മൂന്നു മണിക്കൂറിൽ ട്രെയിനിലെത്താവുന്ന ദൂരത്തേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുമെന്ന് ഗ്രീൻ പാർട്ടി
Mail This Article
ലണ്ടൻ ∙ ഭരണ-പ്രതിപക്ഷ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കാൻ മോഹന വാഗ്ദാനങ്ങൾ നൽകുമ്പോൾ പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നയിക്കുന്ന വാഗ്ദാനങ്ങളിൽ ഉറച്ചു നിൽക്കുകയാണ് ബ്രിട്ടനിലെ ഗ്രീൻ പാർട്ടി. പ്രധാനമായും അന്തരീക്ഷ മലീനീകരണത്തിനെതിരേ നിലപാട് സ്വീകരിക്കുന്ന പരിസ്ഥിതി വാദികളായ ഗ്രീൻ പാർട്ടി ഇന്നലെ പുറത്തിറക്കിയ പ്രകടനപത്രികയിലും ഇത് വ്യക്തമായി.
മൂന്നു മണിക്കൂറിനുള്ളിൽ ട്രെയിനിലോ ബസിലോ എത്താവുന്ന ദൂരത്തേക്കുള്ള ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ റദ്ദാക്കുമെന്നാണ് ഗ്രീൻ പാർട്ടിയുടെ വാഗ്ദാനം. കാർബൺ ബഹിർഗമനം മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. പ്രതിമാസം 18,500 വിമാനസർവീസുകളാണ് ഇത്തരത്തിൽ ബ്രിട്ടനുള്ളിൽ നടക്കുന്നത്. കഴിഞ്ഞവർഷം ഫ്രാൻസിൽ സമാനമായ നിയമം നടപ്പിലാക്കിയിരുന്നു. ഇതു മാതൃകയാക്കിയാണ് ഗ്രീൻ പാർട്ടിയുടെ നടപടി.
പത്തു ദശലക്ഷം പൗണ്ടിനു മുകളിൽ വരുന്ന ആസ്തികൾക്ക് ഒരു ശതമാനം വെൽത്ത് ടാക്സ് ഏർപ്പെടുത്തുമെന്നതാണ് ഗ്രീൻ പാർട്ടിയുടെ മറ്റൊരു വാഗ്ദാനം. 50,270 പൗണ്ടിനു മുകളിൽ വരുമാനമുള്ളവരുടെ നാഷനൽ ഇൻഷുറൻസ് എട്ടു ശതമാനമായി വർധിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. പാർലമെന്റിലെ പ്രാതിനിധ്യം നിലവിൽ ഒരാളിൽ ഒതുങ്ങുന്നു എങ്കിലും ഇംഗ്ലണ്ടിലും വെയിൽസിലും എല്ലാ മണ്ഡലങ്ങളിലും ഏകദേശം പത്തുശതമാനത്തിനടുത്ത് വോട്ടുവിഹിതമുള്ള പാർട്ടിയാണ് ഗ്രീൻ പാർട്ടി. പ്രാദേശിക തിരഞ്ഞെടുപ്പിൽ 800 കൗൺസിലർമാരെയും ലണ്ടൻ നഗരത്തിൽ മൂന്ന് അസംബ്ലി മെംബർമാരെയുമാണ് പാർട്ടിക്ക് ലഭിച്ചത്.