ഒറ്റനോട്ടത്തിൽ ഒരുപോലെ; കുറുക്കനും കുറുനരിയും തമ്മിലുള്ള വ്യത്യാസമെന്ത്?
Mail This Article
കേരളത്തിൽ കുറുക്കന്മാരുടെയും കുറുനരികളുടെയും ആക്രമണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റിരുന്നു. തെരുവുനായ ആണെന്ന് കരുതി ഓടിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ കടിക്കുകയായിരുന്നു. കുറുക്കന്മാരുടെ ആക്രമണങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒറ്റനോട്ടത്തിൽ സമാനമെന്ന് തോന്നുമെങ്കിലും രണ്ട് സസ്തനി വർഗങ്ങളാണ് ഇവ. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
കുറുനരി (Jackal) കനിസ് ജീനസിലും കുറുക്കൻ വൾപസ് (Vulpus) ജീനസിലും ഉൾപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം കാണപ്പെടുന്ന ഒരു ജന്തുവാണ് കുറുക്കൻ. ഇടത്തരം വലുപ്പമാണുള്ളത്. 2 മുതല്‍ 5 കിലോഗ്രാം മാത്രം ഭാരമാണ് ഇവയ്ക്കുള്ളത്. കുറുനരികള്‍ക്ക് നായയുടെ വലിപ്പം ഉണ്ടാകും. 9 മുതല്‍ 12 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും.
കുറുക്കന്റേത് മനോഹരമായ രോമാവരണമുള്ള ശരീരമാണ്. വാലിന് നല്ല നീളവും ഉണ്ട്. എന്നാൽ കുറുനരിയുടേത് ഭംഗിയില്ലാത്ത ശരീരമാണ്. മുഷിഞ്ഞ രോമങ്ങളും നീളമില്ലാത്ത വാലും കുറുനരിയുടെ പ്രത്യേകതയാണ്. കുറുക്കനേക്കാൾ കൂർത്ത മുഖമാണ് കുറുനരിക്ക്.
ഇരതേടൽ വിദഗ്ധനാണെങ്കിലും ശവംതീനി എന്ന പേര് എങ്ങനയോ വന്നു ചേർന്നിട്ടുള്ള ഒരു ജീവിയാണ് കുറുക്കൻ. മോങ്ങുകയും കുരയ്ക്കുകയും ചെറിയ വിളിശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. അപായസൂചനയും ഭക്ഷണവിവരവും കൈമാറാനുമാണ് കുറുനരികൾ ഓളിയിടുന്നത്. ഇരുവരും സമ്മിശ്ര ഭോജിയാണെങ്കിലും മാംസാഹാരം കൂടുതൽ ഇഷ്ടം കുറുനരിക്കാണ്. മാംസം വലിച്ചുകീറാനുള്ള കോമ്പല്ലുകൾ ഇവയ്ക്കുണ്ട്. മനുഷ്യ സമ്പർക്കം ഇഷ്ടപ്പെടാത്തവരാണ് കുറുക്കന്മാർ. എന്നാൽ കുറുനരികൾ കാടതിർത്തികളും ജനവാസമേഖലയും ഇഷ്ടപ്പെടുന്നവരാണ്.
ഇരതേടുന്നതിലും ഇവർ വ്യത്യസ്തരാണ്. കുറുക്കന്മാർ എല്ലാവർക്കുമൊപ്പമാണ് ഇരതേടാൻ പോകുന്നതെങ്കിൽ കുറുനരികൾ ഇണയ്ക്കൊപ്പം മാത്രമായിരിക്കും നടക്കുക. ജോഡികളുടെ സംഘമായും ഇരതേടാൻ പോകാറുണ്ട്. തങ്ങളുടെ അതിർത്തികൾ മൂത്രം, മലം എന്നിവ കൊണ്ട് രേഖപ്പെടുത്താനും ഇവർ മറക്കാറില്ല.