ADVERTISEMENT

കൊടകര ∙ റഷ്യൻ പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കൾ സഹായമഭ്യർഥിക്കുന്ന വിഡിയോ പ്രചരിക്കുന്നു. ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലേക്ക് പോയവരുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട തൃശൂർ തൃക്കൂർ സ്വദേശി സന്ദീപിനൊപ്പം പോയവരാണ് ഇവർ. 

കൊടകര കനകമല സ്വദേശി സന്തോഷ് ഷൺമുഖൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മീയണ്ണൂർ സ്വദേശി സിബി തോമസ് എന്നിവരാണ് സംഘത്തിലുളളത്. നാട്ടിലേക്കു തിരിച്ചെത്താൻ സഹായമഭ്യർഥിക്കുകയാണ് യുവാക്കൾ. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 1200 കിലോ മീറ്ററിലധികം ദൂരമുള്ള ബഹ്മത് എന്ന സ്ഥലത്തെ പട്ടാള ക്യാംപിലാണുള്ളത്. യുദ്ധമുഖത്ത് തത്കാലം സുരക്ഷിതരാണെങ്കിലും എന്തും സംഭവിക്കാമെന്ന ആശങ്കയിലാണിവർ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇവർ റഷ്യയിലെത്തിയത്. സൈന്യത്തിൽ ചേർന്നതോടെ വിവിധ സ്ഥലങ്ങളിലെ ക്യാംപിലേക്ക് മാറേണ്ടിവന്നു. റഷ്യയിൽ കുടുങ്ങിയ ഉറ്റവരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പലരുടെയും ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്.

സന്ദീപ്
സന്ദീപ്

റഷ്യയിലെ തൊഴിൽ തട്ടിപ്പ്: വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
തൃശൂർ ∙ റഷ്യയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ - യുക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. തൃശൂർ തൃക്കൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതികശരീരം നാട്ടിൽ എത്തിക്കാൻ ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള സന്തോഷ് കാട്ടുകാലയ്ക്കൽ ഷൺമുഖൻ, സിബി സുസമ്മ ബാബു, റെനിൻ പുന്നക്കൽ തോമസ് എന്നിവർ ലുഹാൻസ്‌കിലെ സൈനിക ക്യാംപിൽ കുടുങ്ങിക്കിടക്കുന്നതായും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരെന്നും അറിയുന്നു.

ഇവരെ രക്ഷിക്കുന്നതിനും അടിയന്തര ഇടപെടലുകൾ വേണം. നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് ഇവർ റഷ്യയിൽ എത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയിൽ വിന്യസിക്കുകയായിരുന്നു എന്നുമാണ് അറിയുന്നത്. അനധികൃത റിക്രൂട്മെന്റ് ഏജൻസികളും വ്യക്തികളും വഴി ഇത്തരത്തിൽ എത്ര പേർ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നെന്നു കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

English Summary:

More Malayalis in Russian Army; A video of Malayali youths who have joined the Russian army asking for help is is going viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com