ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി മുഖ്യ പ്രതിപക്ഷ പാർട്ടിയായ ലേബറിന്റെ പ്രകടനപത്രിക. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാൻ നിരത്തുകളിൽ കൂടുതൽ പൊലീസ് സാന്നിധ്യം, ക്രിമനലുകളെ കൂടുതൽ കാലം തടവിൽ പാർപ്പിക്കാൻ കൂടുതൽ ജയിൽ സൗകര്യം, 15 ലക്ഷം പുതിയ വീടുകൾ തുടങ്ങി സാധാരണ ജനത്തെ സ്വാധീനിക്കാനുതകുന്ന വാഗ്ദാനങ്ങളുടെ കലവറയാണ് ലേബറിന്റെ പ്രകടന പത്രിക. യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ 16 –ാം വയസ്സിൽ വോട്ടവകാശമെന്ന വിപ്ലവകരമായ നിർദേശവും ലേബർ പാർട്ടി മുന്നോട്ടുവയ്ക്കുന്നു. ആദായ, മൂല്യവർധിത നികുതികൾ നാഷനൽ ഇൻഷുറൻസ് എന്നിവ ഒന്നും വർധനയില്ലാത്ത അഞ്ചുവർഷക്കാലം ഉറപ്പുനൽകിക്കൊണ്ടാണ് ലേബർ പാർട്ടി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. 

പ്രശസ്തിക്കുവേണ്ടിയുള്ള അടവുകൾ അവസാനിപ്പിച്ച് സ്ഥിരതയാർന്ന ഭരണം ഉറപ്പുനൽകുകയാണ് ലേബർ പാർട്ടിയെന്ന് പാർട്ടി ലീഡർ സർ കീത്ത് സ്റ്റാമർ പറഞ്ഞു. സാമ്പത്തിക ഭദ്രതയും വികസനവും ഉറപ്പുവരുത്തി ബ്രിട്ടനെ പുനർനിർമിക്കുമെന്നാണ് ലേബറിന്റെ വാഗ്ദാനം. ആദ്യമായി പത്തുലക്ഷം കുഴികളടച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കും. പ്രൈമറി സ്കൂളുകളിലെ ഫ്രീ ബ്രേക്ക്ഫാസ്റ്റ്, പുതിയ സി.ടി സ്കാനറുകളും എക്ട്രാ ഡെന്റൽ അപ്പോയ്ന്റ്മെന്റുകളും സാധ്യമാക്കാൻ എൻഎച്ച്എസിന് 1.6 ബില്യൻ ധനസഹായം, 8,500 പുതിയ മെന്റൽ ഹെൽത്ത് സ്റ്റാഫിന്റെ നിയമനം, പീഡന കേസുകൾ കൈകാര്യം ചെയ്യാൻ മാത്രം പുതിയ 80 കോടതികൾ, 16 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്ക് വാങ്ങാനുള്ള നിയന്ത്രണം, പുതിയ തലമുറയ്ക്കുള്ള സിഗരറ്റ് നിരോധനം തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. 

പ്രതിവർഷം ഏഴു ലക്ഷം അധികം ഡന്റൽ അപ്പോയ്ന്റ്മെന്റുകൾ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് പാർട്ടി വിഭാവനം ചെയ്യുന്നത്. ഇതിനായി പുതിയ റിക്രൂട്ട്മെന്റുകൾ ഉൾപ്പെടെ നടത്തും. പ്രൈവറ്റ് സ്കൂളുകൾക്ക് നിലവിലുള്ള വാറ്റ് ഇളവും ബിസിനസ് റേറ്റ് ഇളവുകളും റദ്ദാക്കും. ബ്രിട്ടനിൽ താമസിക്കുന്ന വിദേശികൾക്ക് വിദേശത്തെ വരുമാനത്തിന് ഏർപ്പെടുത്തിയിരുന്ന 14 വർഷത്തെ നികുതി ഇളവുകളിൽ മാറ്റം വരുത്തും. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനും സേവന വ്യവസ്ഥകൾ പാലിക്കപ്പെടാനും സീറോ അവർ കോൺട്രാക്ട് ഉൾപ്പെടെയുള്ളവയിൽ മാറ്റങ്ങൾ വരുത്തും. ലോക്കൽ ക്രൈമുകൾ തടയാൻ പുതിതായി 13,000 പൊലീസുകാരുടെ സേവനം പ്രയോജനപ്പെടുത്തും. ജയിലുകളുടെ എണ്ണം വർധിപ്പിച്ച് 12,000 പേരേക്കൂടി പുതുതായി പാർപ്പിക്കാൻ സൗകര്യമൊരുക്കും. 

അഞ്ചുവർഷംകൊണ്ട് 15ലക്ഷം പുതിയ വീടുകൾ പണിയാനാണ് ലേബർ പാർട്ടി ലക്ഷ്യമിടുന്നത്. പുതിയ തലമുറയ്ക്ക് യോജിച്ച ടൗൺഷിപ്പുകളുടെ പ്രോജക്ടും രാജ്യത്തൊട്ടാകെ നടപ്പാക്കും. ഫുട്ബോൾ ക്ലബുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ പുതിയ ഫുട്ബോൾ ഗവേണൻസ് ബില്ല് അവതരിപ്പിക്കും. ഒരു കാരണവശാലും യൂറോപ്യൻ യൂണിയനിലേക്ക് തിരിച്ചുപോക്കില്ലെന്നും യൂറോപ്യൻ ഏകീകൃത മാർക്കറ്റിന്റെ ഭാഗമാകാനില്ലെന്നും ലേബർ പ്രകടനപത്രിക വോട്ടർമാർക്ക് ഉറപ്പു നൽകുന്നു. 

English Summary:

Labour Party Manifesto 2024: Keir Starmer’s Election Promises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com