സാധാരണനിലയിലേക്ക് യുകെ; ‘വേണ്ടത് പ്രകോപനം ഒഴിവാക്കുന്ന നിലപാടുകൾ’
Mail This Article
ദിവസങ്ങൾ നീണ്ട കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിനുശേഷം യുകെയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. അപൂർവം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ യുകെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. യുകെയിലെ നിലവിലെ സാഹചര്യങ്ങളെപ്പിറ്റി പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. സോണിയ സണ്ണി മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
∙ വിദേശീയരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം ആണോ പ്രക്ഷോഭത്തിനു കാരണം?
സൗത്ത് പോർട്ടിൽ പത്തു വയസ്സിനു താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികള്‍ അക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ 10 കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തു. 17 വയസ്സുള്ള ആൺകുട്ടിയാണ് ആക്രമണത്തിന് പിന്നിൽ. പ്രതി പ്രത്യേക മതവിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരനാണെന്ന തെറ്റായ വാർത്ത സോഷ്യൽ മീഡിയായിൽ പ്രചരിച്ചതാണ് യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രധാന കാരണം. യുകെയിലെ നിയമമനുസരിച്ച് പ്രായ പൂർത്തിയാകാത്തതിനാൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കോടതിയുടെ അനുമതിയോടെ പ്രക്ഷോഭത്തിന് അറുതിവരുത്താൻ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുകയായിരുന്നു. യഥാർഥത്തിൽ പ്രതിയുടെ മാതാപിതാക്കൾ റുവാണ്ടയിൽ നിന്നുള്ളവരും 17 വയസ്സുകാരൻ ജനിച്ചുവളർന്നത് യുകെയിലുമായിരുന്നു. പ്രതിയുടെ മതത്തെക്കുറിച്ചുള്ള പ്രചാരണവും തെറ്റായിരുന്നു.
∙ യുകെയിൽ എത്തുന്നവരിൽ ചിലരെങ്കിലും തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന വിധം പെരുമാറുന്നുണ്ടോ?
അനധികൃത കുടിയേറ്റക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്നു എന്നൊരു തോന്നൽ തദ്ദേശീയരുടെ ഇടയിൽ അടുത്ത കാലത്തുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് തദ്ദേശീയർ സംഘടിക്കുകയും അവർ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തതെന്നാണു വിലയിരുത്തൽ. വിദേശീയർക്കു വിലക്കുകൾ ഏർപ്പെടുത്താത്ത രാജ്യമാണ് യുകെ. ഒരുപരിധിവരെ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ സാധിക്കുന്ന രാജ്യം. എന്നിരുന്നാലും മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോൾ അവിടത്തെ സംസ്കാരവും രീതികളും ഉൾക്കൊള്ളാൻ കഴിയണം. നമ്മുടെ സംസ്കാരവും പെരുമാറ്റരീതിയും മാത്രം മുറുകെപിടിച്ച് അത് മികച്ചത് എന്ന രീതിയിൽ ജീവിക്കുന്ന വിദേശീയരെ കാണുമ്പോൾ തീർച്ചയായും തദ്ദേശീയർക്ക് പ്രകോപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അടുത്തകാലത്ത് യുകെയിലെ നിയമങ്ങൾക്കും പെരുമാറ്റ രീതികൾക്കും അനുസരിച്ചു ജീവിക്കാത്ത, സ്വന്തം സംസ്കാരം മികച്ചതാണെന്നു കരുതുന്ന അല്ലെങ്കിൽ സ്വന്തം സംസ്കാരത്തെ തന്നെ സ്ഥാപിക്കണമെന്നു വാശിപിടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. ഈ സാഹചര്യം ആണ് പ്രക്ഷോഭങ്ങളിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. യുകെയിലെ പൗരൻമാരെ സംബന്ധിച്ചിടത്തോളം അവരുടെതായ ഐഡന്റിറ്റി നഷ്ടമാകുമെന്ന പേടി അവരിൽ വളർന്നു വരുന്നതായി തോന്നിയിട്ടുണ്ട്. അത് അവരുടെ ഉള്ളിൽ മുറിവുണ്ടാക്കുകയും പ്രക്ഷോഭത്തിലേക്കു നയിക്കാനുള്ള കാരണമാകുകയും ചെയ്തിട്ടുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. നമ്മൾ ഏതു രാജ്യത്താണോ ജീവിക്കുന്നത് അവിടുത്തെ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നതാകും ഉചിതം.
∙ കൂട്ടമായി നിന്ന് മലയാളം സംസാരിക്കുന്നു. ഇതു പ്രക്ഷോഭകര പ്രകോപിതരാക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിൽ യാഥാർഥ്യം ഉണ്ടോ?
നമ്മുടേതായ ഒരു സ്വകാര്യതയിൽ മലയാളം സംസാരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്. നമ്മൾ ഒരു രാജ്യത്തു വരുമ്പോൾ അവിടുത്തെ ഭാഷയ്ക്കു പ്രാധാന്യം കൊടുക്കണം. സ്വദേശിക്ക് ഒപ്പം നിന്ന് രണ്ടുപേർ തമ്മിൽ മലയാളം സംസാരിക്കുമ്പോൾ എന്താണു പറയുന്നതെന്നും, അവരെക്കുറിച്ചാണോ പറയുന്നതെന്നുമുള്ള ആകാംക്ഷ വിദേശീയരിൽ ഉണ്ടാകാം. അതുപോലെ ചിലര്‍ക്കു ദേഷ്യം വരാനും സാധ്യതയുണ്ട്. തൊഴിലിടത്തിൽ മലയാളം സംസാരിച്ചതിന്റെ പേരിൽ ജോലി നഷ്ടമായ സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. പക്ഷേ, മലയാളം സംസാരിക്കുന്നവരെയോ മലയാളികളെ തിരഞ്ഞുപിടിച്ചോ ആക്രമിക്കുന്ന രീതിയൊന്നും ഉണ്ടായിട്ടില്ല.
∙ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം. പ്രക്ഷോഭത്തെ തുടർന്ന് മലയാളികൾ ബന്ധപ്പെട്ടിരുന്നോ?
പ്രവാസി ലീഗൽ സെൽ ഇന്ത്യക്കാർക്കു സൗജന്യ നിയമസഹായം നൽകുന്ന ഓർഗനൈസേഷനാണ്. നിയമപരമായ പ്രശ്നങ്ങൾക്കാണ് കൂടുതലും നമ്മളെ ബന്ധപ്പെടുന്നത്. പ്രക്ഷോഭസമയത്ത് പലരും ബന്ധപ്പെട്ടിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ആശങ്കയിലായിരുന്നു. ഗൈഡ്‌ലൈൻസ് വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റു സംഘടനകളിലൂടെയും നൽകിയിരുന്നു. സർക്കാർ നിർദേശങ്ങളും ജനങ്ങളിൽ എത്തിച്ചിരുന്നു. എന്തു സാഹചര്യം ഉണ്ടായാലും പ്രകോപിതരാകരുതെന്നുള്ള നിർദേശം ജനങ്ങൾക്ക് നൽകിയിരുന്നു.