യുകെയിലെ മലയാളി കണ്ടന്‍റ് ക്രിയേറ്റർമാർ ഒത്തുകൂടി
Mail This Article
ലണ്ടൻ∙ യുകെ മലയാളി കണ്ടന്‍റ് ക്രിയേറ്റർമാരുടെ ആദ്യത്തെ മീറ്റപ്പ് ഷെഫീൽഡ് ഗ്രാൻഡ് കേരളയിൽ നടന്നു. യുകെ എംസിസിയിലെ ഷാജു ആന്‍റു പരിപാടിയിൽ സ്വാഗതം ആശംസിച്ചു. ഗ്രാൻഡ് കേരള ഡയറക്ടർ ബേസിൽ, ആൻസി, യുകെഎംസിസി ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം, പ്രമുഖ അതിഥിയും ക്രിയേറ്ററുമായ ബി.ബി.സി പനോരമ റിപ്പോർട്ടർ ബാലകൃഷ്ണൻ ബാലഗോപാൽ ദീപം തെളിയിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ, ബാലഗോപാൽ "ജേണലിസം, മീഡിയ ആൻഡ് ടെക്‌നോളജി ട്രെൻഡുകളും പ്രവചനങ്ങളും 2024" എന്ന ഡിജിറ്റൽ വാർത്താ പ്രോജക്റ്റിനെ അടിസ്ഥാനമാക്കി, 2024-ലും അതിനുശേഷവും മാധ്യമ രംഗത്തെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചും, യുകെയിലെ പത്രപ്രവർത്തന ജീവിതത്തിലെ പ്രധാന നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഒരു കണ്ടന്‍റ് ക്രിയേറ്റർ തന്റെ തൊഴിലിനോടുള്ള ആവേശം നിലനിർത്തി, അതിനായി കഠിനാധ്വാനം ചെയ്ത്, ധാർമികത പാലിച്ചാൽ തീർച്ചയായും വിജയം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കൂട്ടായ്മയിലേക്ക് എത്തുന്നവർക്ക് പ്രചോദനവും പിന്തുണയും നൽകി ഒരു കുടുംബമായി മുന്നോട്ടുപോകുമെന്നും, അവർക്ക് വരുമാന സമ്പാദനത്തിനുള്ള കൂടുതൽ അവസരങ്ങൾ തുറന്നു കൊടുക്കുമെന്നും ജിത്തു സെബാസ്റ്റ്യൻ വ്യക്തമാക്കി. യുകെയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോയ സമൂഹ മാധ്യമ താരങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഇനിയും ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യുകെ എംസിസിയിലെ മിസ്ന ഷെഫീഖും അമലും പങ്കെടുത്തവരെ റജിസ്ട്രേഷനിൽ സഹായിച്ചു. ചാനൽ ഒപ്റ്റിമൈസേഷൻ, ഹാക്ക് ചെയ്ത ചാനൽ വീണ്ടെടുക്കൽ, തംബ്‌നെയിൽ, പോസ്റ്റർ നിർമാണം, സ്കെച്ചിങ്ങ് എന്നീ വിഷയങ്ങളിൽ സ്റ്റെഫിൻ, ടിന്‍റോ, ജോഫി, ഇമ്‌ന എന്നിവർ അവതരിപ്പിച്ച സെഷനുകൾ പങ്കെടുത്തവർക്ക് ഏറെ ഉപകാരപ്രദമായി. ചോദ്യോത്തര സെഷനുശേഷം നടന്ന കേക്ക് മുറിക്കലും ഉണ്ടായിരുന്നു.
ഗ്രാൻഡ് കേരള റസ്റ്ററന്‍റിൽ നിന്നുള്ള ഉച്ചഭക്ഷണവും തുടർന്ന് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള ഡി.ജെ പ്രോഗ്രാമും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. അബീസ്,നന്ദന എന്നിവർ മുഖ്യ അവതാരകയായിരുന്നു.