അഞ്ചരലക്ഷത്തിലധികം കിലോമീറ്റർ വാലുള്ള ഗ്രഹം! പുതിയ പുറംഗ്രഹത്തെ കണ്ടെത്തി നാസ
Mail This Article
563000 കിലോമീറ്റർ നീളമുള്ള വാലോടുകൂടിയ ഒരു ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. വാസ്പ്-69 എന്ന പുറംഗ്രഹമാണ് ഇത്. വാതകങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണ് ഇത്. ഈ ഗ്രഹം ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിൽ നിന്ന് അതീവ അളവിൽ താപ വികിരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ വികിരണങ്ങൾ മൂലം അന്തരീക്ഷത്തിൽ നിന്നു വാതകങ്ങൾ ഈ ഗ്രഹത്തിനു നഷ്ടപ്പെടുന്നതാണ് ഇത്രയും നീളമുള്ള വാലിനു കാരണമാകുന്നത്. ഒരു സെക്കൻഡിൽ 2 ലക്ഷം ടണ്ണോളം അന്തരീക്ഷമാണ് ഗ്രഹത്തിന്റേതായി നഷ്ടപ്പെടുന്നതെന്നാണു കണക്കാക്കപ്പെടുന്നത്.
അടുത്തകാലത്തായി സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ പഠനങ്ങൾ നടന്നു വരുന്നുണ്ട്. ഇത്തരം ഗ്രഹങ്ങൾ പുറംഗ്രഹങ്ങൾ അഥവാ എക്‌സോപ്ലാനറ്റുകൾ എന്നറിയപ്പെടുന്നു. സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്‌സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്‌സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ അയ്യായിരത്തിലധികം എക്‌സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്‌സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്‌സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്‌സോപ്ലാനറ്റിന്റെ പേര് എപ്‌സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.
ഇടക്കാലത്ത് ശാസ്ത്രജ്ഞർ പ്രത്യേകതരം ചില പുറംഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. ഈ ഗ്രഹങ്ങളുടെ പകുതി ഭാഗം പാറയും പകുതി ഭാഗം വെള്ളവുമായിരുന്നു. ചുവന്ന കുള്ളൻ നക്ഷത്രത്തെ വലംവയ്ക്കുന്ന രീതിയിലാണ് ഈ ഗ്രഹമുള്ളത്. സൂര്യന്റെ അഞ്ചിലൊന്നുമാത്രം പിണ്ഡവും ചെറിയ ആകൃതിയും തണുപ്പുനിറഞ്ഞ പരിതസ്ഥിതിയുമുള്ളവയാണ് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ 70 ശതമാനവും ഇത്തരം നക്ഷത്രങ്ങളാണെന്നു ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു. പല ചുവന്ന കുള്ളൻ നക്ഷത്രങ്ങൾക്കു ചുറ്റും ഇത്തരം ഗ്രഹങ്ങളുണ്ടത്രേ. ചുരുക്കത്തിൽ പറഞ്ഞാൽ വെള്ളം നിറഞ്ഞ ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ സർവസാധാരണയായുണ്ടെന്നാണ് അന്ന് ശാസ്ത്രജ്ഞർ പറഞ്ഞത്.