യുക്രെയ്ന്റെ കടന്നുകയറ്റം; റഷ്യന്‍ ഗ്യാസ് കേന്ദ്രത്തിനു വന്‍ഭീഷണി
Mail This Article
ബര്‍ലിന്‍ ∙ റഷ്യയുടെ അതിര്‍ത്തി കടന്ന് കര്‍സ്ക് മേഖലയിലേക്കുള്ള യുക്രെയ്ന്റെ കടന്നുകയറ്റം സുഡ്ജയിലെ റഷ്യന്‍ ഗ്യാസ് കേന്ദ്രത്തിനു വന്‍ഭീഷണി ഉയര്‍ത്തി. യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന റഷ്യന്‍ വാതകത്തിന്റെ പ്രധാന സംസ്കരണ കേന്ദ്രമാണ് സുഡ്ജ. ഹംഗറി, ഓസ്ട്രിയ, സ്ളൊവാക്യ തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് കുർസ്കിലെ സുഡ്‌ജ പട്ടണം വഴിയാണ് വാതകം എത്തിക്കുന്നത്. നിലവില്‍ സുഡ്ജ വഴിയുള്ള വാതക ഗതാഗതം അവസാനിപ്പിക്കാന്‍ യുക്രെയ്നോ റഷ്യയോ ആഗ്രഹിക്കുന്നില്ലന്നാണ് റിപ്പോർട്ട്. യുക്രെയ്നിലേക്കുള്ള വഴിയില്‍ ഇപ്പോഴും ഗ്യാസ് പ്രോസസ്സ് ചെയ്യുന്ന റഷ്യയിലെ ഏക ട്രാന്‍സിറ്റ് ഹബ്ബാണ് സുഡ്ജ.
2019 ഡിസംബറില്‍, മോസ്കോയും കൈവും യുക്രെയ്ന്‍ വഴി റഷ്യന്‍ വാതകം കടത്തുന്നതിനായി സ്റേററ്റ് കമ്പനികളായ ഗാസ്പ്രോം, നഫ്റ്റോഗാസ് എന്നിവ ഉള്‍പ്പെടുന്ന അഞ്ച് വര്‍ഷത്തെ ഗ്യാസ് ട്രാന്‍സിറ്റ് കരാറിലാണ് ഏർപ്പെട്ടത്. ഡീല്‍ 2024 ഡിസംബറില്‍ അവസാനിക്കും. ഇത് നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുക്രെയ്ൻ വളരെക്കാലം മുമ്പേ സൂചന നല്‍കി. കരാര്‍ അവസാനിക്കുന്നത് വരെ ഗ്യാസ് വിതരണം തുടരുമെന്ന് റഷ്യ അറിയിച്ചു.
യുക്രെയ്നിൽ യുദ്ധം ആരംഭിച്ചപ്പോള്‍, യൂറോപ്യന്‍ നേതാക്കള്‍ റഷ്യന്‍ വാതകത്തിലും എണ്ണയിലും ദീര്‍ഘകാലമായി നിലനിന്നിരുന്ന ആശ്രിതത്വം കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഗ്യാസ് ഒരു പ്രത്യേക പ്രശ്നമായിരുന്നു, 2021 ല്‍, യൂറോപ്യന്‍ യൂണിയന്റെ മൂന്നിലൊന്ന് വാതകവും റഷ്യയില്‍ നിന്നാണ്. യൂറോപ്യന്‍ യൂണിയന്‍ ഡേറ്റ അനുസരിച്ച്, ഇറക്കുമതി ചെയ്ത റഷ്യന്‍ പൈപ്പ്ലൈന്‍ ഗ്യാസ് അംഗരാജ്യങ്ങളുടെ വിഹിതം 2021 ല്‍ മൊത്തം 40 ശതമാനത്തിൽ നിന്ന് 2023ല്‍ ഏകദേശം 8 ശതമാനമായ് കുറഞ്ഞു.
ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ഉള്‍പ്പെടുത്തുമ്പോള്‍ പ്രകൃതി വാതകം ദ്രാവക രൂപത്തില്‍ കപ്പലില്‍ കൊണ്ടുപോകാന്‍ കഴിയും, കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ മൊത്തം റഷ്യന്‍ വാതകത്തിന്റെ മൊത്തം പങ്ക് 15 ശതമാനം ആയിരുന്നു. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ളീന്‍ എയര്‍ (സിആർഇഎ) പ്രകാരം, ഇയു 2024 ആദ്യ പകുതിയില്‍ 3.6 ബില്യൻ യൂറോ റഷ്യന്‍ എല്‍എന്‍ജിയും 4.8 ബില്യൻ റഷ്യന്‍ പൈപ്പ്ലൈന്‍ ഗ്യാസും ഇറക്കുമതി ചെയ്തു. എണ്ണയുള്‍പ്പെടെ റഷ്യന്‍ ഹൈഡ്രോകാര്‍ബണുകള്‍ക്കുള്ള ചെലവിന്റെ മുക്കാല്‍ ഭാഗം വരും ഇത്.
ഓസ്ട്രിയ, ഹംഗറി, സ്ളൊവാക്യ എന്നീ രാജ്യങ്ങള്‍ ഇപ്പോഴും റഷ്യയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി ഗ്യാസ് ഇറക്കുമതി ചെയ്യുന്നു. ഓസ്ട്രിയയിലെ മിക്കവാറും എല്ലാ വാതകങ്ങളും റഷ്യയില്‍ നിന്നാണ് വരുന്നത്, എന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുകയാണെന്ന് ഓസ്ട്രിയന്‍ അധികാരികള്‍ പറയുന്നത്. ഹംഗറിക്കും സ്ളൊവാക്യയ്ക്കും മോസ്കോ അനുകൂല ബന്ധമുണ്ടെങ്കിലും 2024 അവസാനത്തോടെ യുക്രെയ്ൻ വഴിയുള്ള വിതരണം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഹംഗറി അടുത്തിടെ തുര്‍ക്കിയുമായി ഗ്യാസ് ഇടപാട് നടത്തിയിരുന്നു, എന്നാല്‍ ടര്‍ക്ക് സ്ട്രീം പൈപ്പ്ലൈന്‍ വഴിയുള്ള ഈ വാതകവും റഷ്യയില്‍ നിന്നുള്ളതാണ്.
സ്ളൊവാക്യ ഗ്യാസ് കമ്പനിയായ എസ്പിപി പറയുന്നത് റഷ്യന്‍ ഗ്യാസ് വിതരണം നിര്‍ത്തലാക്കാനുള്ള സാധ്യത വര്‍ഷങ്ങളായി ആലോചിക്കുന്നുണ്ടെന്നും റഷ്യന്‍ ഇതര വിതരണക്കാരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നുമാണ്.
∙ റഷ്യന്‍ വാതകത്തിന്റെ യൂറോപ്പിലെ ഭാവി
യുക്രെയ്ൻ റൂട്ട് ഉടന്‍ അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതകത്തിനുള്ള ഏക പൈപ്പ്ലൈന്‍ റൂട്ടായി ടര്‍ക്ക് സ്ട്രീം മാറാന്‍ സാധ്യതയുണ്ട്. റിപ്പോർട്ട് അനുസരിച്ച് നിലവിൽ യൂറോപ്യന്‍ യൂണിയന്റെ രണ്ടാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) വിതരണക്കാരാണ് റഷ്യ. റഷ്യയില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി 2023ല്‍ യൂറോപ്യന്‍ യൂണിയന്റെ മൊത്തം എല്‍എന്‍ജി വിതരണത്തിന്റെ 16 ശതമാനമാണ്. 2021 നെ അപേക്ഷിച്ച് 40 ശതമാനം വർധനയാണ് ഇത് രേഖപ്പെടുത്തുന്നത്. സിആർഇഎയുടെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം റഷ്യയില്‍ നിന്നുള്ള യൂറോപ്പിന്റെ ഇറക്കുമതിയുടെ നാലിലൊന്ന് (22%) 2023ല്‍ ആഗോള വിപണികളിലേക്ക് ട്രാന്‍സ്-ഷിപ്പ് ചെയ്യപ്പെട്ടു.
അതേസമയം, യുണൈറ്റഡ് സ്റേററ്റ്സ് ആസ്ഥാനമായുള്ള ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ എനര്‍ജി ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അനാലിസിസ് (ഐഇഇഎഫ്എ) റിപ്പോര്‍ട്ട് ചെയ്യുന്നത് 2024 ന്റെ ആദ്യ പകുതിയില്‍ റഷ്യന്‍ എല്‍എന്‍ജിയുടെ യൂറോപ്യന്‍ യൂണിയന്‍ ട്രാന്‍സ് - ഷിപ്പ്മെന്റുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം ഉയര്‍ന്നു എന്നാണ്. ഈ വര്‍ഷം ആദ്യം ട്രാന്‍സ് ഷിപ്പിങ്ങില്‍ നടപടിയെടുക്കാന്‍ ഇയു തീരുമാനിച്ചു. 2025 മാര്‍ച്ച് മുതല്‍, യൂറോപ്യന്‍ യൂണിയന്‍ തുറമുഖങ്ങളില്‍ റഷ്യന്‍ എല്‍എന്‍ജി ട്രാന്‍സ്ഷിപ്പിങ്ങിന് നിരോധനം ഉണ്ടാകും.