ADVERTISEMENT

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി പൊലിഞ്ഞത് 9 ജീവൻ. 24 മണിക്കൂറിൽ (ഡിസംബർ 1) 50 സെന്റിമീറ്ററോളം മഴയാണ് ഇവിടെ പെയ്തത്. കഴിഞ്ഞ 30 വർഷത്തിനിടെ ഒറ്റദിവസം കൊണ്ട് ഇത്രയും മഴ ലഭിക്കുന്നത് ഇപ്പോഴാണ്. പ്രധാന ബസ് ഡിപ്പോയും 100ലധികം വീടുകളും വെള്ളത്തിലായിട്ടുണ്ട്. കാറുകൾ ഒഴുകിപ്പോയി. ദുരന്തത്തിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രളയത്തിൽ മുങ്ങിയ പുതുച്ചേരിയെ കരകയറ്റാൻ സൈന്യം എത്തിയിരിക്കുകയാണ്. 100 ലധികം ആളുകളെ ഇവർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാംപുകളാകുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

(Photo:X/@Bagalavan_TNIE)
(Photo:X/@Bagalavan_TNIE)

50 വർഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് വിഴുപ്പുറത്ത് ഉണ്ടായത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മേൽനോട്ടത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം നടക്കുന്നത്.

തമിഴ്നാടിനു മുകളിൽ ശക്തി കുറഞ്ഞ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്, വടക്കൻ കേരളത്തിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദമായി ഇന്ന് രാത്രിയോടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. 

പെരുമഴയിൽ പത്തനംതിട്ടയും കോട്ടയവും 

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചില സ്ഥലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ. പത്തനംതിട്ടയിലെ ചെറുകുളഞ്ഞിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 248 മില്ലിമീറ്റർ. വയല–233, അത്തിക്കയം–231, പാമ്പാടി– 230.2, മതിലകം–219.2, തവളപ്പാറ–200, കൊടുങ്ങല്ലൂർ–185, കോട്ടയം–183.8 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

മഴ കനത്തതോടെ പമ്പ, കക്കി നദികളിൽ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിലൂടെ വെള്ളം കലങ്ങിയാണ് വരുന്നത്. അതിനാൽ തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകൾ തുറന്നുവിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞു. ശബരിമല മേഖലയിൽ 4 ദിവസം മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇതുകൂടി പരിഗണിച്ചാണ് പമ്പയിൽ അതീവ ജാഗ്രത പാലിക്കുന്നത്. 

English Summary:

Tamil Nadu Floods: Army Deployed as Cyclone Mandous Batters Puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com