'അഷ്ടമിമോൾ പറക്കുകയാണ്, നൃത്തവും വരയും പാട്ടുമൊക്കെയായി'; മന്ത്രി പങ്കുവെച്ച വിഡിയോയിലെ മിടുക്കി ഇവിടെയുണ്ട്
Mail This Article
പരിമിതികളെ അതിജീവിച്ച് നിറചിരിയോടെയാണ് ഈ നാലാം ക്ലാസുകാരി കസേരയിൽ ഇരുന്ന് നൃത്തം ചെയ്തത്. വിഡിയോ കണ്ട വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി, അഷ്ടമി പ്രവീൺ എന്ന ഒമ്പതു വയസുകാരിയെ അഭിനന്ദിച്ച് തന്റെ ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. 'നന്നായിട്ടുണ്ട് മോളേ' എന്ന ഒറ്റ വാചകത്തിലാണ് മന്ത്രി അഷ്ടമിക്കുട്ടിയെ അഭിനന്ദിച്ചത്, അതിന് ആയിരം മടങ്ങ് അർഥങ്ങളുണ്ടായിരുന്നു.
തിരുവനന്തപുരം പേട്ട സ്വദേശികളായ പ്രവീണിന്റെയും ശരണ്യയുടെയും മകളാണ് അഷ്ടമി. ജനിച്ച സമയത്ത് നട്ടെല്ലിന്റെ ഭാഗത്ത് ഒരു മുഴയുണ്ടായിരുന്നു. മകൾ വലുതാകുന്നതിന് അനുസരിച്ച് ആ മുഴയും വലുതായി കൊണ്ടിരുന്നു. അഞ്ചാം മാസത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സർജറി ചെയ്താണ് മുഴ മാറ്റിയത്. എന്നാൽ, മുഴ സർജറി ചെയ്ത് മാറ്റിയപ്പോൾ അത് കാലിനെ ആയിരുന്നു ബാധിച്ചത്. കാല് നിലവിൽ വളഞ്ഞാണുള്ളത്. അതുകൊണ്ടു തന്നെ ഷൂവിന്റെ സഹായത്തോടെയാണ് നടക്കുന്നത്. എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സകളും കാര്യങ്ങളും നടക്കുന്നത്.
തിരുവനന്തപുരം പേട്ട സർക്കാർ എൽ പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അഷ്ടമി. ജനറൽ സ്കൂൾ ആണെങ്കിലും സ്പെഷ്യൽ എജ്യുക്കേഷന്റെ ഒരു വിംഗ് ഈ സ്കൂളിലുണ്ട്. കണ്ണൂർ സ്വദേശിനിയായ സവിത എന്ന അധ്യാപികയും ഇവിടെയുണ്ട്. സവിത ടീച്ചറാണ് അഷ്ടമിയെ കസേരയിൽ ഇരുന്നു കൊണ്ടുള്ള നൃത്തം പഠിപ്പിച്ചത്. പേട്ട സ്കൂളിൽ ആൻ്റണി രാജു എം എൽ എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഷ്ടമിയുടെ നൃത്തവും ഉണ്ടായിരുന്നു. ഈ നൃത്തത്തിന്റെ വിഡിയോ ആരോ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു നൽകുകയും മന്ത്രി അത് ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുകയുമായിരുന്നു. എന്നാൽ, നൃത്തം മാത്രമല്ല പാട്ടും ചിത്രരചനയുമെല്ലാം അഷ്ടമിക്ക് വശമാണ്.
വീട്ടിൽ നിന്ന് സ്കൂളിലേക്ക് മുക്കാൽ കിലോമീറ്ററോളം ദൂരമാണ് ഉള്ളത്. രാവിലെ അച്ഛന്റെ ബൈക്കിലാണ് അഷ്ടമിയുടെ സ്കൂളിലേക്കുള്ള യാത്ര. ഒപ്പം അമ്മ ശരണ്യയും ഉണ്ടാകും. അഷ്ടമിക്കൊപ്പം വൈകുന്നേരം വരെ അമ്മയും സ്കൂളിൽ തന്നെയിരിക്കും. സ്കൂളിൽ എത്തി കഴിയുമ്പോൾ ഷൂ കാലിൽ ധരിക്കും. ഷൂവിന്റെ സഹായത്തോടെ നടക്കാൻ കഴിയുമെങ്കിലും ഒരാൾ എപ്പോഴും സഹായത്തിന് വേണം. അതുകൊണ്ട് തന്നെ സ്കൂളിൽ പോകുമ്പോൾ മുഴുവൻ സമയവും എല്ലാവിധ സഹായവുമായി അമ്മ അഷ്ടമിക്ക് ഒപ്പം തന്നെയുണ്ട്.