ചരിത്രത്തിലേക്കു 'ചവിട്ടിക്കയറി' രണ്ടു മലയാളികൾ: സൈക്കിളുകൾ വിമാനത്തിൽ കൊണ്ടുപോയത് ഭാഗങ്ങളാക്കി; ദിവസവും ചവിട്ടിയത് 16 മണിക്കൂർ!
Mail This Article
കൊച്ചി ∙ ചരിത്രത്തിലേക്കു സൈക്കിൾ ചവിട്ടിയെത്തിയ നേട്ടത്തിൽ രണ്ടു മലയാളികൾ. യൂറോപ്പിലെ 4176 കിലോമീറ്റർ ‘നോർത്ത് കേപ് 4000’ സൈക്കിൾ പര്യടനം വിജയകരമായി പൂർത്തിയാക്കിയാണു കാക്കനാട് തുതിയൂർ ഡിവൈൻ പാംസ് വില്ലയിൽ ഫെലിക്സ് അഗസ്റ്റിൻ, കോലഞ്ചേരി കിങ്ങിണിമറ്റം കല്ലാനിക്കൽ വീട്ടിൽ ജേക്കബ് ജോയ് എന്നിവർ നേട്ടത്തിലേക്കു സൈക്കിളിലെത്തിയത്.
ലോകത്തിന്റെ പല ഭാഗത്തുള്ള 18–75 പ്രായപരിധിയിലെ 350 പേരാണു പങ്കെടുത്തത്. കേരളത്തിൽ നിന്നുള്ള ആദ്യസംഘമാണിത്. പര്യടനം പൂർത്തിയാക്കേണ്ടത് ഈ മാസം 10ന് ആയിരുന്നു. ഇത്തവണ പങ്കെടുത്ത 5 ഇന്ത്യക്കാരും രണ്ടുദിവസത്തിനു മുൻപേ ലക്ഷ്യത്തിലെത്തി.
ഇറ്റലിയിലെ റോവറേത്തോയിൽ കഴിഞ്ഞ മാസം 20നാണു തുടക്കം. ഓസ്ട്രിയ, ജർമനി, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും താണ്ടി ലക്ഷ്യസ്ഥാനമായ യൂറോപ്പിന്റെ വടക്കേയറ്റത്തുള്ള നോർവേയിലെ നോർത്ത് കേപ്പിലെത്തി. ‘നോർത്ത് കേപ് 4000’ സൈക്കിൾ പര്യടനത്തിന്റെ ഏഴാം എഡിഷനാണിത്. സംഘാടകർ പരിമിത സൗകര്യങ്ങൾ മാത്രം ഒരുക്കും.
താമസവും ഭക്ഷണവും പങ്കെടുക്കുന്നവർ കണ്ടെത്തണം. ദിവസവും 15– 16 മണിക്കൂറാണ് ഇരുവരും സൈക്കിൾ ചവിട്ടിയത്. ആദ്യ സംഘം 11 ദിവസത്തിനകം ലക്ഷ്യത്തിലെത്തി. 350ൽ 182 പേർ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണിപ്പോഴും. പലരും പലയിടത്തായി യാത്ര ഉപേക്ഷിച്ചിട്ടുമുണ്ട്.
3 മാസം നാട്ടിൽ പരിശീലനം നടത്തിയാണു ഫെലിക്സും ജേക്കബും യൂറോപ്പിലേക്കു വിമാനം കയറിയത്. നാട്ടിൽ ഉപയോഗിച്ച സ്വന്തം സൈക്കിളുകൾതന്നെ യൂറോപ്പിലും ഉപയോഗിക്കണമായിരുന്നു. അതിനായി ഇരുവരുടെയും സൈക്കിളുകൾ ഭാഗങ്ങളാക്കിയാണു വിമാനത്തിൽ കൊണ്ടുപോയത്. ഏകദേശം 5 ലക്ഷം രൂപ ഒരാൾക്കു ചെലവായി.
16നു രണ്ടുപേരും കൊച്ചിയിലെത്തും. കെഎ ഫെലിക്സ് ആൻഡ് കോ എന്ന സ്ഥാനത്തിന്റെ പാർട്ണറാണ് ഫെലിക്സ്. ജെജെ കൺഫെക്‌ഷനറി എന്ന ചോക്കലേറ്റ് നിർമാണ സ്ഥാപനത്തിന്റെ ഉടമയാണു ജേക്കബ്.