ADVERTISEMENT

ആലപ്പുഴയും കുമരകവും സന്ദർശിച്ച്  സൗത്ത് ഇന്ത്യൻ ഇസ്രയേൽ കൗൺസലർ ഓർലി വിറ്റ്സ്മാൻ. ആലപ്പുഴയുടെ തനതു രുചിക്കൂട്ടുകൾ ആസ്വദിച്ചു. വാഴയിലയിൽ ഒരുക്കിയ സദ്യയ്ക്ക് രുചി പകരാൻ കരിമീൻ, ചെമ്മീൻ വിഭവങ്ങളുമുണ്ടായിരുന്നു. കേരളത്തിന്റെ കാഴ്ചകൾ ആസ്വദിക്കുക മാത്രമല്ല ഇനിയും കേരളം സന്ദർശിക്കാൻ വരുമെന്നും ഇവർ പറഞ്ഞതായി സ്പൈസസ് റൂട്ട്സ് ലക്ഷ്വറി ക്രൂസ് ഡയറക്ടർ ജോബിൻ ജെ അക്കരക്കളം പറഞ്ഞു. കൊച്ചിയിൽ നിന്നും ഇസ്രായേലിലേ ടെൽ അവീവിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് ഉണ്ടായിരുന്നപ്പോൾ വിനോദ സഞ്ചാര സാധ്യതകൂടുതലായിരുന്നു എന്ന കാര്യം ശ്രദ്ധിയിൽപ്പെടുത്തിയതായി ജോബിൻ മനോരമ ഓൺലൈനോടു പറഞ്ഞു,  ‘‘ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണ്. കൊച്ചിയിൽ നിന്നും നേരിട്ടുള്ള ഫ്ലൈറ്റ് പുനരാരംഭിക്കാനുള്ള സാധ്യതയില്ല, നിലവിലെ സുരക്ഷാ പ്രശ്നങ്ങൾ മാറിയ ശേഷം ടെൽ അവീവിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റ് സൗകര്യം തയാറാകും’’ : ഓർലി വിറ്റ്സ്മാൻ പറഞ്ഞു. ഇസ്രയേലിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം വീണ്ടും ഇവിടേക്കു വരുമെന്നു പറഞ്ഞാണ് ആലപ്പുഴയോട് ഓർലി വിറ്റ്സ്മാൻ ബൈ പറഞ്ഞത്.

ഓർലി വിറ്റ്സ്മാന് ‘വൺ ഹാർട്ട് ടു വേൾഡ്’എന്ന ബുക്ക് സമ്മാനിക്കുന്നു
ഓർലി വിറ്റ്സ്മാന് ‘വൺ ഹാർട്ട് ടു വേൾഡ്’എന്ന ബുക്ക് സമ്മാനിക്കുന്നു

ആലപ്പുഴയിലെന്തുണ്ട് കാണാൻ?

ബീച്ചുകളും കായലുകളുമാണ് ആലപ്പുഴക്കു മായിക ഭംഗി സമ്മാനിക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയിലെ പതിവുകാഴ്ചകളിൽ ഒന്നാണ് ഹൗസ് ബോട്ട് യാത്ര. വേമ്പനാട്ടു കായലിന്റെയും അതിനു സമീപമുള്ള കൊച്ചുഗ്രാമങ്ങളുടെയും സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഏതൊരാളുടെയും ഉള്ളുനിറയ്ക്കും. അതിനൊപ്പം തന്നെ രുചികരമായ വിഭവങ്ങൾ കൂടി ചേരുമ്പോൾ ആ യാത്ര അവിസ്മരണീയമായ അനുഭവമായി മാറുമെന്നതിൽ തർക്കമില്ല. കരിമീൻ പൊള്ളിച്ചതും കപ്പയും കൂടെ അവിയലും സാമ്പാറും തോരനും മീൻകറിയുമൊക്കെ ചേരുന്ന വിഭവസമൃദ്ധമായ തനിനാടൻ ഊണും ഇത്തരം ഹൗസ് ബോട്ടുകളിൽ നിന്നും ലഭിക്കും.

israelin-bengaluru2
Mr.Weitzman and Ms.Orli

ലൈറ്റ് ഹൗസും കടൽ പാലവും

ആലപ്പുഴയിൽ കാണാൻ ഈ കാഴ്ചകൾ മാത്രമല്ല, ബീച്ചുകളും ആ നാടിന്റെ മാറ്റുകൂട്ടുന്നു. വൈകുന്നേരങ്ങളിൽ അസ്തമയ കാഴ്ചകളും കണ്ട്, കുറച്ചു സമയം അലയടിച്ചു വരുന്ന തിരകളെ നോക്കി ആ തീരത്തിരിക്കാം. എത്ര നേരമിരുന്നാലും കടൽ ഒരിക്കലും മടുക്കാത്ത ഒരു കാഴ്ചയാകുന്നത് അപ്പോഴായിരിക്കും. തിരകളെണ്ണിയും പട്ടം പറത്തിയും കടല കൊറിച്ചും ആ സായന്തനം മറക്കാനാകാത്ത ഒന്നാക്കി മാറ്റാൻ ആ കടൽത്തീരങ്ങൾ സഹായിക്കും. കുട്ടികൾക്ക് കളിക്കാൻ ബീച്ചിനോടു ചേർന്നൊരു പാർക്കുണ്ട്. ലൈറ്റ് ഹൗസും കടൽപാലവുമൊക്കെ കണ്ടുമടങ്ങാം.

Alappuzha-web-travel

കടലും കായലും മാത്രമല്ലാതെ, ആ നാടിന്റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കാൻ സഹായിക്കുന്ന നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് ആലപ്പുഴ. അതിലേറെ പ്രധാനപ്പെട്ടതാണ് തകഴി മ്യൂസിയം. അക്ഷരങ്ങൾ കൊണ്ട് ഒരു നാടിന്റെ മുഴുവൻ സൗന്ദര്യത്തെയും മനുഷ്യ ജീവിതത്തിലെ സങ്കീർണമായ അവസ്ഥകളെയും വാക്കുകളിലൂടെ വരച്ചിട്ട കുട്ടനാടിന്റെ ഇതിഹാസകാരന്റെ മണ്ണ്. തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലം തറവാട് 2000 ലാണ് ഗവൺമെന്റ് ഏറ്റെടുത്ത് മ്യൂസിയമാക്കിയത്. ആലപ്പുഴ ടൗണിൽനിന്ന് 22 കിലോമീറ്ററാണ് ഈ സ്മാരകമണ്ഡപത്തിലേക്കുള്ള ദൂരം. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ കാലത്തു 9.30 മുതൽ വൈകിട്ട് 5.30 വരെ ഇവിടെ സന്ദർശകർക്ക് പ്രവേശനമുണ്ട്.

തകഴിക്കടുത്തു തന്നെയാണ് കരുമാടിക്കുട്ടന്റെയും സ്ഥാനം. പുരാവസ്തു വകുപ്പ് സംരക്ഷിച്ചു പോരുന്ന ഈ ബുദ്ധപ്രതിമ കരുമാടിത്തോട്ടിൽനിന്ന് സർ റോബർട്ട് ബ്രിസ്റ്റോയ്ക്ക് ലഭിച്ചതാണ്. വളരെ അപൂർവമായ ഈ പ്രതിമ പകുതിയോളം നശിച്ച അവസ്ഥയിലാണു കണ്ടെടുത്തത്. ചരിത്രകാരൻമാരുടെ നിഗമനങ്ങൾ പ്രകാരം ഇതൊരു ബുദ്ധപ്രതിമയാണ്. ബുദ്ധമതവിശ്വാസികൾ നിരവധിയുണ്ടായിരുന്ന നാടായിരുന്നു എന്നതാണ് വിഗ്രഹം ബുദ്ധന്റെയാണെന്ന അനുമാനത്തിലെത്താൻ കാരണം.പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ ഈ മണ്ണിലുണ്ട്. പാൽപായസത്തിന്റെ രുചിപ്പെരുമയുള്ള ശ്രീ കൃഷ്ണക്ഷേത്രം ആലപ്പുഴയിൽനിന്നു 13 കിലോമീറ്റർ മാത്രം മാറിയാണ് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴ വേലകളിക്കു പ്രശസ്തമായ ഈ ക്ഷേത്രം നിരവധി ഐതിഹ്യങ്ങൾ പേറുന്ന ഇടം കൂടിയാണ്. കേരളീയ ക്ഷേത്ര മാതൃകയിൽ നിർമിച്ചിട്ടുള്ള ഇവിടെ ശ്രീകൃഷ്ണനെ പാർഥസാരഥിയായി സങ്കല്പിച്ചുകൊണ്ടാണ് പ്രതിഷ്ഠ. കേരളത്തിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് തെക്കൻ ഗുരുവായൂർ എന്നും അറിയപ്പെടുന്നു.കായംകുളത്തിനടുത്താണ് കൃഷ്ണപുരം കൊട്ടാരം. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമയാണ് ഈ കൊട്ടാരം നിർമിച്ചത്. ചുവർചിത്രങ്ങളും പുരാവസ്തുക്കളും ശില്പങ്ങളും രാജകൊട്ടാരത്തിലെ ആയുധങ്ങളും പണ്ടുപയോഗിച്ചിരുന്ന നാണയങ്ങളും തുടങ്ങി നിരവധി പൗരാണിക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഇവിടം സന്ദർശിക്കുന്നത് ചരിത്രത്തിൽ താൽപര്യമുള്ളവർക്കു വലിയൊരു മുതൽക്കൂട്ടായിരിക്കും. കേരളത്തിന്റെ തനതു വാസ്തുവിദ്യാശൈലിയിൽ തന്നെയാണ് കൃഷ്ണപുരം കൊട്ടാരത്തിന്റെ നിർമിതി. പതിനാറു കെട്ടാണിത്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ ഇവിടം സന്ദർശിക്കാം.

English Summary:

Israeli Consul General Orli Witzman visited Alappuzha and Kumarakom, enjoying Kerala's beauty and cuisine. She plans a return trip with an Israeli delegation, highlighting the growing tourism potential between Kerala and Israel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com