ജോലിക്കായി റഷ്യയിലേക്ക് പോയി, സൈന്യം നിർബന്ധിച്ച് യുദ്ധത്തിന് അയച്ചു ; ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു
Mail This Article
ചണ്ഡിഗഡ് ∙ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യൻ സേന നിർബന്ധിച്ചയച്ച ഹരിയാന സ്വദേശി കൊല്ലപ്പെട്ടു. കൈത്തൽ ജില്ലയിലെ മാതൗർ സ്വദേശിയായ രവി മൗൻ (22) മരിച്ചതായി വിവരം ലഭിച്ചെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അറിയിച്ചു. മോസ്കോയിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു.
കഴിഞ്ഞ ജനുവരി 13ന് ആണ് ഗതാഗതമേഖലയിലെ ജോലിക്കായി രവി റഷ്യയിലേക്കു പോയത്. 11.5 ലക്ഷം രൂപ നൽകി ഏജന്റുവഴിയാണ് പോയത്. പക്ഷേ, റഷ്യൻ സേന ഇയാളെ യുദ്ധമുന്നണിയിലേക്ക് അയയ്ക്കുകയായിരുന്നു എന്ന് സഹോദരൻ പറഞ്ഞു. പോയില്ലെങ്കിൽ 10 വർഷം ജയിൽശിക്ഷ വിധിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് ട്രഞ്ച് കുഴിക്കാൻ പരിശീലിപ്പിച്ചു. മാർച്ച് 12നു ശേഷം ബന്ധമറ്റു. സഹോദരന്റെ വിവരം തേടി അജയ് മൗൻ കഴിഞ്ഞ 21ന് എംബസിക്ക് കത്തയച്ചപ്പോഴാണ് മരണവാർത്തയറിഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണമെന്ന് കുടുംബാംഗങ്ങൾ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായവും തേടിയിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധമുഖത്തു റഷ്യൻ സൈന്യത്തിനൊപ്പം പോയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫൻ (30) കഴിഞ്ഞ മാർച്ചിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യക്കാരെ വിട്ടയയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുട്ടിനോട് ആവശ്യപ്പെടുകയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തിരുന്നു.