സാമ്പത്തിക വളര്‍ച്ച മന്ദഗതിയിൽ; ജര്‍മനിയിൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചു
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച ദുർബലമാകുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, ജൂലൈയില്‍ ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 2 ദശലക്ഷത്തിലധികമായി. തൊഴിലില്ലായ്മ വർധന സാമൂഹ്യക്ഷേമ സംവിധാനത്തെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. തൊഴില്‍ രഹിതര്‍ക്കുള്ള ഹ്രസ്വകാല പ്രവര്‍ത്തന ആനുകൂല്യങ്ങള്‍ക്കായ് രാജ്യം കൂടുതല്‍ ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്.
ജൂലൈയില്‍ ജര്‍മനിയിലെ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതായി, ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ തൊഴിലില്ലാത്തവരുടെ എണ്ണം 82,000 മായ് വര്‍ധിച്ച് മൊത്തം 2.8 ദശലക്ഷത്തിലധികം എത്തി. വേനല്‍ക്കാല അവധിയും ജര്‍മനിയുടെ ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയുമാണ് ഇതിനു കാരണം.
ദുര്‍ബലമായ സാമ്പത്തിക വികസനം തൊഴില്‍ വിപണിയെ ഭാരപ്പെടുത്തുന്നു. ജര്‍മന്‍ സമ്പദ് വ്യവസ്ഥ അപ്രതീക്ഷിതമായാണ് ദുർബലമായത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ 192,000 കൂടുതലാണ് ഈ മാസം തൊഴിലില്ലാത്തവരുടെ എണ്ണം. ജൂൺ മാസത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് 6 ശതമാനമായി. തൊഴിലാളികളുടെ ഡിമാന്‍ഡ് ട്രാക്ക് ചെയ്യുന്ന തൊഴില്‍ സൂചിക രണ്ട് പോയിന്റ് ഇടിഞ്ഞ് 107ല്‍ എത്തി. ഒരു വര്‍ഷം മുമ്പ് പന്ത്രണ്ട് പോയിന്റാണ് ഇത് കുറഞ്ഞത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, തൊഴിലവസരങ്ങള്‍ 179,000 വര്‍ധിച്ച്, മൊത്തം 34.91 ദശലക്ഷത്തിലെത്തി. ബിഎയുടെ കണക്കനുസരിച്ച് വിദേശ തൊഴിലാളികളുടെ വര്‍ധനവാണ് ഈ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം.
അതേസമയം നിലവിലെ തൊഴിലില്ലായ്മ ജര്‍മനിയുടെ സമ്പദ് വ്യവസ്ഥയെ സാരമായാണ് ബാധിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയ്ക്കും ഹ്രസ്വകാല തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ചെലവ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. ജൂലൈയില്‍ മാത്രം 903,000 പേര്‍ക്കാണ് തൊഴിലില്ലായ്മ വേതനം ലഭിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 105,000 പേരാണ് കൂടിയിരിക്കുന്നത്.