ആൽബിൻ ഷിന്‍റോയുടെ സംസ്ക്കാരം ഓഗസ്റ്റ് 4 ന്
Mail This Article
വെള്ളത്തൂവല്‍ ∙ ലാത്വിയയിലെ റിഗയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ ആൽബിൻ ഷിന്‍റോയുടെ (അപ്പു 19) ഭൗതിക ശരീരം ഓഗസ്റ്റ് 4 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് സ്വദേശത്ത് എത്തിക്കും. തുടർന്നുള്ള സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ ആരംഭിച്ച് തോക്കുപാറ സെന്‍റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 2.30 ന് തോക്കുപാറ സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.
ജൂലൈ 29ന് തിങ്കളാഴ്ച ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ നിന്നും ടർക്കിഷ് എയർവേയ്സില്‍ ഇസ്താംബൂൾ വഴി ഓഗസ്റ്റ് മൂന്നിനു രാവിലെ ബെംഗളൂരുവിലെത്തിച്ച ഭൗതിക ശരീരം ഇടുക്കി രൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.ജോബി പുളിക്കകുന്നേലിന്‍റെ നേതൃത്വത്തിൽ, ചങ്ങനാശേരി അതിരൂപതാംഗം ഫാ. ലിബിൻ തുണ്ടിയിലിന്‍റെ സാന്നിധ്യത്തിൽ ആൽബിന്‍റെ കുടുംബം ഏറ്റുവാങ്ങി. നോർക്കയുടെ സഹായത്തോടെയാണ് റോഡുമാർഗം സ്വദേശത്ത് എത്തിക്കുന്നത്.
വെള്ളത്തൂവൽ, ആനച്ചാലിൽ അറയ്ക്കൽ ഷിന്‍റോയുടെയും എല്ലക്കൽ എൽപി സ്കൂള്‍ ടീച്ചറായ റീനയുടെയും മകനാണ് ആൽബിൻ. ആൽബിന് ഒരു സഹോദരിയുണ്ട്.
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, നോര്‍ക്ക,ആല്‍ബിന്‍റെ യുകെയിലുള്ള ബന്ധു ജോര്‍ജ് ജോസഫ്, ലാത്വിയയിലെ സുഹൃത്തുക്കള്‍, ലാത്വിയയുടെ ചുമതലയുള്ള സ്വീഡനിലെ ഇന്ത്യന്‍ എംബസിയിലെ സെക്കൻഡ് സെക്രട്ടറി (കോണ്‍സുലര്‍) പവന്‍കുമാര്‍, ലാത്വിയന്‍ പൊലീസ്, ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍ എന്നിവരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലായത്.
റിഗയിലെ തടാകത്തിന്‍റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിന്‍ മറുകരയെത്താറായപ്പോള്‍ കുഴഞ്ഞു പോവുകയും ഒഴുക്കില്‍ പെടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപെടുത്താന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ആല്‍ബിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ജൂലൈ 17 നാണ് അപകടം സംഭവിച്ചത്. മറൈന്‍ ടെക്നോളജി പഠിക്കാന്‍ എട്ടു മാസം മുന്‍പാണു ആല്‍ബിന്‍ ലാത്വിയയില്‍ എത്തിയത്.