ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ നഴ്‌സുമാർ, അധ്യാപകർ, സായുധ സേന, പൊലീസ്, ജയിൽ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആവശ്യപ്പെട്ടിരുന്ന ശമ്പള വർധന നടപ്പാക്കുമെന്ന്  ചാൻസിലർ റെയ്ച്ചൽ റീവ്സ് അറിയിച്ചു. കൂടാതെ, ജൂനിയർ ഡോക്ടർമാർക്ക് രണ്ട് വർഷത്തിനുള്ളിൽ 22% വരെ ശമ്പള വർധന ലഭിക്കുന്ന പുതിയ  പദ്ധതിയും മുന്നോട്ടു ചാൻസിലർ  വച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ നഴ്‌സിങ്, അധ്യാപന മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അവർക്കും തീരുമാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

എന്നാൽ, ഈ ശമ്പള വർധന സർക്കാരിന് 9.4 ബില്യൻ പൗണ്ടിന്‍റെ അധിക ബാധ്യത സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ, സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികളും ചാൻസിലർ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി, പത്തു ലക്ഷം പെൻഷൻകാർക്ക് ലഭിക്കുന്ന വിന്‍റർ ഫ്യൂവൽ പേയ്മെന്‍റ് പോലുള്ള പദ്ധതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

നഴ്‌സുമാർ, അധ്യാപകർ, സായുധ സേന, പൊലീസ്, ജയിൽ ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് ശരാശരി 5-6 ശതമാനം വരെ ശമ്പള വർധനയാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നഴ്‌സുമാർക്കും അധ്യാപകർക്കും 5.5%, ആംഡ് ഫോഴ്‌സിന് 6%, പ്രിസൺ സർവീസിന് 5%, പൊലീസിന് 4.7% എന്നിങ്ങനെയാണ് ശമ്പള വർധന ശുപാർശ ചെയ്തിരിക്കുന്നത്.

ദീർഘകാലമായി സമരരംഗത്തായിരുന്ന ജൂനിയർ ഡോക്ടർമാർക്ക് വലിയ ആശ്വാസമാണ് പുതിയ തീരുമാനം. അവർക്ക് രണ്ട് വർഷം കൊണ്ട് 22% വരെ ശമ്പള വർധന ലഭിക്കുന്ന പുതിയ ഒരു പാക്കേജാണ് സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. സർക്കാർ നിർദേശത്തിന്മേൽ  ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ, അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം തീരുമാനം അറിയിക്കും. 

മുൻ സർക്കാരിന്‍റെ അധിക ചെലവുകൾ കാരണം, പുതിയ സർക്കാർ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മരവിപ്പിക്കാൻ നിർബന്ധിതമായതായി ചാൻസിലർ വ്യക്തമാക്കി.   സ്റ്റോൺഹെഞ്ചിന് സമീപം നിർമിക്കാനിരുന്ന രണ്ട് മൈൽ ദൈർഘ്യമുള്ള റോഡ് ടണൽ പദ്ധതി റദ്ദാക്കി.  എ-27 റോഡിന്‍റെ ബൈപ്പാസ് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്ന, 2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിൽ പുതിയ 40 എൻഎച്ച്എസ് ആശുപത്രികൾ നിർമിക്കാനുള്ള പദ്ധതിയും റദ്ദാക്കി

പ്രവർത്തന രഹിതമായ റെയിൽ ലൈനുകൾ പുനസ്ഥാപിക്കാനുള്ള യുവർ റെയിൽവേ ഫണ്ട് പദ്ധതി മരവിപ്പിക്കും. ഋഷി സുനക് സ്വപ്നപദ്ധതിയായി അവതരിപ്പിച്ച അഡ്വാൻസ്ഡ് ബ്രിട്ടിഷ് സ്റ്റാൻഡേർഡ് ക്വാളിഫിക്കേഷൻ പദ്ധതിയും വേണ്ടെന്നു വയ്ക്കും. എ-ലെവൽ, ടി-ലെവൽ പരീക്ഷകൾക്കു പകരമായുള്ള പുതിയ പാഠ്യപരിഷ്കരണ പദ്ധതിയായിരുന്നു ഇത്. സർക്കാർ ഉടമസ്ഥതയിലുള്ള നാറ്റ് വെസ്റ്റ് ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനവും തൽക്കാലത്തേക്ക് വേണ്ടെന്നു വച്ചതായി ചാൻസിലർ വ്യക്തമാക്കി.   

English Summary:

Chancellor Announces Inflation-Busting Pay Rises Amid Series of Cuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com