എന്റമ്മോ, ഇതെന്തൊരു പാമ്പ്! സീലിങ് തകർത്ത് വീടിനകത്തെ സോഫയിലേക്ക്; പിടിക്കാനെത്തിയത് 7 പേർ
Mail This Article
മലേഷ്യയിലെ കമുന്തിങ്ങിലെ കമ്പങ് ഡ്യൂവിലുള്ള വീട്ടിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമിഡിയ. അഞ്ച് മീറ്ററിലധികം നീളവും 80 കിലോ ഭാരവുമുള്ള പെരുമ്പാമ്പ് സീലിങ് തകർത്തുകൊണ്ടാണ് വീടിനകത്തേക്ക് കയറിയത്. എണ്ണപ്പനയിൽ നിന്നു വീടിനുമുകളിലേക്ക് കയറിയതാകാമെന്ന് കരുതുന്നു.
പേടിച്ചരണ്ട വീട്ടുകാർ ഉടൻതന്നെ തായ്പിങ് ജില്ലാ സിവിൽ ഡിഫൻസ് ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അങ്കടൻ പെർട്ടഹനൻ അവാമിൽ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാലറ്റം സീലിങ്ങിലും ബാക്കി സോഫയിലുമായാണ് കിടന്നത്. ഉദ്യോഗസ്ഥർ സീലിങ്ങിന്റെ ഒരു ഭാഗം തകർത്തതോടെ പൂർണമായും പാമ്പ് വീടിനകത്തേക്ക് ഇറങ്ങി. ഇതോടെ ഉദ്യോഗസ്ഥർക്ക് പാമ്പിനെ പിടികൂടുകയും സംരക്ഷണത്തിനായി വന്യജീവികളെ സംരക്ഷിക്കുന്ന ദേശീയ പാർക്കിലേക്ക് മാറ്റുകയും ചെയ്തു.