ക്രൗഡ്സ്ട്രൈക്ക് തകരാർ: എൻഎച്ച്എസിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ ആഴ്ചകൾ വേണ്ടി വന്നേക്കും
Mail This Article
ലണ്ടൻ∙ ലോകത്തെയാകെ പിടിച്ചുലച്ച മൈക്രോസോഫിറ്റിന്‍റെ സെക്യൂരിറ്റി വീഴ്ചകൾ ബ്രിട്ടനിൽ ഏറ്റവും അധികം ബാധിച്ചത് എൻ.എച്ച്.എസിന്‍റെ പ്രവർത്തനങ്ങളെ. ജിപി സർജറികളുടെയും ഫാർമസികളുടെയും പ്രവർത്തനം അടുത്തയാഴ്ചയും സാധാരണനിലയിൽ ആയേക്കില്ലെന്ന മുന്നറിയിപ്പാണ് എൻ.എച്ച്.എസ് ഇംഗ്ലണ്ട് നൽകുന്നത്. സിസ്റ്റം തകരാർ പരിഹരിച്ചെങ്കിലും രണ്ടുദിവസം പൂർണമായും മുടങ്ങിപ്പോയ അപ്പോയ്ന്‍റ്മെന്റുകളും പ്രിസ്ക്രിപ്ഷൻ വിതരണവും പൂർത്തിയാക്കി സാധാരണ നില പുനഃസ്ഥാപിക്കാൻ ഏറെ സമയം വേണ്ടിവരുമെന്നാണ് എൻ.എച്ച്.എസ് അറിയിക്കുന്നത്.
ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ റിക്കോർഡുകൾ ഫാർമസികൾക്ക് കാണാൻ കഴിയാതെ വന്നതോടെ അത്യാവശ്യ മരുന്നുകൾ പോലും കിട്ടാതെ വലഞ്ഞത് പതിനായിരങ്ങളാണ്. സാധാരണ സാഹചര്യത്തിൽപോലും ജിപിയെ ഫോണിൽ കിട്ടാനോ അപ്പോയ്ന്‍റ്മെന്‍റ് ലഭിക്കാനോ എളുപ്പമല്ലാത്ത സാഹചര്യത്തിൽ സാങ്കേതിക തകരാറുകൂടിയായതോടെ ആർക്കും ഒരു ജിപി സേവനവും ലഭ്യമല്ലാത്ത സ്ഥിതിയാണ് നിലവിൽ.
ഗതാഗത രംഗത്തും ബാങ്കിങ് മേഖലയിലും ഉണ്ടായ പ്രതിസന്ധി ഏറെക്കുറെ പൂർണമായും പരിഹരിച്ചുകഴിഞ്ഞു. ഇതുമൂലമുണ്ടായ നഷ്ടം വിലമതിനാവത്തതാണെങ്കിലും ക്രൗഡ് സ്ട്രൈക്കിന്‍റെ ആന്‍റിവൈറസ് സിസ്റ്റം പുനസ്ഥാപിച്ചതോടെ ഇവയെല്ലാം സാധാരണ നിലയിലായി. അപൂർവം സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോഴും പ്രശ്നങ്ങൾ തുടരുന്നത്.