ADVERTISEMENT

റിഗ∙ യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലെ റിഗ നഗരത്തിനടുത്തുള്ള തടാകത്തില്‍ നീന്തലിനിടെ മുങ്ങിമരിച്ച മലയാളി വിദ്യാർഥി ആല്‍ബിന്‍ ഷിന്‍റോയുടെ (19) ഭൗതിക ശരീരം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 29 ന്  രാത്രി 8.10 ന് ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍ നിന്നും ടര്‍ക്കിഷ് എയര്‍വേയ്സ് വഴി 11.15 ന് ഈസ്താംബൂളില്‍ എത്തിക്കും. അവിടെ നിന്നും അതേകമ്പനിയുടെ ഫ്ളൈറ്റില്‍ ഓഗസ്റ്റ് ഒന്നിനു രാവിലെ 7.40 ന് ബെംഗളുരുവില്‍ കൊണ്ടുവരുന്ന ഭൗതിക ശരീരം ആല്‍ബിന്‍റെ കുടുംബം ഏറ്റുവാങ്ങി നോര്‍ക്കയുടെ സഹായത്തോടെ റോഡുമാര്‍ഗ്ഗം സ്വദേശമായ ഇടുക്കി വെള്ളത്തൂവല്‍, ആനച്ചാലിലെ സ്വഭവനത്തില്‍ കൊണ്ടു വരും.

തുടര്‍ന്ന് തോക്കുപാറ സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ കുടുംബകല്ലറയില്‍ സംസ്ക്കരിക്കും. റിഗയിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റില്‍ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം ജൂലൈ 27 ന് ശനിയാഴ്ച സ്വകാര്യ ദര്‍ശനം അനുവദിച്ചതിനെ തുടര്‍ന്ന് ആല്‍ബിന്‍റെ സഹപാഠികളും സുഹൃത്തുക്കളും അവിടെയെത്തി അന്ത്യാഞ്ജ്ജലി അര്‍പ്പിച്ചിരുന്നു.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക,ആല്‍ബിന്‍റെ യുകെയിലുള്ള ബന്ധു ജോർജ് ജോസഫ്, ലാത്വിയയിലെ സുഹൃത്തുക്കള്‍, ലാത്വിയയുടെ ചുമതലയുള്ള സ്വീഡനിലെ ഇന്ത്യന്‍ എംബസിയിലെ സെക്കൻഡ് സെക്രട്ടറി (കോണ്‍സുലര്‍) പവന്‍കുമാര്‍, ലാത്വിയന്‍ പൊലീസ്, ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍ എന്നിവരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലായത്.

തടാകത്തിന്‍റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിന്‍ മറുകരയെത്താറായപ്പോള്‍ കുഴഞ്ഞു പോവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ജൂലൈ 17 നാണ് അപകടം സംഭവിച്ചത്. മറൈന്‍ ടെക്നോളജി പഠിക്കാന്‍ എട്ടു മാസം മുന്‍പാണു ആല്‍ബിന്‍ ലാത്വിയയില്‍ എത്തിയത്. വെള്ളത്തൂവല്‍, ആനച്ചാല്‍ അറയ്ക്കല്‍ ഷിന്‍റോയുടെയും ടീച്ചറായ റീനയുടെയും മകനാണ്. 

English Summary:

The body of Albin Shinro, who drowned in Latvia, will be brought to India on August 1st.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com