പണപ്പെരുപ്പം രണ്ടുശതമാനത്തിൽ എത്തിയിട്ടും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
Mail This Article
ലണ്ടൻ ∙ പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ എത്തിയിട്ടും പലിശനിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറായില്ല. ഇന്നുചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ ഏഴാം സിറ്റിങ്ങിലും പലിശനിരക്ക് അതേപടി നിലനിർത്താൻ തന്നെ തീരുമാനിച്ചു. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പലിശ കുറയ്ക്കാൻ സാഹചര്യമുണ്ടായിട്ടും തൽകാലം അത് വേണ്ടന്നു വയ്ക്കാൻ കമ്മിറ്റി തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ബാങ്കിന്റെ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് മിനിറ്റ്സിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതു തന്നെയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഓഗസ്റ്റിൽ ചേരുന്ന അടുത്ത മോണിറ്ററി പോളിസി കമ്മിറ്റിയിൽ പലിശ കുറയ്ക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
ബ്രിട്ടനിൽ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവർഷത്തിനിടെ ആദ്യമായാണ് ഈ മാസം രണ്ടു ശതമാനത്തിൽ എത്തിയത്. കഴിഞ്ഞ മാസം 2.3 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്കാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കിൽ രണ്ടുശതമാനത്തിൽ എത്തിയത്. പലിശനിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ടിരുന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തിച്ചേർന്നതിന്റെ ആശ്വസത്തിലായിരുന്നു ബ്രിട്ടനിലെ വീട് ഉടമകളും വീടു വാങ്ങാൻ കാത്തിരിക്കുന്നവരും. എന്നാൽ ഇന്നത്തെ യോഗത്തിലും ആ തീരുമാനം ഉണ്ടാകാതിരുന്നത് ലക്ഷക്കണക്കിന് ആളുകളെയാണ് നിരാശപ്പെടുത്തിയത്.
പണപ്പെരുപ്പ നിരക്ക് സ്ഥരിമായി രണ്ടശതമാനത്തിനടുത്ത് നിലനിൽക്കുന്ന സാഹചര്യമുണ്ടായാലേ പലിശനിരക്കിൽ കുറവു വരുത്താനാകൂ എന്ന നിലപാടിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇൻഫ്ലേഷനിലെ ഈ സ്ഥിരത ഉറപ്പുവരുത്തിയശേഷം വേനൽകാലത്തിന്റെ മധ്യത്തിലോ അവസാനത്തിലോ പലിശനിരക്കിൽ കുറവു വരുത്തുമെന്നായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകിയിരുന്നത്.
2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വർഷത്തെ റിക്കോർഡ് ഭേദിച്ച് 11.1 ശതമാനത്തിൽ എത്തിയത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ സീമകളും ലംഘിച്ച് മുന്നേറാൻ കാരണമായത്. ഇതിനെ നേരിടാൻ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കിൽ എത്തിച്ചു. ഇതോടെ മോർഗേജിലും മറ്റു വായ്പകളിലും പലിശനൽകി വലയുന്ന സ്ഥിതിയിലായി ബ്രിട്ടനിലെ ജനങ്ങൾ.