യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന അഗ്നിപര്‍വത കൊടുമുടി ഏല്‍ബ്രസ് കീഴടക്കി പ്രവാസി മലയാളി
Mail This Article
യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എല്‍ബ്രസ് കീഴടക്കി യുഎഇ പ്രവാസിയായ അബ്ദുള്‍ നിയാസ്. തെക്കന്‍ റഷ്യയിലെ കോക്കസസ് പര്‍വതനിരകളിലാണ് സമുദ്ര നിരപ്പില്‍നിന്ന് 5642 മീറ്റര്‍ ഉയരമുള്ള, അഗ്നിപര്‍വത കൊടുമുടിയെന്ന് അറിയപ്പെടുന്ന ഏല്‍ബ്രസ് പര്‍വതം സ്ഥിതി ചെയ്യുന്നത്.
ഏല്‍ബ്രസ് പർവ്വതത്തിലെ രണ്ട് കൊടുമുടികളില്‍ 5,642 മീറ്റർ (18,510 അടി) ഉയരമുളള പടിഞ്ഞാറന്‍ കൊടുമുടിയിലേക്കുളള അബ്ദുള്‍ നിയാസിന്‍റെയും സംഘത്തിന്‍റയും യാത്ര ആംരംഭിച്ചത് ഓഗസ്റ്റ് നാലിനായിരുന്നു.
തുടര്‍ച്ചയായി മഞ്ഞ് വീഴ്ചയുണ്ടാകുന്നതിനാല്‍ ഐസ് പൊട്ടിക്കുന്നതിനുള്ള ഐസ് ആക്സ്, കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്നതിന് അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് പർവ്വതാരോഹകർ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള റോപ് എന്നീ ഉപകരണങ്ങളുമായിട്ടായിരുന്നു യാത്ര.
ഓഗസ്റ്റ് ഒന്‍പതിന് പുലർച്ചെ രണ്ടിന് ആരംഭിച്ച അവസാന ദിവസത്തെ മലകയറ്റം തീർത്തും പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് ഉച്ചക്ക് 12.30 ഓടെ കൊടുമുടിയിലെത്തി ഇന്ത്യൻ ദേശീയപതാക ഉയർത്തി. 8 അംഗ സംഘത്തിലെ 2 പേർക്ക് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകളുണ്ടായതിനാല്‍ പിന്മാറേണ്ടി വന്നിരുന്നു. 3 റഷ്യക്കാരും 2 ഇന്ത്യക്കാരും ഒരു ബ്രിട്ടിഷ് പൗരയുമാണ് അവസാന 6 അംഗ സംഘത്തിൽ ഉണ്ടായിരുന്നത്.
∙ തുടക്കം കോവിഡ് കാലത്ത്
കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോമില്‍ നിന്ന് മോചനമെന്ന രീതിയിലാണ് ഹൈക്കിങ് തുടങ്ങിയത്. യുഎഇയിലെ നാല് ഹൈക്കിങ് ഗ്രൂപ്പുകളില്‍ അംഗമാണ്. ജബല്‍ ജെയ്സിലുളള സ്റ്റേർ വേ ടു ഹെവന്‍ ഉള്‍പ്പടെ യുഎഇയിലെ എല്ലാ മലകളും കയറിയിട്ടുണ്ട്.
ചൂടുകാലത്ത് അനുവദനീയമായ മലകളില്‍ ഉള്‍പ്പടെ ആഴ്ചയിലൊരിക്കല്‍ ഹൈക്കിങ് ചെയ്യും. ഈ വർഷം ഏപ്രിലില്‍ സമുദ്ര നിരപ്പിൽ നിന്ന് 5364 മീറ്റർ (17,598 അടി) ഉയരമുള്ള നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാംപും കീഴടക്കിയിരുന്നു.
∙ പ്രവാസിയാക്കിയത് കുടുംബ പ്രാരാബ്ദം
മിക്ക പ്രവാസികളെയും പോലെ കുടുംബ പ്രാരാബ്ദങ്ങളാണ് അബ്ദുള്‍ നിയാസിനെയും പ്രവാസിയാക്കിയത്. കെഎസ്ആർടിസി ജീവനക്കാരനായിരുന്നു പിതാവ്. കൊല്ലം ജില്ലയിലെ മലയോര മേഖലയായ പത്തനാപരം പുന്നല സ്വദേശിയാണ് അഭിഭാഷകന്‍ കൂടിയായ നിയാസ്. പ്രവാസിയാകുന്നതിന് മുന്‍പ്, മൂന്ന് വർഷം കൊട്ടാരക്കര കൊല്ലം കോടതികളില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തു.
കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടായിരുന്നു പ്രവാസിയായത്. ജോലിയിലുളള സ്വാതന്ത്ര്യമാണ് സെയില്‍സ് പ്രൊഫഷനാക്കാന്‍ പ്രേരിപ്പിച്ചത്. യാത്രകള്‍ ചെയ്യാമെന്നതും ആകർഷിച്ചു.
നിലവില്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയാണ്. ജോലിയുടെ ഭാഗമായി യാത്രകള്‍ ചെയ്യാറുണ്ട്. കാണാന്‍ ആഗ്രഹമുളള രാജ്യങ്ങളിലേക്കാണെങ്കില്‍ ഒന്നോ രണ്ടോ ദിവസം അധികമായെടുത്ത് അവിടത്തെ കാഴ്ചകള്‍ കാണും. ചെക്കോസ്ലാവാക്യ, ടാന്‍സാനിയ, ഘാന, ഈജിപ്ത് തുടങ്ങി 25 ലധികം രാജ്യങ്ങള്‍ സന്ദർശിച്ചു. ഫ്രാന്‍സ്, സ്വിറ്റ്സർലൻഡ്, ജോർജിയ,അർമേനിയ, അസർബൈജാൻ, ചെക്കോസ്ലോവേക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടുംബവുമൊത്താണ് യാത്ര നടത്തിയത്.
∙ ഇഷ്ട രാജ്യം ജോർജിയ
യാത്ര ചെയ്ത രാജ്യങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ജോർജിയ ആണ്. സുരക്ഷിത രാജ്യമാണ്. ഭാഷ പ്രശ്നമാണെങ്കില്‍ കൂടി ജനങ്ങളുടെ പെരുമാറ്റം സുന്ദരമെന്നതുമാത്രമെ പറയാനുളളൂ. അവിടത്തെ ഭക്ഷണവും ഇഷ്ടമാണ്.
∙ ഇനി ലക്ഷ്യം കിളിമഞ്ചാരോ
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കുകയാണ് അടുത്ത ലക്ഷ്യം. 7 ഭൂഖണ്ഡത്തിലെയും ഉയരം കൂടിയ കൊടുമുടി കീഴടക്കണമെന്നതാണ് വലിയ ആഗ്രഹം. അതിനായുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അബ്ദുള്‍ നിയാസ്.