ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ  ഇന്നലെ അനുഭവപ്പെട്ടത് ഈവർഷത്തെ ഏറ്റവും ചൂടേറിയ ദിനം. രാജ്യത്തിന്റെ പലഭാഗത്തും ഉച്ചയോടെ താപനില 33 ഡിഗ്രിക്ക് മുകളിലെത്തി. കേംബ്രിജിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്, 34.8 ഡിഗ്രി സെൽഷ്യസ്. (95ഫാരൻഹീറ്റ്) സെൻട്രൽ ഇംഗ്ലണ്ടിലും സൗത്ത് ഇഗ്ലണ്ടിലുമാണ് ചൂടിൽ ജനങ്ങൾ ഏറ്റവും വലഞ്ഞത്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ രാവിലെ ലഭിച്ച ചാറ്റൽ മഴയും വൈകിട്ട് ഇടിയോടുകൂടിയെത്തിയ മഴയും ആശ്വാസമായി. ഇംഗ്ലണ്ടിൽ പലേടത്തും യെല്ലോ, റെഡ് അലർട്ട് പ്രഖ്യാപിച്ചാണ് അധികൃതർ ചൂടിനെ നേരിടാൻ തയാറാകണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഈ ജാഗ്രതാ നിർദേശം ബുധനാഴ്ചവരെ തുടരും. ലണ്ടൻ നഗരത്തിൽ എല്ലായിടത്തും മുപ്പത് ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലെ താപനില. 

ഇതിനു മുമ്പ് ഈവർഷം ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടത് ജൂലൈ മുപ്പതിനായിരുന്നു, 32 ഡിഗ്രി. 1961 മുതൽ ഇതുവരെ പതിനൊന്നു തവണ മാത്രമാണ് പകൽ താപനില 34 ഡിഗ്രിക്ക് മുകളിൽ എത്തിയിട്ടുള്ളത്. ഇതിൽ ആറുതവണയും പത്തുവർഷത്തിനുള്ളിലാണ് സംഭവിച്ചത്. അതിലൊരു ദിനമായിരുന്നു ഇന്നലെ. കാലാവസ്ഥയിലുണ്ടാകുന്ന ഗൗരവമായ വ്യതിയാനം വ്യക്തമാക്കുന്നതാണ് ഈ കണക്ക്. 

2022 ജൂലൈയിൽ ലിങ്കൺഷെയറിലാണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. 40.3 ഡിഗ്രിയാണ് ഈ റെക്കോർഡ് താപനില. കനത്ത ചൂടിനു പിന്നാലെ വരുംദിവസങ്ങളിൽ രാജ്യത്തിന്റെ പലഭാഗത്തും അതിശക്തമായ ഇടിയോടെ മഴയും മെറ്റ് ഓഫിസ് പ്രവചിക്കുന്നുണ്ട്.

English Summary:

Temperature reached above 33 degrees In Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com