ഹ്വാൾഡിമിർ ‘ചാര തിമിംഗലം’ വിടവാങ്ങി; അവസാനിക്കാത്ത നിഗൂഢതകൾക്ക് ഉത്തരം തേടി ലോക രാഷ്ട്രങ്ങൾ
Mail This Article
ഓസ്ലോ∙ ഹ്വാൾഡിമിർ എന്ന ബെലൂഗ തിമിംഗലത്തെ നോർവേയിൽ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 2019ൽ ലോക ശ്രദ്ധ നേടിയ ഈ തിമിംഗലത്തിന് 14 അടി നീളവും 2,700 പൗണ്ട് ഭാരവുമുണ്ടായിരുന്നു. ക്യാമറ ഘടിപ്പിക്കുന്നതിന് എന്ന് തോന്നിപ്പിക്കുന്ന ഹാർനെസ് സഹിതമാണ് തിമിംഗലത്തെ കണ്ടെത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇത് കാരണം ഹ്വാൾഡിമിർ ചാര തിമിംഗലം എന്ന് വിളിപ്പേര് ഈ തിമിംഗലത്തിന് സൈബർ ലോകം ചാർത്തി നൽകി.
സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ നിന്നുള്ള ചാര പ്രവർത്തനങ്ങളുടെ ഭാഗമായി റഷ്യയാണ് ഹാർനെസ് ഘടിപ്പിച്ചതെന്ന് വ്യാപകമായ ഊഹാപോഹങ്ങൾ തിമിംഗലത്തെ ചുറ്റിപറ്റി പ്രചരിച്ചിരുന്നു. റഷ്യ ഉടമസ്ഥതയിൽ ഔദ്യോഗിക അവകാശവാദം ഉന്നയിക്കാത്തതിനാൽ നിഗൂഢത കൂടുതൽ ആഴത്തിലായി.
തിമിംഗലത്തിന്‍റെ നോർവീജിയൻ പദമായ 'ഹ്വൽ', റഷ്യൻ നാമം വ്ലാഡിമിർ എന്നിവയുടെ സമ്മിശ്രമായ പേരുള്ള ബെലൂഗ അതിവേഗം ആഗോള ശ്രദ്ധപിടിച്ചുപിറ്റി. വിദൂരവും തണുത്തുറഞ്ഞതുമായ ആർട്ടിക് ജലാശയങ്ങളിൽ സാധാരണയായി വസിക്കുന്ന മറ്റ് ബെലുഗകളിൽ നിന്ന് വ്യത്യസ്തമായി, ഹ്വാൾഡിമിർ മനുഷ്യർക്ക് ചുറ്റും സുഖമായി ജീവിച്ചു.
‘ഇത് ഹൃദയഭേദകമാണ്. നോർവേയിലെ ആയിരക്കണക്കിന് ആളുകളുടെ ഹൃദയം ഹ്വാൾഡിമിർ കീഴടക്കിയിരുന്നു’ – ഹ്വാൾഡിമിറിനെ സംരക്ഷിക്കാൻ പ്രവർത്തിച്ച ലാഭേച്ഛയില്ലാത്ത മറൈൻ മൈൻഡ് സ്ഥാപകൻ സെബാസ്റ്റ്യൻ സ്ട്രാൻഡ് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹ്വാൾഡിമിർ ചാര തിമിംഗലം തന്നെയാണോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഇപ്പോഴും ഇതിന് ഉത്തരം തേടുകയാണ് ലോക രാഷ്ട്രങ്ങൾ.