ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ മലയാളി കുടിയേറ്റം ആരംഭിച്ചത് 2000 ന്റെ തുടക്കത്തിലാണെങ്കിലും സമീപ വർഷങ്ങളിൽ കുടിയേറ്റം വ്യാപകമായി. നിയമപരമായി എത്തുന്ന ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. ഇവരിൽ പ്രധാനമായും നഴ്സുമാരും ആരോഗ്യ പ്രവർത്തകരുമാണ് ഉള്ളത്. പിന്നീടാണ് മലയാളി വിദ്യാർഥികൾ യുകെയിലേക്ക് കുടിയേറ്റം ആരംഭിച്ചത്. പഠനത്തിനായി യുകെയിൽ എത്തി, സ്റ്റേ ബാക്ക് പ്രയോജനപ്പെടുത്തി ജോലിയും പെർമനന്റ് വീസയും സംഘടിപ്പിക്കുകയായിരുന്നു മിക്ക മലയാളി വിദ്യാർഥികളും. യുകെയിൽ എത്തുന്ന വിദ്യാർഥികളിൽ നല്ലൊരു ശതമാനവും മലയാളികൾ ആയിരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽഇത്രയും മലയാളികൾ യുകെയിൽ എത്തിയെങ്കിലും യുകെയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇംഗ്ലിഷ് ഒഴികെയുള്ള 10 ഭാഷകളുടെ കണക്കെടുക്കുമ്പോൾ മലയാളം അതിലില്ല. 

ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിൽ താമസിക്കുന്ന 4.1 ദശലക്ഷം ആളുകൾക്ക് ഇംഗ്ലിഷ് മാതൃഭാഷയല്ല. പടിഞ്ഞാറൻ ലണ്ടൻ, സ്ലോ, സതാംപ്ടൺ, ബർമിങാം, ലീഡ്സ് തുടങ്ങിയ സ്ഥലങ്ങളിൽ  6,12,000 പേർ സംസാരിക്കുന്ന പോളിഷ് ആണ് ഇംഗ്ലിഷ് ഇതര ഭാഷകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് ലക്ഷം പേരോളം സംസാരിക്കുന്ന യൂറോപ്യൻ ഭാഷയായ റൊമാനിയൻ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്ന് ലക്ഷത്തോളം പേർ സംസാരിക്കുന്ന പഞ്ചാബിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇന്ത്യൻ ഭാഷയിൽ ആദ്യ സ്ഥാനത്തുള്ളതും . ഏകദേശം 270,000 സംസാരിക്കുന്ന ഉറുദു നാലാം സ്ഥാനത്താണ്. ഉർദു സംസാരിക്കുന്ന ഭൂരിഭാഗം ആളുകളും സ്കോട്‌ലൻഡ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, മാഞ്ചസ്റ്റർ, ലീഡ്‌സ് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.

ബ്രിട്ടനിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ലണ്ടനിൽ മാത്രം 300 ലധികം ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കോട്സ്, വെൽഷ്, ഐറിഷ് ഗാലിക്, സ്കോട്ടിഷ് ഗാലിക്, കോർണിഷ് എന്നിവ ഉൾപ്പടെ യുകെയിലെ പ്രാദേശിക ഭാഷകൾക്ക് പുറമേയാണ് ഇത്. ബ്രിട്ടന്റെ ഇന്ത്യയിലെ കോളനിവൽക്കരണവും കോമൺവെൽത്ത് വഴിയുള്ള കുടിയേറ്റം സുഗമമാക്കിയ 1948 ലെ ബ്രിട്ടീഷ് നാഷനാലിറ്റി ആക്‌ടും യുകെയിൽ ഇന്ത്യൻ ഭാഷകളുടെ വ്യാപനത്തിന് കാരണമായതായി കണക്കാക്കാം. പോളിഷ് (612,000), റൊമാനിയൻ (472,000), പഞ്ചാബി (291,000), ഉർദു (270,000), പോർച്ചുഗീസ് (225,000), സ്പാനിഷ് (2,15,000), അറബി (2,04,000), ബംഗാളി (199,000), ഗുജറാത്തി (189,000), ഇറ്റാലിയൻ (160,000) എന്നിവയാണ് ഇംഗ്ലിഷ് ഒഴികെ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന 10 ഭാഷകൾ.

English Summary:

Punjabi, Urdu, and Gujarati among the top 10 most spoken languages in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com