സ്വിച്ചിട്ടാൽ 30 സെക്കൻഡിനകം ജീവൻ നഷ്ടപ്പെട്ടും; 'ആത്മഹത്യാ പേടകം' സ്വിറ്റ്സർലൻഡിൽ റെഡി
Mail This Article
സൂറിക് ∙ ആത്മഹത്യാ പേടകം - സാർക്കോ, സ്വിറ്റ്സർലൻഡിൽ റെഡി. ആത്മഹത്യ ചെയ്യാൻ പോകുന്ന ആളും വിദേശത്തു നിന്നും എത്തി. സ്വിച്ചിട്ടാൽ 30 സെക്കന്റിനകം ജീവൻ പോകുന്ന, സാർക്കോയിലെ ആദ്യത്തെ മരണം, ഈ മാസം സംഭവിക്കുമെന്ന് പേടകത്തിന്റെ ഉപജ്ഞാതാവും, ഫ്രീ ഡെത്ത് ആക്ടിവിസ്റ്റുമായ ഫിലിപ്പ് നിറ്റ്ഷ്‌കെ(76) അറിയിച്ചു.
ചികിൽസിച്ചു ഭേദമാകാത്ത രോഗത്താൽ വലയുന്നവർക്ക്, ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കിൽ, ദയാവധം അനുവദിച്ചിട്ടുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഇങ്ങനെ ജീവൻ വെടിയാൻ ആഗ്രഹിക്കുന്നവർക്ക്, അന്തസായ മരണമാണ് നിറ്റ്ഷ്‌കെയുടെ നേതൃത്വത്തിലുള്ള 'എക്സിറ്റ് സ്വിറ്റ്സർലൻഡിൽ' സാർക്കോയിലൂടെ വാഗ്‌ദാനം ചെയ്യുന്നത്. ഓസ്ട്രലിയക്കാരനാണെങ്കിലും ആത്മഹത്യാ പേടക സംവിധാനം നടപ്പാക്കുന്നത് അവിടെയും, മറ്റ് രാജ്യങ്ങളിലും നൂലാമാലപിടിച്ച പണിയായതുകൊണ്ടാണ്, നിറ്റ്ഷ്‌കെ പ്രവർത്തനം സ്വിറ്റ്സർലൻഡിലേക്ക് മാറ്റിയത്.
വായു കടക്കാത്ത പേടകത്തിനുള്ളിൽ കയറുന്നയാൾ, അതിനുള്ളിലെ ബട്ടണിൽ അമർത്തുമ്പോൾ, പേടകത്തിനുള്ളിൽ നൈട്രജൻ നിറയുന്നു. ഇതോടെ ഓക്സിജൻ ശരീരത്തിലെത്തുന്നത് തടസപ്പെട്ട് അബോധാവസ്ഥയിലേക്കും, 30 സെക്കന്റിൽ മരണത്തിലേക്കും നയിക്കുന്നതാണ് സാർക്കോയുടെ പ്രവർത്തനം. അന്തസായ മരണം ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ല മാർഗമില്ലെന്ന് നിറ്റ്ഷ്‌കെ അവകാശപ്പെടുന്നു. നിലവിൽ ഗുളിക, കുത്തിവയ്പ്പ് എന്നിവയിലൂടെയാണ് ദയാവധം ഒരുക്കുന്നത്. ഫ്രീ ഡെത്ത് ആഗ്രഹിക്കുന്നവർ, സർക്കോയുടെ സേവനത്തിന് സാഹചര്യങ്ങൾക്കനുസരിച്ചു 3000 മുതൽ 10000 വരെ സ്വിസ് ഫ്രാങ്ക് പണം മുടക്കേണ്ടതുണ്ട്.