ADVERTISEMENT

ലണ്ടൻ∙ യുകെയിൽ രണ്ട് കുട്ടികളില്‍ അധികം ഉള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റും ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റും നല്‍കരുതെന്ന നയം മാറ്റണമെന്ന സ്കോട്​ലൻഡ് നാഷനൽ പാർട്ടി (എസ്എന്‍പി) യുടെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ഏഴ് ലേബര്‍ പാർട്ടി എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ഇവരെ ആറു മാസത്തേക്ക് ലേബർ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. കൺസർവേറ്റീവ് പാർട്ടി ഭരിക്കുമ്പോൾ പ്രതിപക്ഷനിരയിൽ നിന്നും ഷാഡോ ചാന്‍സലറായി പ്രവർത്തിച്ചിരുന്ന ജോണ്‍ മെക് ഡോണെൽ, വിവിധ വകുപ്പുകളിൽ ഷാഡോ മിനിസ്റ്ററായി പ്രവർത്തിച്ചിട്ടുള്ള റെബെക്ക ലോങ് ബെയ്‌ലി, റിച്ചഡ് ബര്‍ഗണ്‍, ഇയാന്‍ ബൈറിന്‍, ഇംറാന്‍ ഹുസൈന്‍, അപ്‌സാനാ ബീഗം, സാറ സുല്‍ത്താന എന്നിവരാണ് എസ് എന്‍ പിയുടെ പ്രമേയത്തെ അനുകൂലിച്ചവർ. 

വിപ്പ് ലംഘിച്ച ഏഴു പേരെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതോടെ ഇവര്‍ ഇനി പാര്‍ലമെന്‍റില്‍ സ്വതന്ത്രരായി ഇരിക്കും. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ മിക്കവരും മുന്‍ ലേബര്‍ നേതാവ്  ജെറെമി കോര്‍ബിന്‍റെ അനുയായികൾ ആണ്.  ഇപ്പോൾ പാര്‍ലമെന്‍റില്‍ സ്വതന്ത്ര എംപി ആയ ജെറെമി കോര്‍ബിനും എസ്എന്‍പിയുടെ പ്രമേയത്തെ അനുകൂലിച്ചിരുന്നു. പാര്‍ലമെന്‍റിലെ ആദ്യ പരീക്ഷണത്തില്‍ 103 ന് എതിരെ 363 വോട്ടുകള്‍ക്കാണ് എസ്എന്‍പിയുടെ പ്രമേയം തള്ളി ലേബര്‍ പാര്‍ട്ടി വിജയം കൈവരിച്ചത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തിനൊപ്പമാണ് താന്‍ എന്നും നിലയുറപ്പിക്കുന്നതെന്നും രണ്ട് കുട്ടികള്‍ എന്ന നിബന്ധന എടുത്തു മാറ്റിയാല്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ഏതാണ് 33,000ല്‍ അധികം കുട്ടികള്‍ക്ക് ഉപകാരമാകുമായിരുന്നു എന്നും കവന്‍ററി സൗത്തിൽ നിന്നുള്ള എംപിയായ സാറ സുല്‍ത്താന പ്രതികരിച്ചു. 

ദാരിദ്ര്യം മൂലം ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ തന്‍റെ മണ്ഡലമായ ലീഡ്സില്‍ ഉണ്ടെന്നും അവരുടെ ഉന്നമനത്തിനായാണ് രണ്ടു കുട്ടികള്‍ എന്ന നിബന്ധന മാറ്റണമെന്ന് താന്‍ ആവശ്യപ്പെടുന്നത് എന്നും റിച്ചഡ് ബര്‍ഗണ്‍ എംപി പറഞ്ഞു. ലേബർ പാര്‍ട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതിൽ നിരാശയുണ്ടെന്നും റിച്ചഡ് ബർഗൺ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കിടയില്‍ ദാരിദ്ര്യം വർധിച്ചു വരികയും ഭക്ഷണ കാര്യത്തില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നതിനാലാണ് താന്‍ ബില്ലിനെ അനുകൂലിച്ചതെന്ന് പോപ്ലർ ആൻഡ് ലൈംഹൗസിൽ നിന്നുള്ള എംപി അപ്‌സാന ബീഗം പറഞ്ഞു. ഇത്തരത്തിൽ സമാനമായ വിശദീകരണങ്ങളാണ് ബില്ലിനെ അനുകൂലിച്ച മറ്റ് ലേബര്‍ എംപിമാരും പറഞ്ഞത്.

English Summary:

Labour suspends seven rebel MPs over two-child benefit cap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com