പുതിയ കാമുകനുമായി ‘വിസ്ഡം’; നാൽപതിലേറെ മക്കൾ! 74–ാം വയസ്സിൽ പക്ഷിക്കു വീണ്ടും മുട്ട
Mail This Article
ലോകത്തിലെ ഏറ്റവും പ്രായമുള്ള പക്ഷിയെന്നു കരുതപ്പെടുന്ന ആൽബട്രോസ് പക്ഷി പുതുതായി മുട്ടയിട്ടു. 74ാം വയസ്സിലാണ് വിസ്ഡം എന്നു പേരുള്ള പക്ഷി മുട്ടയിട്ടത്.
1956ലാണ് വിസ്ഡത്തിനെ അമേരിക്കൻ അധികൃതർ കണ്ടെത്തി ഐഡന്‌റിഫിക്കേഷൻ ബാൻഡ് ഇട്ടത്.അന്ന് അവൾക്ക് 5 വയസ്സായിരുന്നു പ്രായം.അകീകാമയ് എന്ന മറ്റൊരു ആൺ ആൽബട്രോസ് പക്ഷിയായായിരുന്നു ദീർഘനാൾ വിസ്ഡത്തിന്റെ പങ്കാളി. 2010 മുതൽ ഇവർ കൂട്ടാണ്. ആൽബട്രോസുകൾക്ക് പൊതുവേ ജീവിതത്തിൽ ഒരേയൊരു പങ്കാളിയാകും ഉണ്ടാകുക.എന്നാൽ വിസ്ഡത്തിന്‌റെ കാര്യത്തിൽ, ആയുർദൈർഘ്യം കൂടിയതിനാൽ ഇതായിരുന്നില്ല സ്ഥിതി. പല പങ്കാളികൾ അവൾക്കുണ്ടായിരുന്നു. അകീകാമയ് കുറച്ചുകാലമായി എത്താത്തതിനാൽ പുതിയൊരു ആൺപക്ഷിയുമായാണ് ഇപ്പോൾ വിസ്‍ഡത്തിന് അടുപ്പം.
ആൽബട്രോസുകൾ പ്രശസ്തമായ കടൽപ്പക്ഷികളാണ്. ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ ഇവയെപ്പറ്റി പരാമർശമുണ്ട്. ഈ ഗ്രൂപ്പിലെ ഉപവിഭാഗമായ ലെയ്‌സാൻ ആൽബട്രോസിൽ പെട്ടതാണ് വിസ്ഡം. വടക്കൻ ശാന്തസമുദ്ര മേഖലയിൽ കാണപ്പെടുന്ന ഇവ ആകാരത്തിൽ ചെറുതാണ്. വെളുത്ത നിറമുള്ള ശരീരവും ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള ചിറകുകളും ഇവയ്ക്കുണ്ട്. വർഷത്തിൽ സിംഹഭാഗവും കടലിൽ ചിലവഴിക്കുന്ന ഇവ പ്രജനന കാലത്താണ് മിഡ്‌വേ ആറ്റോളിലേക്ക് എത്തുന്നത്. വടക്കൻ ശാന്തസമുദ്രമേഖലയിൽ മാത്രം രണ്ടര ലക്ഷത്തോളം ഇത്തരം പക്ഷികളുണ്ടെന്നാണു കണക്ക്.
നാൽപതു വർഷമാണ് ലെയ്‌സാൻ ആൽബട്രോസുകളുടെ ജീവിതകാലമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്.എന്നാൽ വിസ്ഡം ഈ കണക്കുകളെല്ലാം ലംഘിച്ചു.
വിസ്ഡം ഏറെ അറിയപ്പെടുന്ന പക്ഷിയാണ്. ഇവളെപ്പറ്റി ധാരാളം പഠനങ്ങൾ യുഎസ് ശാസ്ത്രജ്ഞർ നടത്തിയിട്ടുണ്ട്. 2011ൽ വടക്കൻ ശാന്ത സമുദ്രത്തിലെ ടൊഹോക്കു ദ്വീപിൽ സംഭവിച്ച ഭൂകമ്പത്തിലും തുടർന്നുണ്ടായ സൂനാമിയിലും നിരവധി ലെയ്‌സാൻ ആൽബട്രോസുകൾ കൊല്ലപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ വിസ്ഡവും ഉൾപ്പെട്ടിരിക്കാം എന്നു ശാസ്ത്രജ്ഞർ പേടിച്ചിരുന്നെങ്കിലും അവൾ ദുരന്തത്തെ അതിജീവിച്ചിരുന്നു.
മറ്റുള്ള പക്ഷികളിൽ നിന്ന് അൽപം വ്യത്യസ്തമായുള്ള പ്രജനന പ്രക്രിയയാണ് ലെയ്‌സാൻ ആൽബട്രോസുകൾക്ക്. ഇവ ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ ഒരുപാടു കാലമെടുക്കും. ദ്വീപിൽ നടക്കുന്ന പക്ഷികളുടെ നൃത്തത്തിനൊടുവിലാണ് ഇവർ പങ്കാളിയെ തിരഞ്ഞെടുക്കുന്നത്.പിന്നീട് കുറേക്കാലം ഒരുമിച്ചു കഴിഞ്ഞശേഷമാണ് ഇവ പ്രജനനത്തിനൊരുങ്ങുക. ഈ ബന്ധം ഒരുപാടു കാലം നീണ്ടു നിൽക്കും. മൂന്നോ നാലോ വർഷം കഴിഞ്ഞശേഷമാകും പെൺ ആൽബട്രോസ് പക്ഷി ആദ്യമായി മുട്ടയിടുന്നത്. ഒരു വർഷം ഒന്ന് എന്ന കണക്കിലാണു മുട്ടയിടൽ്.അതിനാൽ തന്നെ ആൽബട്രോസുകളുടെ പ്രജനന നിരക്ക് മറ്റു പക്ഷികളെ അപേക്ഷിച്ച് കുറവാണ്.അച്ഛനും അമ്മയും ഒരുമിച്ചാണു കുട്ടികളെ വളർത്തുന്നത്.
ഹവായ് ദ്വീപിൽ അൽപം ദൈവികപരിവേഷമുള്ള പക്ഷികളാണ് ലെയ്‌സാൻ ആൽബട്രോസുകൾ. അവിടത്തെ പരമ്പരാഗത മതത്തിലെ കൃഷിയുടെയും മഴയുടെയും ദേവതയായ ലോണോയുടെ സഹചാരികളാണ് ഈ പക്ഷികൾ. വടക്കൻ ശാന്തസമുദ്രത്തിലെ വിദൂരദ്വീപായ മിഡ്‌വേ ആറ്റോൾ രണ്ടാം ലോകയുദ്ധ സമയത്ത് ഒരു സൈനിക ക്യാംപായിരുന്നു. ലെയ്‌സാൻ പക്ഷികൾക്കു പുറമേ ബ്ലാക്ക് ഫൂട്ടഡ് എന്ന മറ്റൊരു ആൽബട്രോസ് വിഭാഗവും ഇരുപതിലേറെ മറ്റു പക്ഷിവിഭാഗങ്ങളും ദ്വീപിനെ വീടാക്കുന്നു.
അംഗസംഖ്യയൊക്കെയുണ്ടെങ്കിലും ലെയ്‌സാൻ ആൽബട്രോസുകളുടെ നിലവിലെ സ്ഥിതി അൽപം പരിതാപകരമാണ്. കാലാവസ്ഥയിൽ സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ, സ്രാവുകൾ വേട്ടയാടുന്നത്, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയവ ഇവയുടെ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ പ്രധാന പ്രശ്‌നം ഇവയൊന്നുമല്ല. മേഖലയിലേക്ക് കടന്നു വന്നിട്ടുള്ള ചിലയിനം എലികളാണ് ഇപ്പോൾ ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്. കുറച്ചു നാളുകൾ കൊണ്ടു തന്നെ പെറ്റുപെരുകി വലിയ അംഗസംഖ്യയിലായ ഈ എലികൾ യാതൊരു കരുണയുമില്ലാതെയാണ് ആൽബട്രോസുകളെ പിടികൂടി കൊന്നുതിന്നുന്നത്.