ADVERTISEMENT

ചാവുകടലിന്റെ അടിത്തട്ടിൽ പുകവമിപ്പിക്കുന്ന ചിമ്മിനികൾ പോലുള്ള ഘടനകൾ കണ്ടെത്തി ഗവേഷകർ. ദ്രാവകങ്ങളാണ് ഇവ വമിപ്പിക്കുന്നത്. അത്ര നല്ലൊരു സൂചനയല്ല ഇവ നൽകുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. 23 അടി വരെ പൊക്കത്തിൽ പോകുന്ന ചിമ്മിനികൾ പ്രശ്‌നകരമായ സിങ്ക്‌ഹോളുകളുടെ സൂചനയാകാമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഇത്തരം സിങ്ക്‌ഹോളുകൾ ഈ മേഖലയിൽ സാധാരണമാണ്. സിങ്ക്‌ഹോളുകൾ ഉണ്ടാകാവുന്ന സ്ഥലങ്ങളിൽ തറനിരപ്പ് ഇടിയാനുള്ള സാധ്യതയുണ്ട്.

ജോർദാൻ, ഇസ്രയേൽ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ കരയുള്ള ഉപ്പുതടാകമാണ് ചാവുകടൽ. സമുദ്രത്തേക്കാൾ 10 മടങ്ങ് ലവണസാന്നിധ്യമുള്ളതാണു ചാവുകടൽ. വർഷം ചെല്ലുന്തോറും ലവണങ്ങൾ ഇതിൽ കൂടിവരികയുമാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി വരൾച്ച കാരണം ചാവുകടൽ ചുരുങ്ങിവരികയാണ്. മേഖലയിലെ ജലസമ്പത്തിൽപോലും ഇതു പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. ചാവുകടലിനെ തൊട്ടുള്ള കരഭാഗങ്ങളിൽ ശുദ്ധജലപ്രശ്‌നം ഉടലെടുക്കാൻപോലും ഇതു കാരണം സാധ്യതയുണ്ടെന്നു യുഎസ് ജിയോളജിക്കൽ സർവേ പറയുന്നു.

ചാവുകടലിൽ ഉടലെടുത്ത ചിമ്മിനിഘടനകൾ ഇവിടെ മാത്രം കണ്ടിട്ടുള്ളതാണെന്നും ലോകത്ത് വേറെയെവിടെയും ഇതുപോലൊരു കാഴ്ച ഉണ്ടായിട്ടില്ലെന്നും ഗവേഷകർ പറയുന്നു.ഇതിൽ നിന്നു പുറത്തേക്കു വിടുന്ന ദ്രാവകം ഭൂഗർഭജലമാണെന്നും ഗവേഷകർ പറയുന്നു.ഇതു പാറകൾക്കിടയിലൂടെ പുറത്തേക്കു വരുമ്പോൾ ഇവയിൽ ഉപ്പുരസം കലരും. എങ്കിൽപോലും ചാവുകടലിലെ വെള്ളത്തിലുള്ളത്രയും ഉപ്പുസ്സാന്നിധ്യം ഇതിലുണ്ടാകില്ല. അതിനാൽ തന്നെ സാന്ദ്രത കുറയും. ഈ വെള്ളം ചാവുകടലിനു താഴെയുള്ള ചിമ്മിനിഘടനകളിലൂടെ ഒരു ജെറ്റ് മാതിരി ചീറ്റിത്തെറിക്കാൻ കാരണമാകുന്നത് സാന്ദ്രതയിലെ ഈ വ്യതിയാനമാണ്.

English Summary:

Chimneys Discovered in Dead Sea Spark Sinkhole Fears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com