ലോകത്തെ ഏറ്റവും പഴക്കമുള്ള ലൈബ്രറി നിലനിന്നത് സിറിയയിൽ! ഉള്ളിൽ അമൂല്യരഹസ്യങ്ങൾ
Mail This Article
ഇന്ത്യയുമായി ചരിത്രപരമായി ബന്ധമുള്ള രാജ്യമാണ് സിറിയ. ഈ ബന്ധത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്.സിൽക്ക് റോഡ് അഥവാ പട്ടുപാത ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ കണ്ടെത്തിയ, അശോക ചക്രവർത്തിയുടെ അരാമിയ ഭാഷയിലുള്ള ലിഖിതത്തിൽ ഇന്ത്യയും മെഡിറ്ററേനിയൻ മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്ന വ്യാപാരവഴിയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. സിറിയയിലെ ‘മരുഭൂമിയിലെ മുത്ത്’ എന്നറിയപ്പെടുന്ന പാൽമിറ നഗരത്തിലൂടെയായിരുന്നു ഈ വഴി കടന്നുപോയിരുന്നത്.
സാഹിത്യത്തിലും കലകളിലും ആദിമ നിർമാണ സാങ്കേതികതയിലുമൊക്കെ പ്രാചീന സിറിയക്കാർ മികവു പുലർത്തിയിരുന്നു. ലോകത്തിൽ തന്നെ കണ്ടെത്തപ്പെട്ടവയിൽ ഏറ്റവും പഴക്കമുള്ള ലൈബ്രറിയെന്നറിയപ്പെടുന്ന എബ്ലയിലെ ലൈബ്രറി സിറിയയിലായിരുന്നു. കളിമൺഫലകങ്ങളായിരുന്നു ഇവയിൽ. പ്രാചീനകാല സിറിയയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ഈ ലൈബ്രറിയിൽ നിന്നു ലഭിച്ചു.
കാർഷികവിദ്യയിലും സിറിയയിലുള്ളവർ മികവ് പുലർത്തിയിരുന്നു. ഇതിനുള്ള മികച്ച ഉദാഹരണമാണ് കുംഗ. വിഭിന്ന ജീവി കുടുംബങ്ങളോ, ജനുസ്സുകളോ, സ്പീഷീസുകളോ തമ്മിലുള്ള സങ്കലനം വഴി ജനിക്കുന്ന ജീവികളാണ് സങ്കരജീവികൾ. സിംഹവും കടുവയും തമ്മിലുള്ള ക്രോസായ ലൈഗർ, കഴുതയും കുതിരയും തമ്മിലുള്ള ക്രോസായ കോവർ കഴുത എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ഇത്തരം ഹൈബ്രിഡുകളിൽ ഏറ്റവും പഴക്കമേറിയവയാണു കുംഗകൾ. 500 വർഷം പഴക്കമുള്ള കുംഗ ശേഷിപ്പുകൾ സിറിയയിൽ നിന്ന് ഇടയ്ക്ക് കണ്ടെത്തിയിരുന്നു. നാട്ടുകഴുതകളുടെയും കാട്ടുകഴുതകളുടെയും സങ്കരമായിരുന്ന ഇവയെ കുതിരകൾക്കു പകരം രഥത്തിൽ പൂട്ടിയിരുന്നു. അത്ര ശക്തരായ മൃഗങ്ങളായിരുന്നു കുംഗ. സിറിയയിലെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉം എൽമാറ എന്ന സ്ഥലത്തു നിന്നാണു ഇവയുടെ അസ്ഥികൂടങ്ങളടങ്ങിയ അവശേഷിപ്പുകൾ കണ്ടെത്തിയത്.
കഴുതകളെക്കാൾ ശക്തിയും വേഗവും കൂടിയ കുംഗകൾ രഥങ്ങളും വണ്ടികളും നന്നായി വലിച്ചിരുന്നു. യുദ്ധത്തിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. കഴുതയെ വാങ്ങുന്നതിന്റെ ആറിരട്ടി പണം വേണമായിരുന്നു ഒരു കുംഗയെ വാങ്ങുവാൻ. രാജാക്കൻമാരുടെയും പ്രഭുക്കൻമാരുടെയും രഥങ്ങളിലായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.