നിർബന്ധിത സൈനിക സേവനം, കുടിയേറ്റ നിയന്ത്രണം; വാഗ്ദാനങ്ങളുമായി ടോറികളുടെ പ്രകടന പത്രിക
Mail This Article
ലണ്ടൻ ∙ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി കൺസർവേറ്റീവിന്റെ (ടോറി) പ്രകടന പത്രിക. ഇലക്ഷന് ഒരുമാസം മാത്രം ബാക്കി നിൽക്കെ അഭിപ്രായ സർവേകളെല്ലാം ടോറികൾക്ക് എതിരാണ്. ഇതിനെ മറികടക്കാൻ ഉതകുന്ന മോഹന വാഗ്ദാനങ്ങളാണ് ടോറികൾ പ്രകടന പത്രികയിൽ അവതരിപ്പിക്കുന്നത്. പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ ഋഷി സുനകാണ് ഇന്നലെ പാർട്ടിയുടെ പുതിയ നയപരിപാടികൾ പ്രഖ്യാപിച്ചത്.
പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ 2027 ആകുമ്പോഴേക്കും നാഷണൽ ഇൻഷുറൻസ് രണ്ടു പെൻസ് കുറയ്ക്കും. നേരത്തെ 12 പെൻസായിരുന്ന എൻ.ഐ. ടാക്സ് കഴിഞ്ഞവർഷം സർക്കാർ 11 പെൻസായി കുറച്ചിരുന്നു. സാധാരണക്കാരന് പ്രതിവർഷം ഏകദേശം അഞ്ഞൂറു പൗണ്ടോളം നികുതി ഇളവ് ലഭിക്കുന്ന തീരുമാനമായിരുന്നു ഇത്. ഇനിയും രണ്ട് പെൻസിന്റെ ഇളവ് വന്നാൽ അത് നികുതിയിനത്തിൽ ആയിരം പൗണ്ടിന്റെ ആശ്വാസമാകും നൽകുക. സ്വയം തൊഴിൽ സംരംഭകരുടെ നാഷനൽ ഇൻഷുറൻസിന്റെ മെയിൻ റേറ്റ് ഘട്ടങ്ങളായി ഇല്ലാതാക്കുമെന്നും വാഗ്ദാനമുണ്ട്.
ആദ്യമായി വീടു വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ കൂടുതൽ ഇളവുകൾ നൽകും. 425,000 പൗണ്ടുവരെ വിലയുള്ള വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി സമ്പൂർണമായി ഒഴിവാക്കാനാണ് നിർദേശമുള്ളത്. കൂടുതൽ പേർക്ക് വീടുകൾ വാങ്ങാൻ ഉപകരിക്കുന്ന പുതിയ ഹെൽപ് ടു ബൈ സ്കീം പുനരാരംഭിക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനമുണ്ട്. ഇതിന്റെ ഭാഗമായി 1.6 മില്യൻ പുതിയ വീടുകളാണ് പദ്ധതിയിലുള്ളത്.
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. അഭയാർഥികളെ റുവാണ്ടയിലേക്ക് അയക്കാനുള്ള പദ്ധതി വിപുലപ്പെടുത്തി, കൂടുതൽ വിമാനങ്ങളിൽ ഇവരെ നാടുകടത്തും. വർക്ക് ആൻഡ് ഫാമിലി വീസകൾ നിയന്ത്രിച്ച് മൈഗ്രേഷൻ റേറ്റ് നിയന്ത്രിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
എൻഎച്ച്എസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കൂടുതൽ തുക വകയിരുത്തും. പ്രവർത്തനക്ഷമത വർധിപ്പിക്കാനായി കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യും. 18 വയസ്സ് പൂർത്തിയാകുന്നവർക്കുള്ള നിർബന്ധിത സൈനിക - ദേശീയ സേവനം, 100,000 പുതിയ അപ്രന്റീസ്ഷിപ്പുകൾ, പ്രതിരോധ ചെലവിൽ 2.5 ശതമാനം വർധന, പെൻഷൻകാർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന ‘ട്രിപ്പിൾ ലോക്ക് പ്ലസ്’പദ്ധതി എന്നിവയാണ് ടോറി വാഗ്ദാനങ്ങളിലെ മറ്റ് പ്രധാനപ്പട്ട ഇനങ്ങൾ.
മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി നാളെയാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്.