ADVERTISEMENT

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിൽ ഫ്ലാറ്റ് സമുച്ഛത്തിൽ വൻ തീപിടിത്തം. ആളപായമില്ല. കെട്ടിടത്തിനുള്ളിൽനിന്നും നൂറോളം പേരെ ഒഴിപ്പിച്ച് രക്ഷപ്പെടുത്തി. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ. ഡെഗ്നാമിനു സമീപമുള്ള ചാഡ്വെൽഹീത്തിൽ ഫ്രഷ് വാട്ടർ റോഡിൽ സ്ഥിതിചെയ്യുന്ന ബഹുനില കെട്ടിടത്തിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. സമീപപ്രദേശങ്ങളിലെ നാൽപതിലേറെ യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറിലേറെ  ഫയർഫൈറ്റർമാർ ഹെലികോപ്റ്ററിന്റെ സഹായത്തോടെ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെ 2.44നാണ് ഫയർഫോഴ്സിലേക്ക് സഹായം അഭ്യർഥിച്ച് വിളിയെത്തിയത്. നിമിഷങ്ങൾക്കകം കെട്ടിടത്തിനു പുറത്തെ ക്ലാഡിങ്ങിലൂടെ തീ ആളിപ്പടർന്ന് സംഹാരതാണ്ഡവമാടി. അപകടകാരണം അറിവായിട്ടില്ല. 

ഫ്ലാറ്റ് സമുച്ഛയത്തിൽ താമസക്കാരനായിരുന്ന പാലാ സ്വദേശി ജോസഫും ഭാര്യ ടിനുവും പിഞ്ചു കുഞ്ഞും അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു. ചാർട്ടേർഡ് അക്കൗണ്ടന്റുമരായ ഇരുവരുടെയും ഫ്ലാറ്റ് പൂർണമായും അഗ്നിക്കിരയായി. മൂന്നു വർഷമായി ഇവിടെയായിരുന്നു താമസം. പ്രസവാവധിയിലായിരുന്ന ടിനു തീ പടർന്ന ഉടൻ പിഞ്ചു കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. സർട്ടിഫിക്കറ്റുകളും  വീട്ടു സാധനങ്ങളും വസ്ത്രങ്ങളും ലാപ് ടോപ്പുകളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും ഇവർക്ക് നഷ്ടമായി. എങ്കിലും അപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം. ചാഡ്വെൽഹീത്തിൽ തന്നെ താമസിക്കുന്ന സഹോദരൻ തോമസിനൊപ്പമാണ് ഇപ്പോൾ ജോസഫും കുടുംബവും ഉള്ളത്. രണ്ടാം നിലയിൽ താമസിച്ചിരുന്ന ഇവരുടെ ഫ്ലാറ്റിന് തൊട്ടു താഴെ പ്രവർത്തിച്ചിരുന്ന നഴ്സറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് അനുമാനം. 

കെട്ടിടത്തിലെ അശാസ്ത്രീയമായ ക്ലാഡിങ് നീക്കം ചെയ്യാൻ മാസങ്ങളായി ഇവിടെ പണികൾ നടന്നുവരികയായിരുന്നു. ഈ കെട്ടിടം ഫയർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നതെന്നാണ് ലണ്ടൻ ഫയർബ്രിഗേഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്. 

ഗർഭിണികളും കുട്ടികളും അടങ്ങുന്ന താമസക്കാരെ വളരെ വേഗത്തിൽ രക്ഷപ്പെടുത്താനായതിനാൽ വൻ ദുരന്തം ഒഴിവായി. ആളുകളെ ഒഴുപ്പിച്ചു കഴിഞ്ഞപ്പോഴേയ്ക്കും തീ ആളിപ്പടർന്ന് ഗ്ലാസുകളും മറ്റും പൊട്ടിത്തെറിക്കുന്ന രീതിയിലേക്ക് അപകടം മാറി. രാത്രിയിൽ ഉറക്കത്തിനിടെ പുകമണം മുറികൾക്കുള്ളിലേക്ക് വന്നതോടെ പലരും കെട്ടിടത്തിൽനിന്നും പുറത്തുവന്നതിനാൽ വൻ ദുരന്തം ഒഴിവായി. 

അതിവേഗം പ്രതികരിച്ച് ആളപായം ഒഴിവാക്കിയ ഫയർഫോഴ്സിനെയും പൊലീസിനെയും ആംബുലൻസ് സർവീസിനെയും പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെറും ഹോം സെക്രട്ടറി വെറ്റേ കൂപ്പറും അഭിനന്ദിച്ചു.

English Summary:

Fire in East London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com