ADVERTISEMENT

റിയാദ് ∙ ഒരു മാസത്തിനിടെ സൗദിയിൽ രണ്ടു മലയാളികൾക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. ജൂലൈ 31നാണ് ആദ്യ വധശിക്ഷ നടന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി നൈസാം സാദിഖ് എന്ന നിസാമുദ്ദീനെയാണ് ദമാമിൽ വധശിക്ഷക്ക് ജൂലൈയിൽ വിധേയനാക്കിയത്. കഴിഞ്ഞ ദിവസം റിയാദിൽ പാലക്കാട് സ്വദേശിക്കും വധശിക്ഷ നടപ്പാക്കി.

സൗദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ കഴിഞ്ഞ ദിവസം റിയാദിൽ പാലക്കാട് ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന് (63) വധശിക്ഷ നടപ്പാക്കിയത്. സ്പോൺസറായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. സ്പോൺസറുടെ കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് സൗദി പൗരനെ ഹൗസ് ഡ്രൈവറായ അബ്ദുൽ ഖാദർ അബ്ദുറഹ്മാൻ കൊലപ്പെടുത്തിയത്.

വാഹനമിടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന് വധശിക്ഷ. ചിത്രം: ഒകാസ്
സൗദിയിൽ ഒരു മാസത്തിനിടെ വധശിക്ഷ നടപ്പാക്കിയത് 2 മലയാളികൾക്ക്. ചിത്രം: ഒകാസ്

ഭാര്യയും മക്കളും വീട്ടിൽ തിരിച്ചെത്തിയപ്പോൾ സൗദി പൗരനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇദ്ദേഹത്തെ മക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന് ഡ്രൈവറോട് വിവരമന്വേഷിച്ചെങ്കിലും അറിയില്ലെന്ന് മറുപടി പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തർക്കത്തെ തുടർന്ന് സ്പോൺസറെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും തലയ്ക്ക് അടിയേറ്റ സൗദി പൗരൻ തൽക്ഷണം മരിച്ചതായും ഡ്രൈവർ കുറ്റസമ്മതം നടത്തി.

കുറ്റകൃത്യം മറച്ചുവെക്കാൻ മൃതദേഹം വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളി ടാങ്കിന്റെ മൂടി അടക്കുകയും തുടർന്ന് സ്പോൺസറുടെ കാർ വീട്ടിൽ നിന്ന് ദൂരെ കൊണ്ടുപോയി പാർക്ക് ചെയ്ത് മൊബൈൽ ഫോണും മറ്റു വസ്തുക്കളും കാറിൽ ഉപേക്ഷിച്ച് അത്താഴം കഴിക്കാൻ താൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും ചോദ്യം ചെയ്യലിൽ ഡ്രൈവർ വെളിപ്പെടുത്തി. എട്ടു വർഷമായി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു പാലക്കാട് സ്വദേശി. പത്തുവർഷത്തോളമായി ഇദ്ദേഹം നാട്ടിലേക്ക് പോയിരുന്നില്ല.

സമീർ
സമീർ

ചെറിയ പെരുന്നാൾ ദിവസമായ 2016 ജൂലൈ ആറിനാണ് കോഴിക്കോട് സ്വദേശി സമീറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ വര്‍ക്ക്ഷോപ്പ് മേഖലയിലെ മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം കൊല്ലപ്പെട്ട നിലയിലാണ് കൊടുവള്ളി വേലാട്ടു കുഴിയില്‍ അഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ മകനായ സമീറിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതപ്പില്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു. മൂന്നു ദിവസം മുൻപ് കാണാതായ സമീറിന് വേണ്ടി പൊലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മുറിപ്പാടുകളും സാഹചര്യ തെളിവുകളും പരിശോധിച്ച പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി.

അല്‍ കോബാറില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദീന്‍), കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ ഹമീദ് എന്നീ മലയാളികളും, സൗദി പൗരന്മാരായ ജഅ്ഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹ്മദ് അല്‍സമാഈല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി എന്നിവരെയുമാണ് പൊലീസ് പിടികൂടിയത്.

സമീറില്‍ നിന്നും പണം കവരുന്നതിനായി സൗദി യുവാക്കള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പണം കണ്ടെത്താതതിനെ തുടര്‍ന്ന് മൂന്ന് ദിവസം ബന്ദിയാക്കി കടുത്ത മര്‍ദ്ദനം നടത്തുകയും ചെയ്തു. ഇതിനിടെ സമീറിന്റെ മരണം സംഭവിച്ചു. മരിച്ചില്ലെന്ന് കരുതിയാണ് ഇവർ സമീറിനെ വഴിയരികിൽ ഉപേക്ഷിച്ച് കൊല്ലപ്പെടുന്നതിന് രണ്ടു വർഷം മുൻപാണ് സമീർ സൗദിയിലെത്തിയത്. മൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന സമീറിനെ ജോലിക്ക് വരാത്തതിനെ തുടർന്ന് സ്പോൺസർ ഹുറൂബാക്കിയിരുന്നു. 

English Summary:

Two Malayalis were Executed in Saudi Arabia within a Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com