ഫെഡറല്‍ പോസ്റ്റ് കാർഡിന് അപേക്ഷിച്ച് വിദേശത്തുള്ള യുഎസ് പൗരന്മാർ; ട്രെൻഡ് കമലയ്ക്ക് അനുകൂലമെന്ന് സൂചന
Mail This Article
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത് യൂറോപ്പിൽ താമസിക്കുന്ന യുഎസ് പൗരന്മാർക്കും ആവേശം പകരുന്നതായി റിപ്പോർട്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയാകാന്‍ മതിയായ പിന്തുണ കമല ഹാരിസ് നേടിയിട്ടുണ്ട്. യുഎസ് ഗവണ്‍മെന്‍റിന്‍റെ ഫെഡറല്‍ വോട്ടിങ് അസിസ്റ്റൻസ് പ്രോഗ്രാം കണക്കാക്കുന്നത് 2.8 ദശലക്ഷം അമേരിക്കക്കാര്‍ വിദേശത്ത് താമസിക്കുന്നു എന്നാണ്.അവര്‍ക്ക് ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ട്. 2016 ല്‍, പ്രോഗ്രാമിന്‍റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, അവരില്‍ 6.9% മാത്രമാണ് വോട്ട് ചെയ്തത്.
ഇത്തവണ ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽ പിന്മാറിയതിന് പിന്നാലെ കമല ഹാരിസ് സ്ഥാനാർഥിയാകുന്നതിനുള്ള അപ്രതീക്ഷിത തീരുമാനം ആഗോളതലത്തില്‍ യുഎസിന്‍റെ ഡെമോക്രാറ്റ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സംഘടനയ്ക്ക് പുതിയ ഉണർവാണ് സമ്മാനിച്ചിരുന്നത്. ഇതോടെ വോട്ടര്‍മാരുടെ റജിസ്ട്രേഷനിലും പ്രചാരണത്തില്‍ സഹായിക്കാന്‍ സന്നദ്ധരായ പ്രവര്‍ത്തകരുടെ എണ്ണത്തിലും വർധനയുണ്ടായി.
യുഎസ് ഇതര പൗരന്മാര്‍ കമലയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു രംഗത്തുവന്നതായിട്ടും റിപ്പോർട്ടുകളുണ്ട്. വിദേശത്തുള്ള അമേരിക്കന്‍ വോട്ടര്‍മാർ ഇപ്പോൾ സജീവമാണെന്നും രാജ്യാന്തര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഫെഡറല്‍ പോസ്റ്റ് കാര്‍ഡ് ആപ്ലിക്കേഷന്‍ വഴി യുഎസിന് പുറത്ത് വോട്ടുചെയ്യാനുള്ള റജിസ്ട്രേഷന്‍ ഈ ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ അഞ്ചിരട്ടിയായി വർധിച്ചു, കഴിഞ്ഞ ആഴ്ച ഇതേ കാലയളവിനെ അപേക്ഷിച്ച് 3,000ലധികമായിട്ടാണ് ഉയര്‍ന്നത്.