കഴിഞ്ഞ വർഷം യൂറോപ്പില്‍ ചൂട് മൂലം 47,000ത്തിലധികം ആളുകള്‍ മരിച്ചതായ് റിപ്പോർട്ട്
Mail This Article
ബ്രസല്‍സ് ∙ ഉയർന്ന താപനിലയെ തുടർന്ന് കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ 47,000ത്തിലധികം ആളുകള്‍ മരിച്ചതായ് റിപ്പോർട്ട്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ബാഴ്‌സലോന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്താണ് 2023ലെ കണക്ക് പുറത്തുവിട്ടത്.
കടുത്ത ചൂട് മൂലം ഇറ്റലിയിലും ഗ്രീസിലുമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഗ്രീസിൽ ഒരു മില്യൻ ആളുകളിൽ 393 മരണങ്ങളാണ് സംഭവിച്ചത്. ബൾഗേറിയയിൽ 229 ഉം, ഇറ്റലിയിൽ 209 ഉം, സ്പെയിനിൽ 175 ഉം, ജർമനിയിൽ 76 മരണങ്ങളും സംഭവിച്ചതായ് റിപ്പോർട്ടിൽ പറയുന്നു. പഠനമനുസരിച്ച് മിക്ക രാജ്യങ്ങളിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ചൂട് കാരണം മരിച്ചത്.
മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങള്‍, മെച്ചപ്പെട്ട ആശയവിനിമയം തുടങ്ങിയവ മരണനിരക്ക് കുറയ്ക്കുന്നതായ് റിപ്പോര്‍ട്ടിൽ പറയുന്നു. മുൻകരുതലുകൾ എടുത്തില്ലെങ്കിൽ മരണനിരക്ക് 80 ശതമാനം കൂടുതലാകുമെന്നും താപ തരംഗങ്ങള്‍ ശരീരത്തെയും തലച്ചോറിനെയും പെട്ടെന്ന് ബാധിക്കുമെന്നതുകൊണ്ട് കൂടുതല്‍ വെള്ളം കുടിയ്ക്കുന്നത് ഉപകരിക്കുമെന്ന് പഠനം പറയുന്നു.