വിമാനത്താവളത്തിൽ പ്രതിഷേധം; ഫ്രാങ്ക്ഫര്‍ട്ടിൽ നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
Mail This Article
ഫ്രാങ്ക്ഫര്‍ട്ട്∙ ഫോസില്‍ ഇന്ധനങ്ങള്‍ക്കെതിരെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ലാസ്റ്റ് ജനറേഷന്‍ ഡയറക്ട് ആക്ഷന്‍ ഗ്രൂപ്പാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ഒരാഴ്ച മുഴുവന്‍ പ്രതിഷേധം തുടരുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.
എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ തുടര്‍ച്ചയായ ഖനനവും ഉപയോഗവും മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയാണന്ന് സംഘം ആരോപിക്കുന്നു. വിമാനത്താവളത്തിലെ പ്രതിസന്ധി സമൂഹ മാധ്യമത്തിലൂടെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്.
പ്രതിഷേധത്തിൽ പങ്കെടുത്ത എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയര്‍ഫീല്‍ഡിൽ അതിക്രമിച്ച് കയറിയതിന് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കുറ്റക്കാർക്ക് ലഭിക്കുമെന്ന് ജർമൻ ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍ അറിയിച്ചു. പ്രതിഷേധത്തിൽ വിമാന യാത്രക്കാരെ ലക്ഷ്യമിട്ടല്ലെന്നും ജർമന്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ടാണെന്നും ലാസ്റ്റ് ജനറേഷന്‍ അംഗം ലിന ജോണ്‍സണ്‍ പറഞ്ഞു.