ന്യൂനമർദം ശ്രീലങ്ക തമിഴ്നാട് തീരത്തിനു സമീപം; തീരദേശ മേഖലയിൽ മഴ തുടങ്ങി
Mail This Article
ബംഗാൾ ഉൾക്കടൽ ന്യൂനമർദം ശ്രീലങ്ക തമിഴ്നാട് തീരത്തിനു സമീപമെത്തി. ഇതോടെ തമിഴ്നാട് തീരദേശ മേഖലയിൽ മഴ തുടങ്ങി. കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഏറ്റവും കൂടുതൽ മഴ മധ്യ തെക്കൻ കേരളത്തിലായിരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.
തമിഴ്നാട്ടിലെ 11 ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. കൂടല്ലൂർ, മയിലാടുംതുരൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുകൂടാതെ, ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവല്ലൂർ, ശിവഗംഗ, രാമനാഥപുരം, തിരുച്ചി, പേരമ്പല്ലൂർ, അരിയലൂർ, കള്ളക്കുറിച്ചി, വില്ലുപുരം ജില്ലകളിൽ കനത്തയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. ഇതിന്റെ മയിലാടുംതുരൈയിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ദുരിതം വിതച്ചു. തുടർച്ചയായ മഴയിൽ പലയിടങ്ങളും വെള്ളത്തിലായി. നിരവധിപ്പേർക്ക് ജീവനും നഷ്ടമായി. ചുഴലിക്കാറ്റ് ശക്തിക്കുറഞ്ഞ് അറബിക്കടലിലേക്ക് പതിക്കുകയാണുണ്ടായത്. ഈ സമയങ്ങളിൽ വടക്കൻ കേരളത്തിലും വ്യാപക മഴയുണ്ടായിരുന്നു.