‘നിയമപരമായി എത്തിയാൽ ബ്രിട്ടനിൽ അവസരങ്ങളേറെ’; മാരത്തൺ ആത്മവിശ്വാസം പകർന്നു: സോജൻ ജോസഫ്
Mail This Article
കോട്ടയം ∙ നിയമപരമായി ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് ഇനിയും അവസരങ്ങൾ ഏറെയുണ്ടെന്ന് ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ്. ‘മലയാള മനോരമ’ പത്രാധിപ സമിതിയംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ലേബർ പാർട്ടി സ്ഥാനാർഥിയായി ആഷ്ഫഡ് മണ്ഡലത്തിൽ നിന്നാണു വിജയിച്ചത്. ബ്രിട്ടനിലെത്താൻ കുറുക്കുവഴികൾ തേടുന്നതു കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവിടെയെത്തിയാൽ ആ രാജ്യത്തുള്ളവരുമായി സഹവർത്തിത്വത്തോടെ നീങ്ങണം. എത്തുന്നവരെ ചേർത്തുപിടിക്കുന്ന രാജ്യമാണു ബ്രിട്ടൻ. സ്റ്റുഡന്റ് വീസയിൽ എത്തുന്നവർ ജോലി ലഭിക്കാതെ അവിടെത്തന്നെ നിൽക്കാൻ ശ്രമിക്കുന്നതു പ്രശ്നമുണ്ടാക്കും. നിയമപരമായ കുടിയേറ്റം രാജ്യത്തിനു ഗുണമാണ്. ആദ്യകാല മലയാളി നഴ്സുമാരുടെ കഠിനാധ്വാനം മലയാളികളെപ്പറ്റി നല്ല മതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും സോജൻ പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടി ഭരണത്തിൽ ബ്രിട്ടനിലെ സമ്പദ്‌വ്യവസ്ഥ ആകെ തകർന്നെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) പ്രശ്നങ്ങളുണ്ടായി. ആരോഗ്യപ്രവർത്തകർക്ക് ഇൻസെന്റീവ് മുടങ്ങി. പല മേഖലകളിലും സമരങ്ങൾ നടന്നു. എൻഎച്ച്എസ് പുനരുദ്ധാരണവും സാമ്പത്തിക സുസ്ഥിരതയുമാണ് ലേബർ സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
∙മാരത്തണിലൂടെ ആത്മവിശ്വാസം
9 രാജ്യാന്തര മാരത്തൺ മത്സരങ്ങൾ പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസം പാർലമെന്റ് തിരഞ്ഞെടുപ്പിലും ഗുണമായെന്നു സോജൻ ഫ്രാൻസിസ്. 2008 ൽ ജീവിതശൈലീ രോഗങ്ങൾ പിടിപെട്ടപ്പോഴാണ് ഓട്ടത്തിലേക്കു തിരിഞ്ഞത്. 2 വർഷത്തെ പരിശ്രമത്തിനൊടുവിൽ 10 കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കി. ബ്രിട്ടനിലുള്ള ഭാര്യാസഹോദരൻ ലണ്ടൻ മാരത്തൺ ഓടി പൂർത്തിയാക്കാമോ എന്നു കളിയായി ചോദിച്ചത് വാശിയുണ്ടാക്കി. 2014 ൽ ലണ്ടൻ മാരത്തൺ പൂർത്തിയാക്കി. പിന്നീട് പാരിസ്, ബർലിൻ ഉൾപ്പെടെ 9 രാജ്യാന്തര മാരത്തണുകളും പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.