ADVERTISEMENT

അതീവ ദുഷ്‌കരമായ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് സൈബീരിയ. സൈബീരിയയിലെ മധ്യ സൈബീരിയൻ ഭാഗത്തുള്ള ഒരു ഊർജസ്വലനായ ജീവിയാണ് തുറുച്ചാൻ പൈക്ക. തണുത്തു മരവിക്കുന്ന പ്രകൃതിയിൽ ചടഞ്ഞുകൂടിയിരിക്കാതെ എപ്പോഴും ഊർജസ്വലരായി ഓരോ കളികളിൽ ഏർപ്പെടാനാണ് പൈക്കയ്ക്ക് ഇഷ്ടം.

പാറകളിൽ താമസിക്കുന്ന ജീവികളാണ് തുറുച്ചാൻ പൈക്ക. മലനിരകൾ ധാരാളമുള്ള മേഖലയാണ് മധ്യ സൈബീരിയ എന്നതിനാൽ ഇവയെക്കുറിച്ച് അധികം വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല.20 സെന്‌റിമീറ്റർ വരെ ഈ ജീവികൾ വളരും. ഇടതൂർന്ന ഇരുണ്ട നിറമുള്ള രോമക്കുപ്പായം ഇവയ്ക്കുണ്ട്. ഇത് അവയെ തണുപ്പുള്ള പ്രകൃതിയിലും അതിജീവിക്കാൻ മാർഗമേകുന്നു. വടക്കൻ ഏഷ്യൻ മേഖലയിൽ കാണപ്പെടുന്ന നോർത്തേൺ പൈക്ക എന്ന ജീവിയുടെ ഉപവിഭാഗമായിട്ടാണു തുറുച്ചാൻ പൈക്കകൾ കരുതപ്പെടുന്നത്. മുയലുകളോട് വളരെ അടുപ്പം പുലർത്തുന്ന ജീവികളാണു പൈക്കകൾ.

(Photo:X/@rath_22)
(Photo:X/@rath_22)

തുറുച്ചാൻ പൈക്കകൾക്ക് കരുത്തുറ്റ പിൻകാലുകളുണ്ട്. ഇതു പൊക്കത്തിൽ കയറാനും ചാടാനും ഉല്ലാസഭരിതരായി ഓടിച്ചാടി നടക്കാനുമൊക്കെ അവയെ പ്രാപ്തരാക്കുന്നു.

2020-2021 കാലയളവിൽ തുറുച്ചാൻ പൈക്കകളുടെ കായികവിനോദങ്ങളെപ്പറ്റി ഗവേഷകർ വിശദമായി പഠനം നടത്തിയിരുന്നു. റഷ്യയിലെ ഇർകുട്‌സ്‌ക് മേഖലയിലുള്ള പ്രൈമോർസ്‌കി മലനിരകളിലുള്ള ജീവികളെയാണ് ഈ ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. കുട്ടികളുടെ കള്ളനും പൊലീസും കളിപോലെ ഒളിച്ചിരിപ്പും പിന്തുടരലുമെല്ലാം ഉൾപ്പെടുന്ന വിനോദങ്ങളിൽ ഇവ ഏർപ്പെടാറുണ്ടെന്ന് ആ ഗവേഷണത്തിൽ തെളിഞ്ഞു.

തുറുച്ചാൻ പൈക്കകളിലെ കുട്ടികൾ മാത്രമല്ല ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നത്. മുതിർന്നവരും ഇക്കാര്യത്തിൽ വളരെ സജീവമാണ്. പൈക്ക വംശത്തിൽപ്പെട്ട ജീവികൾ ഹിമാലയൻ മേഖലകളിലുമുണ്ട്. വലിയ ചെവിയൻ പൈക്ക എന്നാണ് ഇവ അറിയപ്പെടുന്നത്. 6 കിലോമീറ്ററിനപ്പുറം ഉയരത്തിലാണ് ഇവ ജീവിക്കുന്നത്.

English Summary:

Turuchan Pika: The Playful Inhabitants of Siberia's Frozen Heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com