തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് കാതോർത്ത് യുകെ മലയാളികളും; മിക്കയിടങ്ങളിലും പുലർച്ചെ 3 മുതൽ ബിഗ്സ്ക്രീൻ പ്രദർശനവും ചർച്ചയും
Mail This Article
ലണ്ടൻ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ നടക്കും. സ്വദേശികൾക്കൊപ്പം ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരും തിരഞ്ഞെടുപ്പ് ഫലമറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് വിദേശ രാജ്യങ്ങളും നോക്കിക്കാണുന്നത്. യുകെയിലും മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ ആകാംഷയിലും ആവേശത്തിലുമാണ്.
മിക്കയിടങ്ങളിലും വിവിധ ചാനലുകളിലെ തിരഞ്ഞെടുപ്പ് ഫല അവലോകനം തത്സമയസംപ്രേഷണം ബിഗ്സ്‌ക്രീനിൽ കാണുവാൻ വിവിധ സംഘടനകളും സൗഹൃദ കൂട്ടായ്മകളും അവസരം ഒരുക്കിയിട്ടുണ്ട്. മിക്ക ഇടങ്ങളിലും വിവിധ രാഷ്ട്രീയ അനുഭാവം ഉള്ള സുഹൃത്തുക്കൾ ഒരുമിച്ചിരുന്നു ടിവി കാണാനുള്ള ഒരുക്കങ്ങളും നടത്തി വരുന്നു.
യുകെ സമയം അതി രാവിലെ 3 മണി മുതൽ തിരഞ്ഞെടുപ്പ് ഫല സൂചനകൾ വന്നു തുടങ്ങും. ഇതിനായി മിക്കവരും അവധിയെടുത്താണ് കാത്തിരിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ സർക്കാരിനെ നയിക്കുമെന്ന് പ്രവചിക്കുന്നുവെങ്കിലും അട്ടിമറി പ്രതീക്ഷിക്കുന്നവരും കുറവല്ല. പ്രവാസി വോട്ടവകാശം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് യുകെ മലയാളികൾ അടക്കമുള്ള പ്രവാസി ലോകം ഉറ്റുനോക്കുന്നത്. നിരവധി പ്രവാസികളെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഫ്ലൈറ്റ് ചാർജ് വരെ നൽകി നാട്ടിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും വാർത്തയായിരുന്നു. ഗൾഫ് നാടുകളിലെ പ്രവാസികളെയാണ് കൂടുതലും ഈ വിധത്തിൽ നാട്ടിലെത്തിച്ചത്. ഇന്ത്യക്കാരുടെ പുതിയ ഭരണാധികാരി ആരായിരിക്കും എന്നറിയാൻ ലോകരാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.