ADVERTISEMENT

ആംസ്റ്റര്‍ഡാം ∙ യുഎസ് - യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പുതിയ മേധാവിയായി നെതര്‍ലന്‍ഡ്സിന്റെ ആക്റ്റിങ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഒക്ടോബറില്‍ യെന്‍സ് സ്റേറാള്‍ട്ടന്‍ബര്‍ഗിന്റെ കാലാവധി കഴിയുന്ന ഒഴിവിലാണ് നിയമനം.

സഖ്യരാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ ചര്‍ച്ചയിലാണ് റുട്ടെയുടെ പേര് അന്തിമ പരിഗണനയിലെത്തിയത്. പതിമൂന്ന് വര്‍ഷം ഡച്ച് പ്രധാനമന്ത്രിയായി തുടര്‍ന്ന റുട്ടെ, 2023 ജൂലൈയിലാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണെന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുകയാണെന്നും പ്രഖ്യാപിച്ചത്. നെതര്‍ലന്‍ഡ്സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ് റുട്ടെ.

ലിബറല്‍ കണ്‍സര്‍വേറ്റീവ് രാഷ്ട്രീയക്കാരനായ റുട്ടെ അഭയാര്‍ഥികളോടു സ്വീകരിച്ച ഉദാര സമീപനം കാരണം സഖ്യകക്ഷികള്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചിരുന്നു. ഇതെത്തുടര്‍ന്നു നടത്തിയ ഇടക്കാല തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ തോവ് ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍, മുന്നണി രൂപീകരിച്ച് സര്‍ക്കാരുണ്ടാന്‍ വൈല്‍ഡേഴ്സിനു ഇതുവരെ സാധിക്കാത്തതിനാല്‍ റുട്ടെ തന്നെ കാവല്‍ പ്രധാനമന്ത്രിയായി തുടരുകയാണ്.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ നാറ്റോ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. വിവിധ രാഷ്ട്രത്തലവന്‍മാരുമായി ഇതെക്കുറിച്ച് സംസാരിക്കുകയും യുഎസിന്റെ പിന്തുണ അടക്കം ഉറപ്പാക്കുകയും ചെയ്തിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി നല്ല ബന്ധത്തില്‍ അല്ലാതിരുന്നിട്ടും അല്‍പ്പം സമയമെടുത്ത് അദ്ദേഹത്തിന്റെ പിന്തുണയും ആര്‍ജിച്ചു.

യുക്രെയ്നു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് റുട്ടെ. ഹംഗറി എല്‍ടിബിടിക്യു വിരുദ്ധ നിയമം പാസാക്കിയപ്പോള്‍, യൂറോപ്യന്‍ യൂണിയന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ സാധിക്കില്ലെങ്കില്‍ യൂണിയന്‍ വിട്ടുപോകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു അദ്ദേഹം.

ഡച്ച് പ്രധാനമന്ത്രിയായിരിക്കുമ്പോഴും ലളിതം ജീവിതം തുടരുന്നയാളാണ് റുട്ടെ. ചെറിയ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് സ്ഥിരമായി സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. ഹേഗ് സെന്‍ട്രല്‍ സ്റേറഷനിലിരുന്ന് പിയാനോ വായിക്കുന്ന പതിവുമുണ്ട്. കോവിഡ് കാലഘട്ടത്തിലാണ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നേതൃശേഷി അദ്ദേഹം വ്യക്തമായി തെളിയിച്ചത്. സാമ്പത്തിക മേഖലയില്‍ അടക്കം പ്രതിസന്ധികള്‍ മറികടക്കാന്‍ നെതര്‍ലന്‍ഡ്സിനെ സഹായിച്ചത് റുട്ടെയുടെ നയങ്ങളാണ്.

English Summary:

Mark Rutte will be next NATO chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com