'ഞാൻ സോണിയയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കണേ...'; ഭാര്യയുടെ വേർപാട് താങ്ങാനാകാതെ ഭർത്താവ് ജീവനൊടുക്കി; നടുക്കം, തീരാനോവ്
Mail This Article
ലണ്ടൻ/കോട്ടയം ∙ നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ ഉടനെ യുകെയിൽ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്സിന്റെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ചിൽ ഞായറാഴ്ച രാവിലെ 11ന് കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ (39) ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെയാണ് (റോണി, 42) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ കാലിന്റെ സർജറി സംബന്ധമായി 10 ദിവസം മുൻപാണ് നാട്ടിൽ പോയിരുന്നത്. സർജറിക്ക് ശേഷം യുകെയിലേക്ക് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് എത്തിയത്. തുടർന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.
ഇതേ തുടർന്ന് മാനസികമായി തകർന്നിരുന്ന ഭർത്താവ് അനിലിനെ അശ്വസിപ്പിക്കാൻ റെഡ്ഡിച്ചിലെ മലയാളി സമൂഹം ഏറെ പ്രയാസപ്പെട്ടിരുന്നു. രണ്ടര വർഷം മുൻപാണ് സോണിയയും കുടുംബവും യുകെയിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ ശേഷമാകാം അനിൽ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമന.
‘താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു അനിൽ ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ഇരുവരുടേടും മരണത്തെ തുടർന്ന് മക്കളായ ലിയ, ലൂയിസ് എന്നിവർ അനാഥരായി. മരണ വിവരം അറിഞ്ഞു അനിലിന്റെ ബന്ധുക്കളിൽ ചിലർ റെഡ്ഡിച്ചിൽ എത്തിയിട്ടുണ്ട്. മക്കൾ തത്കാലം ഇവരുടെ സംരക്ഷണയിൽ തുടരും. സംസ്കാരം പിന്നീട്.