മണിക്കൂറിൽ 225 കി.മീ വേഗത്തിൽ ചിഡോ; തകർന്നു തരിപ്പണമായി ആഫ്രിക്കയിലെ ഫ്രഞ്ച് ദ്വീപ് മയോട്ട്
Mail This Article
തീവ്രതയേറിയ ചിഡോ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞിരിക്കുകയാണ് മയോട്ട് ദ്വീപിനെ. ചിഡോ ചുഴലിക്കാറ്റിന്റെ പാതയിലാണ് മയോട്ട് സ്ഥിതി ചെയ്തത്. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിലാണു ചിഡോ വീശുന്നത്. സർക്കാർ കെട്ടിടങ്ങളും വീടുകളും ആശുപത്രിയും തകർന്നു. തെങ്ങുകൾ പല വീടുകളുടെയും മുകളിൽ പിഴുതുവീണ സംഭവങ്ങളുമുണ്ടായി. ഈ ദ്വീപസമൂഹത്തിൽ 90 വർഷത്തിനിടെ അടിച്ച ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണിത്.
ആയിരക്കണക്കിനു പേർക്ക് ജീവൻ നഷ്ടമായതായി ഫ്രഞ്ച് അധികൃതർ പറയുന്നു. 3.2 ലക്ഷം ആളുകളാണ് മയോട്ടിലുള്ളത്. ഇതിൽ മുക്കാൽ ഭാഗം ആളുകളും ദാരിദ്ര്യത്തിലാണ്. ദ്വീപസമൂഹത്തിലേക്ക് ഫ്രാൻസ് വ്യോമ, നാവിക മാർഗങ്ങളിലൂടെ സഹായമെത്തിക്കുന്നുണ്ട്.
തൊട്ടടുത്ത കൊമോറോസ്, മഡഗാസ്കർ ദ്വീപുകളിലും ചുഴലിക്കാറ്റ് സാരമായ നാശമുണ്ടാക്കി. ആഫ്രിക്കൻ രാജ്യം മൊസാംബിക്കിന്റെ വടക്കൻ മേഖലയിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ. മലാവി, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്കും ഇതു ചെന്നെത്തും. ഇവിടങ്ങളിൽ തയാറെടുപ്പുകൾ തുടങ്ങി.
ഫ്രാൻസിന്റെ 18 മേഖലകളിലൊന്നാണ് മയോട്ട്. ഓവർസീസ് ഡിപ്പാർട്മെന്റ് എന്ന ഗണത്തിൽപെടുന്ന സ്ഥലം. 1841ൽ ആണ് മയോട്ട് ഫ്രാൻസിന്റെ അധീനതയിൽ എത്തിയത്. യൂറോപ്യൻ യൂണിയന്റെ ഏറ്റവും അകലെയുള്ള മേഖല എന്ന പ്രത്യേകതയും മയോട്ടിനുണ്ട്. ഗ്രാൻഡ് ടെറി അല്ലെങ്കിൽ മായോറെയാണ് പ്രധാനപ്പെട്ടതും വലുതുമായ ദ്വീപ്. 39 കിലോമീറ്റർ നീളവും 22 കിലോമീറ്റർ വീതിയും ഈ ദ്വീപിനുണ്ട്. പ്രധാനമായും 2 ദ്വീപുകളാണ് മയോട്ട് ദ്വീപസമൂഹത്തിലുള്ളത്. ആഫ്രിക്കൻ രാജ്യമായ കൊമോറോസിൽനിന്നും ഇങ്ങോട്ടേക്ക് വലിയ തോതിൽ അഭയാർഥികൾ എത്തുന്നുണ്ട്.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവ് തെക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ സീസണാണ്. 2019ൽ ഇതേ കാലയളവിൽ വീശിയടിച്ച ഇദായ് ചുഴലിക്കാറ്റിൽ 1300 ആളുകളാണു മരിച്ചത്. മറ്റൊരു ചുഴലിക്കാറ്റായ ഫ്രെഡ്ഡി കാരണം 1000 പേർ കൊല്ലപ്പെട്ടു.