കുടിയേറ്റവിരുദ്ധ പ്രക്ഷോഭം; 6 ദിവസത്തിനിടെ അറസ്റ്റിലായത് 400 പേർ, ജാഗ്രതാനിർദേശം നൽകി വിവിധ രാജ്യങ്ങൾ
Mail This Article
ലണ്ടൻ ∙ സൗത്ത് പോർട്ടിലെ കത്തിയാക്രമണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിക്കുന്നു. ആറ് ദിവസമായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിൽ പങ്കെടുത്ത 400 ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിച്ചതിനെ തുടർന്നാണ് കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാർഥികളെ പാർപ്പിച്ചിരുന്ന രണ്ട് ഹോട്ടലുകൾ ആക്രമിക്കുകയും ജനാലകൾക്കു തീവയ്ക്കുകയും ചെയ്തു. പൊലീസിന് നേരെയും കലാപകാരികൾ അക്രമം നടത്തുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പ്ലിമത്തിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയാണ് ഏറ്റവും ഒടുവിൽ അക്രമം ഉണ്ടായത്. ബെല്‍ഫാസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമകാരികൾ പെട്രോൾ ബോംബുകള്‍ എറിഞ്ഞു. വിവിധയിടങ്ങളിൽ അക്രമത്തിൽ കടകള്‍ക്കും കാറുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കത്തിയാക്രമണത്തിനു പിന്നിൽ വെയിൽസിലെ 17 വയസ്സുകാരനാണെന്നു വ്യക്തമായിട്ടും തീവ്രവലതു സംഘടനകൾ പ്രക്ഷോഭം തുടരുന്നതിനെ പ്രധാനമന്ത്രി അപലപിച്ചു. ‘ഇതു സംഘടിതമായ അക്രമമാണ്. അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും’സ്റ്റാമെർ പറഞ്ഞു. കലാപങ്ങളില്‍ പങ്കെടുത്തവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും കലാപങ്ങൾക്ക് നേരിട്ടോ, ഓണ്‍ലൈൻ വഴിയോ നേതൃത്വം നൽകുന്നവർക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് സ്റ്റാമെർ മുന്നറിയിപ്പ് നൽകി.
വിവിധ ഇടങ്ങളിൽ കലാപങ്ങൾക്ക് പ്രേരിപ്പിക്കുന്ന തരത്തിൽ ഓൺലൈൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ബ്രിട്ടനിൽ 18 വയസ്സിൽ താഴെയുള്ള കുറ്റാരോപിതരുടെ പേര് വെളിപ്പെടുത്താറില്ല. എന്നാൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതു തടയാൻ ആക്സൽ റുഡകുബാന എന്ന പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാൻ ലിവർപൂൾ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
∙ പൗരൻമാർക്ക് ജാഗ്രതാനിർദേശം
ഇതിനിടയിൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, നൈജീരിയ, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതല്‍ കരുതലെടുക്കണം എന്ന നിര്‍ദ്ദേശം തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്.