അമ്മയ്ക്കായി വേദനിച്ച 'സൂപ്പർ ബോയ്', രാജ ഭരണത്തെ എതിർത്തിട്ടും രാജ്ഞിയുടെ കൗൺസൽ; കിയേർ സ്റ്റാമെറിന്റെ ജീവിതം
Mail This Article
ലേബർ പാർട്ടിയുടെ ചരിത്രത്തിൽ രണ്ടു കിയേർമാരുണ്ട്. ഒന്നു ലേബർ പാർട്ടിക്കു തുടക്കമിട്ട കിയേർ ഹാർഡിയാണ്. അദ്ദേഹത്തിനു പക്ഷേ ഒരു തിരഞ്ഞെടുപ്പിലും ജയിക്കാനായില്ല. എന്നാൽ രണ്ടാമത്തെ കിയേർ ലേബർ പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തിലേക്കു നയിക്കുകയും ടോറികളെ തൂത്തെറിയുകയും ചെയ്തു. യുകെ പഴയ യുകെ അല്ലാത്തതുപോലെ ലേബർ പാർട്ടി പഴയ ലേബർ പാർട്ടിയുമല്ല. ജെറമി കോർബിന്റെ പാർട്ടിയെ കിയേർ സ്റ്റാമെർ അടിമുടി മാറ്റിയിരിക്കുന്നു. അതിന്റെ പ്രതിഫലനം കൂടിയാണ് അധികാരത്തിലേക്കുള്ള തിരിച്ചുവരവ്. കാലാവസ്ഥാ പ്രക്ഷോഭകർ ലേബർ പാർട്ടിക്കു നേരെ അധിക്ഷേപം ചൊരിഞ്ഞപ്പോൾ സ്റ്റാമെർ കടുത്ത ഭാഷയിലാണു മറുപടി പറഞ്ഞത്. പ്രതിഷേധങ്ങളുടെ പാർട്ടിയെന്ന പതിവ് അഞ്ചു വർഷം മുമ്പ് അവസാനിപ്പിച്ചതാണെന്നും അധികാരമുള്ള പാർട്ടിയാകാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു തുറന്നടിച്ചുള്ള മറുപടി.
ലണ്ടനിലെ ഓക്സ്റ്റെഡിൽ തരക്കേടില്ലാത്ത സാഹചര്യങ്ങളിലാണ് സ്റ്റാമെർ വളർന്നതെങ്കിലും അച്ഛൻ റോഡ്നി സ്റ്റാമെർ ഫാക്ടറിത്തൊഴിലാളിയായിരുന്നു. അതിന്റെ അവഗണനയും കയ്പും വേണ്ടുവോളം അറിഞ്ഞ അദ്ദേഹം മക്കൾ ബ്ലൂ കോളർ ജോലികളിലേക്കു തിരിയരുതെന്ന് ആഗ്രഹിച്ചു. മക്കളിൽ രണ്ടാമത്തെയാളായ കിയേറിലായിരുന്നു റോഡ്നിക്കു പ്രതീക്ഷ കൂടുതൽ. തൊടുന്നതിലെല്ലാം കിയേർ സ്റ്റാമെർ മികവു കാട്ടി. പഠിത്തത്തിലും ഫുട്ബോളിലും സംഗീതത്തിലും ഒരുപോലെ പുലർത്തിയ മികവ് സൂപ്പർ ബോയ് എന്ന വിളിപ്പേര് നേടിക്കൊടുത്തു.
ബൗദ്ധിക വെല്ലുവിളി നേരിട്ടിരുന്ന സഹോദരൻ നിക്കിനെ ഉള്ളംകയ്യിലെന്ന പോലെ കൊണ്ടു നടന്നു. നിക്കിനെ കളിയാക്കുന്നവരുടെ മുഖം കിയേറിന്റെ പ്രഹരങ്ങളാൽ ചതഞ്ഞു. ഇപ്പോഴും ഫുട്ബോൾ ഭ്രമം കൊണ്ടുനടക്കുന്ന സ്റ്റാമെർ ആഴ്സനൽ ആരാധകനാണ്.
അമ്മ ജോസഫൈൻ നാഷനൽ ഹെൽത്ത് സർവീസിൽ നഴ്സായിരുന്നു. സ്റ്റിൽസ് എന്ന മാരകമായ ഓട്ടോ ഇമ്യൂൺ രോഗം ബാധിച്ചു കിടപ്പിലായ അമ്മയെ പരിചരിച്ച് ഒപ്പം നിന്ന ദിനങ്ങൾ സ്റ്റാമെറിനെ അഗാധമായി സ്വാധീനിച്ചു. വികാരങ്ങൾ അടക്കിപ്പിടിച്ചു ജീവിക്കാൻ ആ കുട്ടി പഠിച്ചു. വികാരലേശമില്ലാതെ പ്രതികരിക്കുന്നയാളെന്ന പേരുദോഷം സ്റ്റാമെറിനു പിൽക്കാലത്തു പതിഞ്ഞുകിട്ടി. കുട്ടിക്കാലത്തേ പതിഞ്ഞ ശീലമായിരുന്നു അത്. സ്വന്തം ആവശ്യങ്ങൾ സാധിക്കുന്നതിനേക്കാൾ അമ്മയുടെ ആരോഗ്യത്തെയോർത്ത് വേവലാതിക്കൊണ്ട കുട്ടിക്കാലവും കൗമാരവും സ്റ്റാമെറിനെ എന്നന്നേക്കുമായി മാറ്റി. അമ്മ നേരിട്ട വെല്ലുവിളികൾവച്ചു നോക്കുമ്പോൾ താൻ രാഷ്ട്രീയത്തിൽ നേരിടുന്നത് ഒന്നുമല്ലെന്നു പിൽക്കാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 16-ാം വയസ്സുവരെ സ്കൂൾ ഫീസ് കൊടുത്തിരുന്നത് പ്രാദേശിക കൗൺസിലായിരുന്നു.
അച്ഛനു ലേബർ പാർട്ടിയോടുണ്ടായിരുന്ന ആഭിമുഖ്യം കുറഞ്ഞ അളവിലാണെങ്കിലും സ്റ്റാമെറിനും കിട്ടി. രാഷ്ട്രീയം പറഞ്ഞ് ആളുകളെ വെറുപ്പിക്കുന്ന ആളായിരുന്നു അച്ഛനെങ്കിൽ സൗമ്യതയുടെ വഴിയായിരുന്നു മകനു പഥ്യം. ലീഡ്സ്, ഓക്സ്ഫഡ് സർവകലാശാലകളിലായി നിയമ പഠനം പൂർത്തിയാക്കിയ സ്റ്റാമെർ മനുഷ്യാവകാശ വിഷയങ്ങളിലാണു ശ്രദ്ധിച്ചത്. ലേബർ പാർട്ടി വേണ്ടത്ര റാഡിക്കലല്ലെന്നു തോന്നിയതുകൊണ്ട് സോഷ്യലിസ്റ്റ് സൊസൈറ്റിയിലാണ് ആദ്യം ചേർന്നത്. ട്രോട്സ്കിയിസത്തിന്റെ ആശയപരമായ കൈവരികളിൽ ഒന്നായിരുന്നു അവർ പിന്തുടർന്നിരുന്നത്.
മക്ഡൊണാൾഡ്സും എണ്ണക്കമ്പനികളും അടക്കമുള്ള ആഗോളക്കുത്തകകൾക്കെതിരെ നിർഭയം സ്റ്റാമെർ വാദിച്ചു. ആക്ടിവിസവും അഭിഭാഷകവൃത്തിയും അത്രമേൽ ചേർന്നു നിന്നു. കരീബിയൻ ദ്വീപുകളും ആഫ്രിക്കയും വരെ നീണ്ട നിയമപ്പോരാട്ടങ്ങൾ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിസ്സഹായരായ മനുഷ്യർക്കായി അദ്ദേഹം ശബ്ദമുയർത്തി. ആഗോള ഭക്ഷ്യ ശ്യംഖല മക്ഡൊണാൾഡ്സ് തങ്ങളുടെ പാരിസ്ഥിതിക അവകാശവാദങ്ങളെ ചോദ്യം ചെയ്ത പരിസ്ഥിതി പ്രവർത്തകരെ വേട്ടയാടിയപ്പോൾ അവർക്കൊപ്പം നിന്നതു സ്റ്റാമെറായിരുന്നു; ഒട്ടും പ്രതിഫലം വാങ്ങാതെ.
ബ്രിജിറ്റ് ജോൺസ് സിനിമകളിലൊന്നിൽ ബ്രിജിറ്റെന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. 'ഒരുപക്ഷേ ഇതായിരിക്കും ഞാൻ കാത്തിരുന്ന മിസ്റ്റർ റൈറ്റ് ' എന്നായിരുന്നു ആ വാക്കുകൾ. സിനിമയിലെ 'മിസ്റ്റർ റൈറ്റ് ' ഒരു അഭിഭാഷകനാണ്. ആ അഭിഭാഷക കഥാപാത്രത്തെ സൃഷ്ടിക്കാൻ കഥാകൃത്തിന് പ്രചോദനമായത് സ്റ്റാമെർ എന്ന ഇപ്പോഴത്തെ യുകെയുടെ പ്രധാനമന്ത്രിയാണെന്ന് ഒരു സംസാരം എക്കാലത്തും ഉണ്ടായിരുന്നു. നീതിക്കു പോരാടുന്ന ആളെന്ന പ്രതിഛായ സ്റ്റാമെറിനുണ്ടായിരുന്നു. കുപിതയൗവ്വനക്കാരനായ സോഷ്യലിസ്റ്റെന്ന പ്രതിഛായയിൽ നിന്നു സ്റ്റാമെർ പിന്നീട് മാറിനടന്നത് ഇടതു സഖാക്കളെ ചൊടിപ്പിച്ചു.
2008ൽ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസ് എന്ന സുപ്രധാന പദവിയിലെത്തി. ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ ചുമതല അദ്ദേഹത്തിന്റെ ചുമലിലായി. രാജ്ഞിയുടെ കൗൺസലായപ്പോൾ സ്റ്റാമെറിന് അതു വിചിത്രമായി തോന്നിയിരിക്കണം. കാരണം രാജ്ഞിയുടെ ഭരണം പിഴുതെറിയണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ഫിലിപ്പ കാഫ്മാൻ, ജൂലി മോറിസ് തുടങ്ങിയവരുമായി ഏറെക്കാലം ബന്ധമുണ്ടായിരുന്ന സ്റ്റാമെർ വിവാഹം ചെയ്തത് വിക്ടോറിയ അലക്സാണ്ടറെയാണ്. രണ്ടാം ലോകയുദ്ധത്തിനു മുൻപു പോളണ്ടിൽ നിന്ന് ഇംഗ്ലണ്ടിലേക്കു കുടിയേറിയ ജൂത കുടുംബത്തിലെ അംഗമാണ് വിക്ടോറിയ.
2014 ൽ സർ പദവി ലഭിച്ച സ്റ്റാമെർ തൊട്ടടുത്ത വർഷം പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ദിനം സ്റ്റാമെറിനെ പാർലമെന്റിൽ വച്ചു കണ്ടതിനെക്കുറിച്ച് ലേബർ എംപിയായിരുന്ന കാരലിൻ ഹാരിസ് പറഞ്ഞിട്ടുണ്ട്. സ്റ്റാമെറിൽ ഒരു തികഞ്ഞ നേതാവുണ്ടെന്നു തോന്നിയ കാരലിൻ അദ്ദേഹത്തോടു പറഞ്ഞു: 'ഞാൻ താങ്കളെ ലേബർ പാർട്ടിയുടെ നേതാവാക്കാൻ പോകുകയാണ്'. 'വാ നമുക്കൊരു ചായ കുടിക്കാം' എന്നായിരുന്നു സ്റ്റാമെറിന്റെ ചിരിയോടെയുള്ള മറുപടി. കാരലിന്റെ വാക്കുകൾ അച്ചട്ടായി.
ജെറമി കോർബിന്റെ മുൻനിര ടീമിലുണ്ടായിരുന്ന സ്റ്റാമെർ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറിയുമായിരുന്നു. ബ്രെക്സിറ്റിനൊപ്പം നിന്നെങ്കിലും രണ്ടാമതൊരു റഫറൻഡം കൂടി വേണമെന്ന വാദക്കാരനായിരുന്നു. യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള അവസരം കൂടി അതിൽ ഉൾപ്പെടുത്തണമെന്നും ആഗ്രഹിച്ചു. 2019 ൽ ലേബർ പാർട്ടി തിരഞ്ഞെടുപ്പു പരാജയം ഏറ്റുവാങ്ങിയത് കോർബിനു പുറത്തേക്കുള്ള വാതിൽ തുറന്നു. 2020 ഏപ്രിലിൽ സ്റ്റാമെർ ലേബർ പാർട്ടിയുടെ തലപ്പത്തെത്തി. സെമിറ്റിക് വിരുദ്ധതയുടെ കറ ലേബർ പാർട്ടിയുടെ രാഷ്ട്രീയ ശരീരത്തിൽ നിന്നു കഴുകിക്കളയാനും വിഷവേരുകൾ ചുവടോടെ പിഴുതെറിയാനുമുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം പ്രഖ്യാപിക്കുകയും അതിനു വേണ്ട നടപടികളെടുക്കുകയും ചെയ്‌തു.
ഹാർറ്റ്ലിപൂൾ ഉപതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കേറ്റ പരാജയത്തെ തുടർന്ന് നേതൃപദവി ഒഴിയാൻ സ്റ്റാമെർ ആലോചിച്ചിരുന്നു. രാഷ്ട്രീയത്തേക്കാളും പുസ്തകക്കടയിൽ പണിയെടുക്കാനാണ് ഇഷ്ടമെന്ന് മനം മടുത്ത് സുഹൃത്തുക്കളോടു പറയുകയും ചെയ്തു. എന്നാൽ രാജിക്കു പകരം ലേബർ വോട്ടുകൾ തിരികെപ്പിടിക്കാനും തീവ്രനയങ്ങൾ മയപ്പെടുത്താനുമുള്ള അവസരമായി ആ പരാജയത്തെ മാറ്റുകയായിരുന്നു.
കാറ്റിനൊത്തു പാറുന്നയാളെന്നും തീരുമാനമില്ലായ്മയുടെ ജനറലെന്നും വൈകി വിവേകം ഉദിക്കുന്നയാളെന്നും ഋഷി സുനകിനാലും ബോറിസ് ജോൺസനാലും പരിഹസിക്കപ്പെട്ട സ്റ്റാമെറിന്റെ കൈകളിൽ നിന്നു തന്നെ ടോറികൾക്കു തിരിച്ചടിയേൽക്കേണ്ടി വന്നതു മനോഹരമായ കാവ്യനീതിയാകാം. സ്റ്റാമെറിന്റെ ജീവചരിത്രകാരൻ ടോം ബാൾഡ്വിനാകണം അദ്ദേഹത്തെ കൃത്യമായി നിർവചിച്ചത് : 'peculiarly hard to pin down'. നിയമവൃത്തങ്ങളിൽ ഒതുങ്ങുമായിരുന്ന ഒരാൾ കാലത്തിന്റെ നിയോഗമേറ്റുവാങ്ങി 10 ഡൗണിങ് സ്ട്രീറ്റിൽ എത്തിയിരിക്കുന്നു. യുകെ കൊതിക്കുന്ന 'മിസ്റ്റർ റൈറ്റ് ' ആകാൻ കിയേർ സ്റ്റാമെറിനാകുമോ?