11 വയസ്സുകാരിയുടെ മരണം സഹോദരന്റെ മർദനമേറ്റ്; പ്രതി കുറ്റക്കാരണെന്ന് ഡിറ്റക്ടീവുകൾ
Mail This Article
മാഞ്ചസ്റ്റർ∙ 11 വയസ്സുള്ള പെൺകുട്ടി മരിച്ച സംഭവത്തിൽ അർധ സഹോദരനെതിരെ തെളിവുകൾ ഉണ്ടെന്ന് ഡിറ്റക്ടീവുകൾ കോടതിയെ അറിയിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലുള്ള കുടുംബ വീട്ടിലെ കുളിമുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഫലഖ് ബാബർ മൂന്നാഴ്ച ആശുപത്രിയിൽ കഴിഞ്ഞ ശേഷം മരിച്ച സംഭവത്തിലാണ് സഹോദരനെതിരെ കുരുക്ക് മുറുകുന്നത്. അർധസഹോദരൻ സുഹൈൽ മുഹമ്മദ് (23) മർദിച്ചതിനെ തുടർന്നുണ്ടായ മസ്തിഷ്ക രക്തസ്രാവമാണ് കുട്ടിയുടെ മരണകാരണമാണെന്ന് വിലയിരുത്തൽ.
താൻ പെട്ടെന്നുള്ള ദേഷ്യത്തെ തുടർന്ന് സഹോദരിയെ മർദിച്ചു. ഇതേ തുടർന്ന് സഹോദരി മരിച്ചുവെന്ന് സുഹൈൽ മുഹമ്മദ് കാമുകി സഹർ ഫിയാസിന് സന്ദേശം അയ്ച്ചതായും അന്വേഷണ സംഘം കണ്ടെത്തി. അടിയേറ്റ് തളർന്ന പെൺകുട്ടിക്ക് 23 മിനിറ്റിനുശേഷമാണ് ബോധം നഷ്ടമായത്. ഇത്രയും നേരം സുഹൈൽ ആംബുലൻസിനായി ഫോൺ ചെയ്തില്ല.
സംഭവത്തിൽ അറസ്റ്റിലായ സുഹൈൽ മുഹമ്മദിനെതിരെ നരഹത്യ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് ഡിറ്റക്ടീവുകൾ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, മരിച്ച ഫലഖിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 'വളരെ അപൂർവമായ' മസ്തിഷ്ക രക്തസ്രാവം കുട്ടിക്ക് സംഭവിച്ചതായും ഇതാണ് മരണ കാരണമായതെന്നും ഫലഖിന്‍റെ മസ്തിഷ്കം പരിശോധിച്ച ന്യൂറോപാഥോളജിസ്റ്റ് ഡോ ഡാനിയൽ ഡു പ്ലെസിസ് കോടതിൽ മൊഴി നൽകി.
പെട്ടെന്നുള്ള ദേഷ്യത്തെ തുടർന്നാണ് താൻ സഹോദരിയെ കുളിമുറിയിലേക്ക് തള്ളിയിട്ടത്. ഈ സമയം അബദ്ധത്തിൽ ബാത്ത്‌റൂമിന്‍റെ വാതിലിലോ ഭിത്തിയിലോ തല ഇടിച്ചിട്ടുണ്ട് ഉണ്ടാകാമെന്ന് സുഹൈൽ മുഹമ്മദ് വെളിപ്പെടുത്തിയെന്ന് ഇൻക്വസ്റ്റിന് മേൽനോട്ടം വഹിച്ച കൊറോണർ ജോവാൻ കെയർസ്‌ലി കോടതിയിൽ പറഞ്ഞു. മസ്തിഷ്ക വീക്കത്തോടുകൂടിയ ഗുരുതരമായ ഹൈപ്പോക്സിക് ഇസ്കെമിക് മസ്തിഷ്ക ക്ഷതമാണ് ഫലഖിന്‍റെ മരണകാരണമെന്ന് ഹോം ഓഫിസ് പാത്തോളജിസ്റ്റ് ഡോ.ഫിലിപ്പ് ലംബ് സ്ഥീകരിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി 20 ന് സംഭവം നടന്നത്. കേസിൽ വിചാരണ പുരോഗമിക്കുകയാണ്.