യുകെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; മകളുടെ പേരിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട ആലീസിന്റെ കുടുംബം
Mail This Article
ലണ്ടൻ ∙ യുകെയിലെ സൗത്ത്പോർട്ടില്‍ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തെ തുടർന്നുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളായ ആലീസ് ഡ സിൽവ അഗ്യുയാറുടെ മാതാപിതാക്കൾ. 9 വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിലാണ് രാജ്യവ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് അറുതി വരുത്തണമെന്ന് മാതാപിതാക്കളായ സെർജിയോയും അലക്‌സാന്ദ്രയും അഭ്യർഥന നടത്തിയത്.
'തന്റെ മകളുടെ പേരിൽ യുകെ തെരുവുകളിൽ ഇനി ഒരു അക്രമം ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന്' ആലീസിന്റെ മാതാപിതാക്കൾ അറിയിച്ചതായ് മെർസിസൈഡ് ചീഫ് കോൺസ്റ്റബിൾ സെറീന കെന്നഡി പറഞ്ഞു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 900ലധികം ആളുകളാണ് അറസ്റ്റിലായാത്. 466 പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് സൗത്ത്‌പോർട്ടിൽ ആലീസും മറ്റ് രണ്ട് പെൺകുട്ടികളും കൂത്തേറ്റ് മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. യുകെയിൽ ജനിച്ചു വളർന്ന 17 വയസ്സുകാരനായിരുന്നു കൊലപാതകത്തിന് പിന്നിൽ. രാജ്യത്തെ നിയമമനുസരിച്ച് പ്രതിയുടെ വിവരങ്ങൾ പുറത്ത് അറിയിച്ചിരുന്നില്ല. തുടർന്ന് പ്രതിയുടെ മതത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണം യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായി.