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രത്തിലെ ഗൾഫിൽ നിന്ന് തിരിച്ചുവരുന്ന പൈങ്കിളി നോവലിസ്റ്റായ സാഗർ കോട്ടപ്പുറവും, ജോഷി–ടി.എ.ഷാഹിദ് എന്നിവർ 2004ൽ അണിയച്ചൊരുക്കിയ 'മാമ്പഴക്കാലം' എന്ന ചിത്രത്തിലെ അബുദാബിയിലെ ബിസിനസുകാരൻ പുരമനയിൽ ചന്ദ്രനും 2011ൽ അഭിലാഷ് നായരുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത 'അറബീം ഒട്ടകോം പിന്നെ മാധവൻനായരും' എന്ന ചിത്രത്തിലെ പുത്തൻപുരയ്ക്കൽ മാധവൻനായരും ദുബായിൽ ചിത്രീകരിച്ച് 2012 ൽ റിലീസായ റോഷൻ ആൻഡ്രൂസ്–ബോബി സഞ്ജയ് ചിത്രമായ 'കാസിനോവ' എന്ന ചിത്രത്തിലെ മൾട്ടിമില്യനയർ, രാജീവ്നാഥ്–നെടുമുടി വേണു ടീം ഖത്തറിൽ ചിത്രീകരിച്ച് 2015ൽ പുറത്തിറങ്ങിയ 'രസം' എന്ന ചിത്രത്തിലെ കാമിയോ റോൾ എന്നിവയും മോഹൻലാലിനെ പ്രവാസികളുടെ മനസിൽ കുടിയിരുത്തി.
∙ മോഹൻലാൽ ഫാൻസ് അസോസിയേഷൻ
മോഹൻലാലിന് ഗൾഫിൽ എല്ലായിടത്തും ഫാൻസ് അസോസിയേഷനുകളുണ്ട്. പ്രത്യേകിച്ച് യുഎഇയിൽ അവർ വളരെ സജീവവുമാണ്. ഓരോ ലാലേട്ടൻ ചിത്രവും യുഎഇയിൽ റിലീസാകുമ്പോൾ തിയറ്ററുകളിൽ ഫാൻസ് ഷോ വച്ച് ആഘോഷിക്കുന്നു. നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഫാൻസ് അസോസിയേഷനുകൾ മുന്നിൽത്തന്നെ. പുലിമുരുകനാണ് യുഎഇ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം. സ്വാഭാവികമായും വൻ നേട്ടമാണ് ഓരോ ലാൽ ചിത്രങ്ങളും ഇവിടെ നിന്ന് സ്വന്തമാക്കുന്നത്. പ്രിയ താരത്തിന്‍റെ ഓരോ ജന്മദിനവും അവർ തങ്ങളുടേതാക്കി മാറ്റുന്നു.ലാലേട്ടൻ 64–ാം ജന്മദിനമാഘോഷിക്കുമ്പോൾ (മേയ്21ന് ) അതിവിടെയും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
∙ ഗൾഫിനെയും പ്രവാസികളെയും സ്നേഹിക്കുന്ന മോഹൻലാൽ
സിനിമകളിലൂടെ മാത്രമല്ല, സ്റ്റേജ് ഷോകളിലൂടെയും ഒരു കാലത്ത് മോഹൻലാൽ പ്രവാസികളുടെ ഇടയിൽ നിറഞ്ഞുനിന്നു. ദുബായ് അൽ നാസർ ലെഷർലാൻഡിലെ വലിയ വേദിയിൽ സൂപ്പർതാരത്തെ കാണുമ്പോഴുയർന്നിരുന്ന ആരവം ഇന്നും അവിടെ അലയടിക്കുന്നതായി തോന്നും.
മോഹൻലാലിനോട് പ്രവാസികൾക്കും അദ്ദേഹത്തിന് തിരിച്ചും ഇഷ്ടംകൂടിക്കൂടി വരികയായിരുന്നു. ആ വിശ്വാസത്തിലായിരിക്കാം 2001ൽ ദുബായ് കരാമയിൽ മോഹൻലാൽ ടേസ്റ്റ് ബഡ്സ് എന്ന പേരിൽ റസ്റ്ററന്‍റ് തുറന്നത്. മലയാളത്തിലെ സൂപ്പർതാരം ദുബായിൽ ബിസിനസ് രംഗത്തേയ്ക്ക് എന്ന വാർത്ത ഇംഗ്ലിഷ് പത്രങ്ങളിൽ പോലും ഇടംപിടിച്ചു. മോഹൻലാലിന്‍റെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകൻ സാബു സിറിലായിരുന്നു റസ്റ്ററന്‍റ് ഡിസൈൻ ചെയ്തത്. പക്ഷേ, മലയാളി ഭക്ഷണം ലഭിക്കുന്ന റസ്റ്ററന്‍റുകൾ ഇന്ന് കാണുന്നത്ര സജീവമല്ലാതിരുന്നിട്ടും, വൈകാതെ അതിന്‍റെ പ്രവർത്തനം നിലച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ ബിസിനസ് പങ്കാളി ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിർവാദ് ഫിലിംസിന്‍റെ ഓഫിസ് ദുബായിൽ തുറന്നു. ദുബായില്‍ വന്‍ ബിസിനസ് സാമ്രാജ്യമുള്ള മോഹന്‍ലാല്‍ മാസത്തിലൊരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കാറുണ്ട്. കുറച്ചുകാലം മുൻപ് ദുബായില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സും മോഹന്‍ലാല്‍ നേടിയിരുന്നു. യുഎഇ കലാപ്രതിഭകളെ ആദരിക്കുന്നതിന്‍റെ ഭാഗമായി നൽകുന്ന ഗോൾഡൻ വീസ അദ്ദേഹത്തിന് ലഭിച്ചത് 2021 ഓഗസ്റ്റിലാണ്.
∙ ബുർജ് ഖലീഫയുടെ ഉയരത്തിൽ ഫ്ലാറ്റും ആഡംബര വീടും
ഹോളിവുഡിലേയും ബോളിവുഡിലേയും അഭിനേതാക്കളെ പോലെ മോഹൻലാലും ദുബായിയെ രണ്ടാം വീടായി കണ്ട് ഏറെ ഇഷ്ടപ്പെടുന്നു. അതേക്കുറിച്ചു മോഹൻലാൽ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ് : കിട്ടുന്ന സമയം പറ്റുന്നത്ര യാത്ര ചെയ്യുക, പുതിയ സ്ഥലങ്ങൾ കാണുക. ജീവിതം വളരെ കുറച്ച് സമയമയേള്ളൂ എന്ന് കരുതുന്നയാളാണ് ഞാൻ. അത് നന്നായി ആസ്വദിക്കുന്നു. ഒരിക്കൽ ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിൽ മോഹൻലാലിനോടൊപ്പം യാത്ര ചെയ്യുന്ന വിഡിയോ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയുണ്ടായി.
മോഹൻലാലിന്‍റെ തന്നെ അക്കരെയക്കരെക്കരെ എന്ന ചിത്രത്തിലെ സ്വർഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ എന്ന ഗാന പശ്ചാത്തലത്തിലായിരുന്നു വിഡിയോ. അതെ, മോഹൻലാൽ ദുബായിയെ സ്വർഗതുല്യമായി കാണുന്നതുകൊണ്ടായിരിക്കാം, വർണപ്പൊലിമയുള്ള ഈ വലിയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിൽ ഫ്ലാറ്റും പിന്നീട് ആഡംബര വീടും സ്വന്തമാക്കിയത്. 163 നിലകളുള്ള ബുർജ് ഖലീഫയുടെ 29–ാം നിലയിലാണ് ഫ്ലാറ്റ്. ഇതിന് 10 കോടിയോളം രൂപയാണ് വിലയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അറബീം ഒട്ടകോം പി മാധവൻനായരും എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് ദുബായിലെത്തിയപ്പോഴായിരുന്നു ഫ്ലാറ്റിന്‍റെ കടലാസുപണികൾ പൂര്‍ത്തിയാക്കിയത്. കൂടാതെ, കാസിനോവ എന്ന ചിത്രത്തിന്‍റെ കുറേ രംഗങ്ങളും ഇവിടെ ചിത്രീകരിച്ചു.
പ്രവാസി ബിസിനസുകാരൻ രവി പിള്ളയുടെ ആർപി ഗ്ലോബലിന്‍റെ ഭാഗമായുള്ള ദുബായിലെ ആഡംബര കേന്ദ്രമായ ഡൗൺടൗണിലെ ആർപി ഹൈറ്റ്സിലാണ് 2020ൽ മോഹൻലാൽ അടിപൊളി വില്ല സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്സുകളിലൊന്നായ ദുബായ് മാളിന് അടുത്താണ് ഈ സ്ഥലം. 1.3 ബില്യൻ ദിര്‍ഹം(ഏതാണ്ട് 2.6 കോടി രൂപ) ആണ് ആര്‍പി ഹൈറ്റ്‌സിലെ ഏറ്റവും കുറഞ്ഞ വില. ഇത് കൂടാതെ ഇന്‍റീരിയര്‍ ഡിസൈനിങ്ങും മറ്റുമൊക്കെ വാങ്ങുന്നവർ തന്നെ ഒരുക്കണം. അതിന് ലക്ഷങ്ങളും കോടികളും ആയേക്കും. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ വസതിയുടെ വില ഊഹിച്ചെടുക്കാനാവില്ല.
കഴിഞ്ഞ ജനുവരിയിലാണ് മോഹൻലാൽ പുതിയ ചിത്രമായ മലൈക്കോട്ടൈ വാലിബന്‍റെ റിലീസുമായി ബന്ധപ്പെട്ട് ദുബായിലെത്തിയത്. അന്ന് ദുബായിലെ തിയറ്ററിലിരുന്ന് പ്രേക്ഷകരോടപ്പം അദ്ദേഹം സിനിമ കണ്ടു. പ്രിയ ലാലേട്ടാ, താങ്കൾ എന്നെന്നും ഓർക്കാനായി സമ്മാനിച്ച എണ്ണിയാലൊടുങ്ങാത്ത സിനിമകൾ മാത്രം മതി അങ്ങയോടുള്ള സ്നേഹം എന്നും കാത്തുസൂക്ഷിക്കാൻ. ഇന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മലയാളികൾ ഏറ്റവും കൂടുതൽ കണ്ടാസ്വദിക്കുന്ന പഴയ സിനിമകൾ താങ്കളുടേതാണ്. കാത്തിരിക്കുന്നു, ലാലേട്ടന്‍റെ കൈയൊപ്പു പതിഞ്ഞ ബാറോസ് എന്ന വിസ്മയ ചിത്രത്തിനായി. മലയാളികളുടെ സ്വന്തം ലാലേട്ടന് ഞങ്ങൾ, പ്രവാസികളുടെ ജന്മദിനാശംസകൾ.