നമ്മുടെ ശരീരത്തിലൂടെ തുളച്ചുകയറിയിറങ്ങിപ്പോകുന്ന തമോദ്രവ്യം; സൂക്ഷ്മരൂപത്തിലുള്ള മാറ്റങ്ങൾ, നാം അറിയുന്നുണ്ടോ?
Mail This Article
പ്രൈമോർഡിയൽ ബ്ലാക്ക്‌ഹോളുകൾ എന്ന തമോഗർത്ത സങ്കൽപം പണ്ടേയുള്ളതാണ്. എന്നാൽ ഒരിക്കലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ സങ്കൽപം സംബന്ധിച്ച് പുതിയൊരു സിദ്ധാന്തം. ഇത്തരം ചെറുതമോഗർത്തങ്ങൾ ഭൂമിയിൽതന്നെയുണ്ടാകാമെന്നാണ് പഠനം പറയുന്നത്. ഗ്രഹങ്ങളെപ്പോലും തുളച്ചുകടക്കാൻ ശേഷിയുള്ളവയാണ് ഈ ചെറുതമോഗർത്തങ്ങൾ. ഇവ ഭൂമിയിൽ പല വസ്തുക്കളിലൂടെയും നമ്മുടെ ശരീരത്തിലൂടെയുമൊക്കെ കയറിയിറങ്ങിപ്പോകുന്നെന്നു പുതിയ പഠനം പറയുന്നു.
പ്രപഞ്ചത്തിന്റെ വ്യാപനത്തിനു കാരണമായ ബിഗ് ബാങ് സ്‌ഫോടനത്തിനു തൊട്ടുപിന്നാലെയാണ് ഈ ചെറുതമോഗർത്തങ്ങളുണ്ടായതെന്ന് ഗവേഷകർ പറയുന്നു. ഇവ തമോദ്രവ്യത്തിൽ ഉൾപ്പെടുന്നതാണ്. പ്രപഞ്ചത്തിലെ 85 ശതമാനം ദ്രവ്യവും തമോദ്രവ്യമാണ്.
വളരെയേറെ ചെറിയ വസ്തുക്കളായതിനാൽ ഇവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇവയെ പ്രത്യേക മേഖലകളിൽ തേടേണ്ടതില്ലെന്നും ഇവ എല്ലായിടത്തുമുണ്ടെന്നും പുതിയ ഗവേഷണം നടത്തിയവർ പറയുന്നു. ഇവ ഏതെങ്കിലും ഭൗമവസ്തുക്കളിൽകൂടി കടന്നുപോയാൽ സൂക്ഷ്മരൂപത്തിലുള്ള മാറ്റങ്ങൾ അവശേഷിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.
ചിലനക്ഷത്രങ്ങളുടെ പരിണാമത്തിന്‌റെ അന്ത്യദശയ്ക്കു ശേഷമാണ് അവ ബ്ലാക്ക്‌ഹോളുകളായി മാറുന്നത്. താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ വലിയ പിണ്ഡമുള്ള തമോഗർത്തങ്ങളുണ്ട്. എന്നാൽ ഇതുപോലത്തെ തമോഗർത്തങ്ങളല്ല ചെറുതമോഗർത്തങ്ങൾ. ഇവയുടെ ഉദ്ഭവവും സവിശേഷതകളുമൊക്കെ വേറെയാണ്.